ഇന്ത്യ ഒരു പൊലീസ് ഭരണകൂടമായിക്കഴിഞ്ഞു, മോദി രാജാവും -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ഇന്ത്യ ഒരു പൊലീസ് ഭരണകൂടമായിക്കഴിഞ്ഞെന്നും അവിടുത്തെ രാജാവാണ് മോദിയെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ചിൽ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സംസാരിക്കുകയായിരുന്നു രാഹുൽ. പാർലമെന്‍റിൽ ചർച്ചകൾക്ക് പോലും അവസരം നൽകുന്നില്ല. പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമ്പോൾ നേതാക്കളെ അറസ്റ്റ് ചെയ്യുകയാണ് -രാഹുൽ പറഞ്ഞു. കസ്റ്റഡിയിലെടുത്ത കോൺഗ്രസ് നേതാക്കളെ കിങ്സ് വേ പൊലീസ് ക്യാമ്പിലേക്ക് മാറ്റി.
കോൺഗ്രസ് മുഖപത്രമായ നാഷനൽ ഹെറാൾഡുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെടുന്ന കള്ളപ്പണ കേസിലാണ് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായത്. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ ഇ.ഡി ഓഫിസിലേക്ക് എത്തിയത്. വ്യാഴാഴ്ച സോണിയയെ ഇ.ഡി രണ്ടു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
ഇ.ഡി നടപടിയിൽ കോൺഗ്രസ് ഇന്ന് രാജ്യവ്യാപക സത്യഗ്രഹം പ്രതിഷേധം സംഘടിപ്പിച്ചു. രാഷ്ട്രപതി ഭവനിലേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എം.പിമാർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. മാർച്ചിനെ ബസുകൾ കുറുകെയിട്ട് തടഞ്ഞത് ഡൽഹി പൊലീസും എം.പിമാരും തമ്മിൽ ഉന്തുംതള്ളിനും വഴിവെച്ചു. തുടർന്നാണ് രാഹുൽ ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്ത് നീക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.