ഗസ്സ അതിക്രമം: അന്വേഷണ കമ്മീഷൻ രൂപവത്കരിക്കണമെന്ന ആവശ്യത്തിൽനിന്ന് ഇന്ത്യ വിട്ടുനിന്നു
text_fieldsന്യൂഡൽഹി: ഗസ്സയിലെ ഇസ്രായേൽ അതിക്രമത്തെ കുറിച്ച് അന്വേഷിക്കാൻ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷൻ രൂപവത്കരിക്കണമെന്ന ആവശ്യത്തോട് മുഖംതിരിച്ച് ഇന്ത്യ. ഈ ആവശ്യമുന്നയിച്ച് യു.എൻ മനുഷ്യാവകാശ സമിതിയിൽ (യു.എൻ.എച്ച്.ആർ.സി) അവതരിപ്പിച്ച പ്രമേയത്തിൽ വോട്ടുചെയ്യാതെ ഇന്ത്യ വിട്ടുനിന്നു. വ്യാഴാഴ്ച നടന്ന യോഗത്തിൽ കൗൺസിലിലെ 47 അംഗങ്ങളിൽ 24 പേർ അനുകൂലമായി വോട്ട് ചെയ്തു. ഇന്ത്യ ഉൾപ്പെടെ 14 അംഗങ്ങൾ വിട്ടുനിന്നു. ഒമ്പത് രാഷ്ട്രങ്ങൾ പ്രമേയത്തിനെതിരെ വോട്ട് രേഖപ്പെടുത്തി.
ചൈന, റഷ്യ, പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളാണ് അന്വേഷണ കമ്മീഷൻ രൂപവത്കരിക്കണമെന്ന പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. അതേസമയം, ജർമ്മനി, യുകെ, ഓസ്ട്രിയ തുടങ്ങിയവർ എതിർത്തു. ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, നേപ്പാൾ, നെതർലാൻഡ്സ്, പോളണ്ട്, ദക്ഷിണ കൊറിയ തുടങ്ങിയ രാഷ്ട്രങ്ങളുടെ പ്രതിനിധികൾ വോട്ടുചെയ്തില്ല.
ഫലസ്തീൻ വിഷയത്തിൽ പതിറ്റാണ്ടുകളായി ഇന്ത്യ തുടരുന്ന നിലപാടിൽ വെള്ളം ചേർക്കുന്നുെവന്ന സൂചന നൽകുന്നത് കൂടിയായിരുന്നു വ്യാഴാഴ്ച ഇന്ത്യൻ പ്രതിനിധിയുടെ പ്രസ്താവന. ഫലസ്തീന് നീതി ലഭ്യമാക്കണമെന്ന ഇന്ത്യയുടെ പ്രഖ്യാപിത നയം ഉപേക്ഷിച്ച് ഇരുരാഷ്ട്രങ്ങളും പ്രശ്നം രമ്യമായി ചർച്ച ചെയ്ത് പരിഹരിക്കണം എന്നാണ് യുഎൻഎച്ച്‌ആർസിയിൽ ഇന്ത്യ സ്വീകരിച്ച നിലപാട്. ഇത് ഇന്ത്യ ഇതുവരെ സ്വീകരിച്ചിരുന്ന ഫലസ്തീൻ അനുകൂല നിലപാടിൽനിന്ന് ഇസ്രായേൽ പക്ഷത്തേക്കുള്ള മാറ്റമായി വിലയിരുത്തപ്പെടുന്നു.
ഇരുരാഷ്ട്രങ്ങളും അർത്ഥവത്തായ ചർച്ചകളിലൂടെയും വിലപേശലുകളിലൂടെയും ഇസ്രായേലിലെയും ഫലസ്തീനിലെയും ജനങ്ങൾ ആഗ്രഹിക്കുന്ന തീരുമാനത്തിൽ എത്തണമെന്നും പ്രസ്താവനയിൽ ഇന്ത്യ വ്യക്തമാക്കി. വെടിനിർത്തൽ നടപ്പാക്കാൻ പ്രേരിപ്പിച്ച അന്താരാഷ്ട്ര സമൂഹത്തെയും അതിന് മുൻകൈയെടുത്തവരെയും ഇന്ത്യ അഭിനന്ദിച്ചു.
