പാർട്ടി നേതാക്കളും അന്വേഷകരുമായി ഉരസൽ; സ്വതന്ത്ര റിപ്പോർട്ട് ബി.ജെ.പിയിൽ പുകഞ്ഞുകത്തുന്നു
text_fieldsന്യൂഡൽഹി: കേരളത്തിലേറ്റ തിരിച്ചടി, ഫണ്ട് ദുർവിനിയോഗം, നേതാക്കളുടെ പോര് എന്നിവയെക്കുറിച്ച് പ്രമുഖരായ മൂന്ന് മുൻ ഉദ്യോഗസ്ഥർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയ റിപ്പോർട്ട് ബി.ജെ.പിയിൽ പുകഞ്ഞുകത്തുന്നു.
ഇത്തരമൊരു റിപ്പോർട്ട് നൽകാൻ പാർട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞൊഴിയാൻ ബി.ജെ.പി നേതാക്കൾ ശ്രമിച്ചത് കാര്യങ്ങൾ കൂടുതൽ വഷളാക്കി. 'അധികാരപ്പെട്ട അധികൃതർ'ക്ക് റിേപ്പാർട്ട് നൽകിയിട്ടുണ്ടെന്ന് കേന്ദ്രം ചുമതലപ്പെടുത്തിയവർ പരസ്യമാക്കി. പാർട്ടിക്ക് റിപ്പോർട്ട് കൊടുത്തില്ല, ചോദിച്ചവർക്ക് കൊടുത്തിട്ടുണ്ടെന്ന് സി.വി. ആനന്ദബോസ് തുറന്നടിച്ചു. ഇതോടെ പാർട്ടി നേതാക്കൾ വെട്ടിലായി.
സി.വി. ആനന്ദബോസിന് പുറമെ ജേക്കബ് തോമസ്, ഇ. ശ്രീധരൻ എന്നിവരാണ് സ്വതന്ത്രമായ അന്വേഷണം നടത്തി പ്രധാനമന്ത്രിക്ക് നേരിട്ട് റിപ്പോർട്ട് നൽകിയത്. നേതൃമാറ്റം അടക്കം ഇവർ മുന്നോട്ടുവെച്ച നിർദേശങ്ങൾ ഇതിനകം പുറത്തുവന്നിട്ടുമുണ്ട്. ജേക്കബ് തോമസും ഇതേക്കുറിച്ച് പരസ്യമായി പറഞ്ഞിട്ടുണ്ട്. ഇതോടെ പ്രതിസന്ധിയിലായ പാർട്ടിയുടെ മുഖം രക്ഷിക്കാനാണ് നിഷേധപ്രസ്താവനകൾ ഒന്നിനു പിറകെ ഒന്നായിവന്നത്.
സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ എന്നിവരുടെ നിഷേധത്തിനുപുറമെ, ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്ങിേൻറതായി പ്രത്യേക പ്രസ്താവനയും കഴിഞ്ഞ ദിവസം പുറത്തിറങ്ങി. റിപ്പോർട്ട് നൽകിയവർ ഇതിൽ ക്ഷുഭിതരാണ്. പാർട്ടിയിലെ സുരേന്ദ്രൻ, മുരളീധരൻ ചേരി ഒത്തുകളിച്ച് റിപ്പോർട്ട് നൽകിയവരെ ഏതോ ഗൂഢസംഘമെന്നപോലെ അവഹേളിക്കുന്നുവെന്ന് എതിർപക്ഷം ആരോപിക്കുകയും ചെയ്യുന്നു.
സ്വതന്ത്ര റിപ്പോർട്ട് നൽകിയ മൂന്നു പേരിൽ, ഡി.ജി.പി തസ്തിക വഹിച്ച മുൻ പൊലീസ് ഓഫിസറാണ് ജേക്കബ് തോമസ്. വിവിധ കേന്ദ്രമന്ത്രാലയങ്ങളിൽ ഉന്നത പദവികളിലിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥനാണ് സി.വി. ആനന്ദബോസ്. മെട്രോമാൻ എന്ന നിലയിൽ പേരെടുത്തയാളാണ് ഇ. ശ്രീധരൻ. ഇവരെയാണ് പാർട്ടി നേതാക്കൾ ഇപ്പോൾ തള്ളിപ്പറയുന്നത്.
പാർട്ടി നേതാക്കളെ മാറ്റിനിർത്തി സ്വതന്ത്ര റിപ്പോർട്ട് തേടിയ മോദി, അമിത്ഷാമാരാകട്ടെ മൗനംപാലിക്കുകയാണ്. ഡൽഹിയിൽ പലദിവസം കാത്തുനിന്നിട്ടും സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രന് കൂടിക്കാഴ്ചക്ക് സമയം കൊടുക്കാതെ ഇരുവരും മുഖംതിരിക്കുകയായിരുന്നു. വിവാദപുരുഷനായി മാറിയ സുരേന്ദ്രന് തൽക്കാലം കസേരക്ക് ഇളക്കമില്ലെങ്കിലും 'ശുദ്ധികലശ'ത്തിലേക്കാണ് സംസ്ഥാനഘടകം നീങ്ങുന്നത്.
ഇതിനിടയിലാണ്, എതിരാളികൾക്ക് ആയുധം കൊടുക്കാതെ പാർട്ടിയുടെ മുഖംരക്ഷിക്കാനുള്ള ശ്രമത്തിൽ ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് പ്രസ്താവന നൽകിയത്. പാർട്ടി റിപ്പോർട്ട് ആവശ്യപ്പെട്ടില്ല എന്ന സാങ്കേതികന്യായത്തിൽ തൂങ്ങിയാണ് പ്രസ്താവന. കേരളത്തിെൻറ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷോ പ്രഭാരി സി.പി. രാധാകൃഷ്ണനോ അല്ല, വളഞ്ഞവഴിയിലാണ് പ്രസ്താവന ഇറക്കിയതെന്നതും ശ്രദ്ധേയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.