എസ്.പി നേതാക്കളുടെ വീടുകളിൽ ആദായ നികുതി പരിശോധന; ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് തന്ത്രമെന്ന് നേതാക്കൾ
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് അങ്കം മുറുകവേ സമാജ്വാദി പാർട്ടി നേതാക്കളുടെ വീടുകളിൽ ആദായനികുതി വകുപ്പിന്‍റെ പരിശോധന. എസ്.പി വക്താവ് രാജീവ് റായ്, അഖിലേഷ് യാദവിന്‍റെ പേഴ്സണൽ സെക്രട്ടറി ജൈനേന്ദ്ര യാദവ്, പാർട്ടി നേതാവ് മനോജ് യാദവ് എന്നിവരുടെ വീടുകളിലും ഓഫിസുകളിലുമാണ് പരിശോധന.
അഖിലേഷ് യാദവിനോട് ഏറ്റവും അടുപ്പമുള്ള നേതാവാണ് രാജീവ് റായ്. വാരാണസിയിൽനിന്നുള്ള ആദായനികുതി വകുപ്പിൻറെ സംഘം കിഴക്കൻ യു.പിയിലെ മൗ ജില്ലയിലെ രാജീവ് റായ്യുടെ വീട്ടിലെത്തി പരിശോധന ആരംഭിക്കുകയായിരുന്നു. കർണാടകയിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയാണ് റായ്.
സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെ ലക്ഷ്യംവെച്ചാണ് ആദായ നികുതി വകുപ്പിന്‍റെ പരിശോധന. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നടപടിയെന്ന് എസ്.പി നേതാക്കൾ പ്രതികരിച്ചു.
'തെരഞ്ഞെടുപ്പ് അടുക്കുേമ്പാൾ ഇതെല്ലാം സംഭവിക്കുമെന്ന് വീണ്ടും ആവർത്തിക്കുന്നു. ഇപ്പോൾ ആദായ നികുതി വകുപ്പ് വന്നു, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വരും, ഇനി സി.ബി.ഐയും വരും. പക്ഷേ സൈക്കിൾ (സമാജ്വാദി പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം) നിൽക്കില്ല. അതിനെ നിർത്താൻ സാധിക്കില്ല. യു.പിയിൽനിന്ന് ബി.ജെ.പിയെ തുടച്ചുനീക്കും. സംസ്ഥാനത്തെ ജനങ്ങൾ മണ്ടൻമാരല്ല. എന്തുകൊണ്ട് ഒരു മാസംമുമ്പ് രാജീവ് റായ്യുടെ വസതികളിൽ പരിശോധന നടത്തിയില്ല. ഇപ്പോൾ എന്തുകൊണ്ട് നടത്തുന്നു? കാരണം തെരഞ്ഞെടുപ്പ് അടുത്തുവരുന്നു. ബി.ജെ.പിയും കോൺഗ്രസിന്‍റെ പാതയിലാണ്. നേരത്തേ കോൺഗ്രസ് ആരെയെങ്കിലും ഭയപ്പെടുത്താനായി ഇത്തരം തന്ത്രങ്ങൾ പ്രയോഗിച്ചു. അവരുടെ പാത ഇപ്പോൾ ബി.ജെ.പിയും പിന്തുടരുന്നു -അഖിലേഷ് യാദവ് പറഞ്ഞു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിനാണ് ഈ പരിശോധനകൾ. തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ നികുതി വകുപ്പും പങ്കെടുക്കുന്നതായി തോന്നുന്നു' -അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.
പരിശോധനക്കെതിരെ രാജീവ് റായ്യും രംഗത്തെത്തി. ക്രിമിനൽ പശ്ചാത്തലമോ കള്ളപ്പണ ഇടപാടോ തനിക്കില്ലെന്നും ജനങ്ങളെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും രാജീവ് റായ് പ്രതികരിച്ചു. ബി.ജെ.പി സർക്കാർ ജനങ്ങെള സഹായിക്കുന്നില്ല. അതാണ് പരിശോധനക്ക് കാരണം. അനാവശ്യമായി കേസുകളിൽ ഉൾപ്പെടുത്തി കുരുക്കിയിടാനാണ് ശ്രമമെന്നും രാജീവ് റായ് പറഞ്ഞു. 2014ൽ ഗോസി മണ്ഡലത്തിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ച വ്യക്തിയാണ് രാജീവ് റായ്.
അഖിലേഷ് യാദവിന്‍റെ അടുത്ത അനുയായിയായ മനോജ് യാദവിന്‍റെ വീട്ടിലും ഓഫിസിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നുണ്ട്. ആർ.സി.എൽ ഗ്രൂപ്പ് കമ്പനിയുടെ പ്രമോട്ടറാണ് മനോജ് യാദവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.