ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ഗ്രാമം കേന്ദ്ര സർക്കാർ അടച്ചുപൂട്ടി
text_fieldsന്യൂഡൽഹി: ഡിജിറ്റൽ ഇന്ത്യയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന കേന്ദ്ര സർക്കാർ ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ഗ്രാമത്തിന് അന്ത്യം കുറിച്ചു. ന്യൂഡൽഹിയിൽനിന്നും 150 കിലോമീറ്റർ അകലെ രാജസ്ഥാനിലുള്ള അൽവാർ ഗ്രാമത്തിലെ ഡിജിറ്റൽ ഗ്രാമമെന്ന പദ്ധതിക്കാണ് സർക്കാർ തടയിട്ടത്. ഗ്രാമം സന്ദർശിച്ച ഫേസ്ബുക് സ്ഥാപകൻ മാർക് സുക്കർബർഗുമായി കൂടിക്കാഴ്ച നടത്തിയ കുട്ടികളുടെ ഡിജിറ്റലാവാനുള്ള ആഗ്രഹവും ഇതോടെ അവസാനിച്ചു.
2014 ഫെബ്രുവരിയിൽ അൽവാറിലെ ചന്ദോലിയിലാണ് മൈനോരിറ്റി സൈബർ ഗ്രാം എന്ന പദ്ധതിക്ക് കഴിഞ്ഞ യു.പി.എ സർക്കാർ തുടക്കമിട്ടത്. 70 ശതമാനവും മുസ്ലിം വിഭാഗങ്ങൾ ഉൾപ്പെടുന്ന ഗ്രാമവാസികൾക്ക് ഇൻറർനെറ്റിൽ പ്രയോഗിക ജ്ഞാനം നൽകുകയെന്നതായിരുന്നു ലക്ഷ്യം. ഒക്ടോബറിൽ മാർക് സക്കർബർഗ് ഗ്രാമം സന്ദർശിച്ചു. എന്നാൽ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ മോദി സർക്കാർ പദ്ധതി നിർത്തിവെക്കുകയായിരുന്നു.
ഡിജിറ്റൽ എംപവർമെൻറ് ഫൗണ്ടേഷൻ ഒാഫ് ഇന്ത്യ എന്ന സന്നദ്ധ സംഘടനക്കായിരുന്നു ഇൗ പദ്ധതിയുടെ ചുമതല. രാജീവ് ഗാന്ധി സേവ എന്ന കേന്ദ്രത്തിലായിരുന്നു പദ്ധതി നടന്നത്. 2014ൽ മോദി സർക്കാർ അധികാരത്തിൽ വന്നശേഷം അടൽ സേവ കേന്ദ്ര എന്ന് പുനർ നാമകരണം ചെയ്തു.
2015 ഫെബ്രുവരിയിൽ കെട്ടിടം ഒഴിയാൻ സർക്കാർ ആവശ്യപ്പെടുകയായിരുന്നു എന്ന് ഡിജിറ്റൽ എംപവർമെൻറ് ഫൗണ്ടേഷൻ റീജണൽ മാനേജർ യൂസുഫ് ഖാൻ പറഞ്ഞു. പിന്നീട് ഒരു വർഷം കൂടി വാടകക്ക് എടുത്ത കെട്ടിടത്തിൽ പദ്ധതി നടന്നെങ്കിലും ഫണ്ടില്ലാത്തതിനാൽ പദ്ധതി നിലക്കുകയായിരുന്നു. പഞ്ചായത്ത് അധികൃതർ അനധികൃതമായി ലീവെടുക്കുന്നത് ഗ്രാമത്തിലെ കുട്ടികൾ ജില്ലാ കളക്ടറെയും മുതിർന്ന ഉദ്യോഗസ്ഥരെയും അറിയിച്ചതാണ് സർക്കാറിനെ ചൊടിപ്പിച്ചതെന്ന് ഗ്രാമവാസികൾ വിശ്വസിക്കുന്നു.
ഡിജിറ്റൽ ഗ്രാമം പദ്ധതിയുടെ ഒഫീസ് അടച്ചുപൂട്ടിയെന്നും സക്കർ ബർഗിനെ കണ്ടശേഷം തങ്ങൾ കണ്ട സ്വപ്നങ്ങൾ ഇല്ലാതായെന്നും മാത്രം ഇപ്പോൾ സ്കൂൾ കുട്ടികൾ തിരിച്ചറിയുന്നു. ഒരുനാൾ തങ്ങളുടെ ഗ്രാമം സോഫ്റ്റ്വെയറുകളും വെബ്സൈറ്റുകളും നിർമിക്കുമെന്ന സ്വപ്നമാണ് ഇതോടെ തകർന്നതെന്ന് ഹസ്റത്ത് സഫ്വാൻ എന്ന വിദ്യാർഥി പറയുന്നു.
ഗൂഗിളിൽ തെരഞ്ഞ് വാർത്തകൾ വായിച്ചതും അത് വീട്ടുകാർക്ക് പറഞ്ഞ് കൊടുത്തിരുന്നതും ഒാർമിച്ച എട്ടാം ക്ലാസുകാരിയായ യസ്മീൻ സിദ്ദീഖി വിഷമത്തോടെയാണ് ഒാഫീസ് അടച്ചു പൂട്ടിയതിനെ കുറിച്ച് വിശദീകരിക്കുന്നത്. കുട്ടികൾ മാത്രമല്ല, 50 വയസുകാരിയായ ഭഗവതി ദേവിയും കമ്പ്യൂട്ടർ പഠിക്കാൻ കേന്ദ്രത്തിൽ പോകുന്നത് ഇഷ്ടപ്പെട്ടിരുന്നു. കേന്ദ്രം അടച്ചുപൂട്ടിയത് വളരെ നഷ്ടമാണെന്നാണ് അവർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.