സ്വതന്ത്രയായി തുടരും; ആവശ്യമെങ്കിൽ ബി.ജെ.പിക്ക് പിന്തുണ –സുമലത
text_fieldsബംഗളൂരു: താൻ ഒരു പാർട്ടിയിലും ചേരില്ലെന്നും എന്നാൽ, തനിക്ക് പിന്തുണ നൽകിയ ബി.ജെ.പി ക്ക് ആവശ്യമെങ്കിൽ പിന്തുണ നൽകുമെന്നും മാണ്ഡ്യയിൽനിന്ന് വിജയിച്ച സ്വതന്ത്ര സ്ഥാ നാർഥി സുമലത വ്യക്തമാക്കി. മുതിർന്ന ബി.ജെ.പി നേതാവ് എസ്.എം. കൃഷ്ണയെ ഞായറാഴ്ച ബംഗളൂരുവിൽ അദ്ദേഹത്തിെൻറ വസതിയിൽ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പക്കൊപ്പമായിരുന്നു സുമലതയുടെ സന്ദർശനം. അൽപനേരത്തെ കൂടിക്കാഴ്ചക്കുശേഷം പുറത്തിറങ്ങിയ സുമലത, തെരഞ്ഞെടുപ്പിൽ സഹായിച്ചവരോട് നന്ദി പറയേണ്ടത് തെൻറ കടമയാണെന്ന് പ്രതികരിച്ചു.
എസ്.എം. കൃഷ്ണ സുമലതക്കുവേണ്ടി മാണ്ഡ്യയിൽ പ്രചാരണത്തിനിറങ്ങിയിരുന്നു. മാണ്ഡ്യയിൽ സ്ഥാനാർഥിയെ നിർത്താതെ ബി.ജെ.പി സുമലതക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസ്ഥാനാർഥിയായ നിഖിൽ കുമാരസ്വാമിക്കെതിരെ ചില കോൺഗ്രസ് നേതാക്കളും കർണാടക രാജ്യ റൈത്ത സംഘ എന്ന കർഷക സംഘടന അടക്കമുള്ളവയും പ്രചാരണത്തിനിറങ്ങിയിരുന്നു.
എന്നാൽ, എസ്.എം. കൃഷ്ണ പ്രചാരണം നടത്തിയതുകൊണ്ടാണ് സുമലതക്ക് വൻ വിജയം നേടാനായതെന്നാണ് കൂടിക്കാഴ്ചക്കു ശേഷം ബി.എസ്. യെദിയൂരപ്പ പ്രതികരിച്ചത്. സുമലത ബി.ജെ.പിയിൽ വന്നാൽ സന്തോഷത്തോടെ സ്വീകരിക്കുമെന്നും യെദിയൂരപ്പ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.