ഐ.എസ് ഭീകരന്‍റെ താമസസ്ഥലത്തുനിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടിയതായി പൊലീസ്
text_fieldsബൽറാംപൂർ: ശനിയാഴ്ച പിടിയിലായ ഐ.എസ് ഭീകരൻ അബൂയുസൂഫിന്‍റെ ഉത്തർപ്രദേശിലെ ബൽറാംപൂരിലുള്ള താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തെന്ന് പൊലീസ്.
ജാക്കറ്റുകളിൽ ഒളിപ്പിച്ച നിലയിൽ ഏഴ് പൊതി, ലെതർ ബെൽറ്റിൽ ഒളിപ്പിച്ച മൂന്നുകിലോ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തതായി ഡൽഹി പൊലീസ് സ്പെഷ്യൽസെൽ ഡെപ്യൂട്ടി കമീഷണർ പ്രമോദ് കുശ്‌വാഹ പറഞ്ഞു.
ഒമ്പത് കിലോയോളം വരുന്ന സ്ഫോടക വസ്തുക്കൾ നാലു വ്യത്യസ്ഥ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ നിലയിലായിരുന്നു. ഇലക്ട്രിക് വയറുകളാൽ ചുറ്റിയ സ്ഫോടക വസ്തുക്കൾ നിറച്ച മൂന്ന് സിലിണ്ടർ രൂപത്തിലുള്ള ലോഹ പെട്ടികൾ, ലിഥിയം ബാറ്ററികൾ, ഐ.എസ് പതാക ആലേഖനം ചെയ്ത പെട്ടി തുടങ്ങിയവയും കണ്ടെടുത്തതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ഇയാൾ രാജ്യതലസ്ഥാനത്ത് ആക്രമണത്തിനു പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞിരുന്നു. വെള്ളി രാത്രി 11.30 ന് ഡൽഹിയിലെ ധൗല കുവാൻ മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഡൽഹി പൊലീസിന്‍റെ സ്പെഷൽ സെൽ അബു യൂസഫിനെ കീഴ്പ്പെടുത്തിയത്.
അത്യുഗ്ര സ്ഫോടനശേഷിയുള്ള, ഐ.ഇ.ഡി (ഇംപ്രോവൈസ്ഡ് എക്സ്പ്ലൊസീവ് ഡിവൈസ്) ഉൾപ്പെടെയുള്ള 15 കിലോയോളം സ്ഫോടക വസ്തുക്കൾ ഇയാളിൽനിന്ന് സംഭവസ്ഥലത്തു വെച്ച് പിടിച്ചെടുത്തിരുന്നു. ഒരു പിസ്റ്റലും പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത ഐ.ഇ.ഡി ബുദ്ധ ജയന്തി പാർക്കിലെ റിഗ് റോഡിൽ വെച്ച് നിർവീര്യമാക്കിയിരുന്നു.
ധൗല കോനിലും കരോളും ബാഗിലുമായി ഇയാളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സ്പെഷ്യൽ പൊലീസ് സെൽ തെരച്ചിൽ ആരംഭിച്ചത്. അബ്ദുൾ യൂസഫ് തനിച്ചാണ് നീക്കങ്ങൾ നടത്തിയിരുന്നത്. അന്വേഷണം തുടരുകയാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നും കുശ്‌വാഹ പറഞ്ഞു.
ഐ.എസ് ബന്ധമുള്ള കൂടുതൽ പേർ ഡൽഹിയിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് ഡൽഹി ബുദ്ധ ജയന്തി പാര്‍ക്കിന് സമീപം എന്‍.എസ്.ജിയുടെ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഐ.എസുമായി ബന്ധമുള്ളതെന്ന പേരില്‍ കഴിഞ്ഞ ദിവസം ബംഗളൂരുവിൽ ഡോക്ടർ അറസ്റ്റിലായിരുന്നു.
'മകൻ നല്ലവൻ; ഭീകരവാദത്തിലേക്ക് തിരിയുമെന്ന് കരുതിയില്ല '
ലഖ്നോ: വളരെ നല്ലവനായാണ് മകനെ നാട്ടുകാർ മനസ്സിലാക്കിയിരുന്നതെന്നും മകൻ ഭീകരവാദത്തിലേക്ക് തിരിയുമെന്ന് ഒരിക്കൽപോലും കരുതിയിരുന്നില്ലെന്നും ഐ.എസ് ഭീകരവാദിയെന്ന് ആരോപിക്കപ്പെടുന്ന മുഹമ്മദ് മുസതഖീം ഖാൻ എന്ന അബൂ യൂസുഫ് ഖാെൻറ പിതാവ് കഫീൽ അഹ്മദ്.
ഉത്തർപ്രദേശിലെ ബൽറാംപുർ ജില്ലയിലെ ബധിയാ ഭൈസാഹി സ്വദേശിയായ മുസ്തഖീം, വെള്ളിയാഴ്ച രാത്രി മധ്യ ഡൽഹിയിലാണ് അറസ്റ്റിലായത്. പൊലീസുമായി ചെറിയതോതിൽ വെടിവെപ്പുണ്ടായ ശേഷമാണ് ഇയാൾ പിടിയിലായതെന്നാണ് അധികൃതർ അറിയിച്ചത്.
മകൻ വളരെ മാന്യനും ആരുമായും അടിപിടി ഉണ്ടാക്കാത്തവനുമാണെന്ന് കഫീൽ അഹ്മദ് പറഞ്ഞു. വെള്ളിയാഴ്ച ഉത്തർപ്രദേശിലെ ഹമിർപുർ ജില്ലയിലെ റാത്തിലേക്ക് പോയതായിരുന്നു. പിന്നീട് വിവരമൊന്നും ലഭിച്ചില്ല. ശനിയാഴ്ചയാണ് മകൻ ഡൽഹിയിൽ അറസ്റ്റിലായത് അറിയുന്നത്.
മകൻ സ്ഫോടക വസ്തുക്കൾ ശേഖരിച്ച് അത് ശ്മശാനത്തിൽ കൊണ്ടുപോയി പരീക്ഷിച്ചിരുന്നതായി തനിക്കറിയില്ല. വൈകീട്ട് പൊലീസെത്തി സ്ഫോടക വസ്തു കണ്ടെത്തിയപ്പോഴാണ് ഇക്കാര്യമറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.എ.പി.എ പ്രകാരം അറസ്റ്റിലായ മുസ്തഖീം ഖാനെ എട്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.