സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കം; കോവിഡ് പോരാളികൾക്ക് ആദരം, ഒളിമ്പിക്സ് ജേതാക്കൾക്ക് അഭിനന്ദനം
text_fieldsന്യൂഡൽഹി: രാജ്യത്തിൻെറ 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കമായി. മഹാത്മാഗാന്ധിയുടെ സമാധിയിൽ പുഷ്പാർച്ചന നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിലെത്തി 7.30ഓടെ ദേശീയ പതാക ഉയർത്തി. തുടർന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ജവഹർലാൽ നെഹ്റു, സർദാർ വല്ലഭായ് പട്ടേൽ, ബി.ആർ. അംബേദ്കർ എന്നിവരുടെ പേരെടുത്ത് പറഞ്ഞ് സ്വാതന്ത്ര്യ പോരാളികളെ അനുസ്മരിച്ചാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. വിഭജനത്തിൻെറ വേദന ഇന്നും രാജ്യത്തെ വേട്ടയാടുന്നുവെന്നും എല്ലാ ആഗസ്റ്റ് 14ഉം വിഭജനത്തിൻെറ മുറിവുകൾ ഓർമ്മപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഒളിമ്പിക്സിൽ രാജ്യത്തിൻെറ യശ്ശസ്സുയർത്തിയ താരങ്ങളെ കൈയടിച്ച് അഭിനന്ദിച്ച പ്രധാനമന്ത്രി, വരും തലമുറക്ക് കൂടി പ്രചോദനമാണിതെന്ന് വ്യക്തമാക്കി.
കോവിഡിനെതിരായ യുദ്ധത്തിൽ നമ്മൾ ക്ഷമയോടെ പോരാടി. നിരവധി വെല്ലുവിളികൾ ഉണ്ടായിരുന്നു. പക്ഷേ, എല്ലാ മേഖലകളിലും അസാധാരണ വേഗത്തിൽ പ്രവർത്തിച്ചു. നമ്മുടെ ശാസ്ത്രജ്ഞർ, ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവരുടെയെല്ലാം കരുത്തിൻെറ ഫലമാണിത്. ഇന്ന് ഇന്ത്യക്ക് ഒരു രാജ്യത്തെയും വാക്സിന് വേണ്ടി ആശ്രയിക്കേണ്ട ആവശ്യമില്ല. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ യജ്ഞമാണ് ഇന്ത്യ നടത്തുന്നത്.
ചെറുകിട കർഷകർ രാജ്യത്തിന്റെ അഭിമാനമാണ്. വരും വർഷങ്ങളിൽ രാജ്യത്തെ ചെറുകിട കർഷകരുടെ കൂട്ടായ ശക്തി വർദ്ധിപ്പിക്കേണ്ടതുണ്ട്. അവർക്ക് പുതിയ സൗകര്യങ്ങൾ നൽകണം. രാജ്യത്തെ 80% ത്തിലധികം കർഷകരും 2 ഹെക്ടറിൽ താഴെ ഭൂമിയുള്ളവരാണ്. രാജ്യത്ത് മുമ്പ് നടപ്പാക്കിയ നയങ്ങളിൽ ഈ ചെറുകിട കർഷകരിലായിരുന്നില്ല ശ്രദ്ധ. ഇപ്പോൾ ഈ ചെറുകിട കർഷകരെ മനസ്സിൽ വെച്ചുകൊണ്ടുള്ള തീരുമാനങ്ങളാണ് എടുക്കുന്നത് -പ്രധാനമന്ത്രി പറഞ്ഞു.
നൂറ് ലക്ഷം കോടിയുടെ ഗതി ശക്തി പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യ വികസനങ്ങളിൽ ഊന്നൽ നൽകുന്നതാണ് പദ്ധതി. വരും ദിവസങ്ങളിൽ പി.എം. ഗതിശക്തി പദ്ധതി ആരംഭിക്കും. 100 ലക്ഷം േകാടിയുടെ പദ്ധതിയിലൂടെ സമഗ്ര അടിസ്ഥാന സൗകര്യ പദ്ധതി നടപ്പിലാക്കും. പ്രാദേശിക നിർമാതാക്കളെ ആഗോളതലത്തിൽ മത്സരിക്കാൻ പ്രാപ്തരാക്കുന്നതാകും പദ്ധതി. ഭാവിയിൽ സാമ്പത്തിക മേഖലകളുടെ സാധ്യതകൾ വർധിപ്പിക്കും. നമ്മുടെ സമ്പദ്വ്യവസ്ഥയിലേക്ക് ഒരു സംയോജിത പാത തുറക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.