ഒഴുകിയെത്തിയത് ജനലക്ഷങ്ങൾ; കോയമ്പത്തൂരിനെ മനുഷ്യക്കടലാക്കി ഇൻഡ്യ സഖ്യത്തിന്റെ മഹാറാലി
text_fieldsകോയമ്പത്തൂർ: ആവേശം അലകടലായൊഴുകിയ കോയമ്പത്തൂരിന്റെ മണ്ണിൽ രാഹുൽ ഗാന്ധിയും എം.കെ. സ്റ്റാലിനും കൈകോർത്തപ്പോൾ ജനസാഗരം ഇളകിമറിഞ്ഞു. നഗരത്തെ മനഷ്യക്കടലാക്കി ഏഴര ലക്ഷത്തോളം പേർ അണിനിരന്ന മഹാറാലി ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി തമിഴ്നാട്ടിൽ ഇൻഡ്യ സഖ്യത്തിന്റെ ശക്‍തി പ്രകടനം കൂടിയായി. തെരഞ്ഞെടുപ്പിന്റെ അങ്കത്തട്ടിൽ രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ റാലികളിലൊന്നിനാണ് കോയമ്പത്തൂർ സാക്ഷിയായത്.
മോദി സർക്കാർ യഥാർഥത്തിൽ അദാനി സർക്കാറാണെന്ന് മഹാസമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ വിമാനത്താവളങ്ങളും ഹൈവേകളും ഇൻഫ്രാ പ്രൊജക്ടുകളുമൊക്കെ അദാനിക്ക് നൽകുകയാണ്. മോദി സർക്കാർ എന്നല്ല, അദാനി സർക്കാർ എന്നാണ് ഈ സർക്കാറിനെ വിളിക്കേണ്ടത്. മനുഷ്യരെ ഭിന്നിപ്പിച്ച്, വിദ്വേഷവും വെറുപ്പും പടർത്തുന്ന ബി.ജെ.പി-ആർ.എസ്.എസ് ടീമിനെ തറപറ്റിക്കാനുള്ള പോരാട്ടത്തിൽ ഇൻഡ്യ സഖ്യം വിജയിക്കുമെന്നു പറഞ്ഞ രാഹുൽ ഗാന്ധി തമിഴ്നാട്ടിലെ മുഴുവൻ സീറ്റും മുന്നണി തൂത്തുവാരുമെന്നും കൂട്ടിച്ചേർത്തു.
കോൺഗ്രസിന്റെ പ്രകടനപത്രികയാണ് ഈ തെരഞ്ഞെടുപ്പിലെ ഹീറോയെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിനും പറഞ്ഞു. കോയമ്പത്തൂർ, പൊള്ളാച്ചി, നീലഗിരി, തിരുപ്പൂർ, ഈറോഡ് എന്നീ മണ്ഡലങ്ങളിലെ ഡി.എം.കെ സ്ഥാനാർഥികളും ഇൻഡ്യ സഖ്യത്തിലെ മറ്റു പ്രമുഖ നേതാക്കളും റാലിയിൽ അണിനിരന്നു. തമിഴ്നാട്ടിൽ ഏപ്രിൽ 19നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.