കിഴക്കൻ ജറുസലേമിലും സമീപ പ്രദേശങ്ങളിലും ഉൾപ്പെടെ സമാധാനാന്തരീക്ഷം തുടരാൻ ഇരുവിഭാഗവും സംയമനം പുലർത്തണമെന്നും സ്ഥിതി വഷളാക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നും ഇന്ത്യ അഭ്യർഥിച്ചു.
"ജറുസലേമിൽ, പ്രത്യേകിച്ച് ഹറം അൽ ഷെരീഫ്, ടെമ്പിൾ മൗണ്ട്, മറ്റ് പലസ്തീൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ തുടരുന്ന അക്രമങ്ങളെക്കുറിച്ചും കിഴക്കൻ ജറുസലേമിലെ ഷെയ്ഖ് ജർറാഹ്, സിൽവാൻ തുടങ്ങിയ പ്രദേശങ്ങളിലെ കുടിയൊഴിപ്പിക്കൽ പ്രക്രിയയെക്കുറിച്ചും ഞങ്ങൾ ആശങ്കാകുലരാണ്. ഇസ്രായേലിലെ സിവിലിയൻ ജനതയെ ലക്ഷ്യമിട്ട് ഗസ്സയിൽ നിന്നുള്ള റോക്കറ്റ് ആക്രമണവും അതിന്‍റെ തുടർച്ചയായി ഗസ്സയിൽ നടത്തിയ വ്യോമാക്രമണവും വളരെയധികം ദുരിതങ്ങൾക്ക് കാരണമായിട്ടുണ്ട്. അഷ്കലോണിൽ നഴ്സായ ഇന്ത്യക്കാരി ഉൾപ്പെടെ നിരവധി പേരുടെ മരണത്തിന് ഇത് കാരണമായി. ഈ ആക്രമണത്തെ ഞങ്ങൾ അപലപിച്ചിരുന്നു. അക്രമത്തിൽ സാധാരണക്കാർ കൊല്ലപ്പെട്ടത് ഖേദകരമാണ്. ഫലസ്തീൻ പൗരന്മാർക്ക്, പ്രത്യേകിച്ച് ഗസ്സയിൽ മാനുഷിക സഹായം എത്തിക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തിന്‍റെ അടിയന്തിര ശ്രദ്ധ ക്ഷണിക്കുന്നു. ഫലസ്തീൻ അതോറിറ്റിക്ക് നൽകുന്ന മാനുഷിക, വികസന സഹായവും കോവിഡ് പ്രതിരോധ സഹകരണവും ഇന്ത്യ തുടരും" -പ്രസ്താവനയിൽ പറഞ്ഞു.
മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ഫലപ്രദമായി പരിഹരിക്കാൻ കഴിയുന്ന ഒരേയൊരു മാർഗ്ഗം സംഭാഷണം മാത്രമാണെന്ന് ഇന്ത്യക്ക് ഉറച്ച ബോധ്യമുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. "സുരക്ഷിതവും അംഗീകൃതവുമായ അതിർത്തികൾക്കുള്ളിൽ സമാധാനത്തോടെ രണ്ട് രാഷ്ട്രങ്ങൾ സ്ഥാപിക്കുകയാണ് ഏക പരിഹാരം. സമീപകാല സംഭവവികാസങ്ങൾ ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള സംഭാഷണം ഉടനടി പുനരാരംഭിക്കേണ്ടതിന്‍റെ ആവശ്യകതയെ അടിവരയിടുന്നു" -ഇന്ത്യ അഭിപ്രായപ്പെട്ടു.
അന്വേഷണ കമ്മീഷൻ രൂപവത്കരിക്കാനുള്ള യു.എൻ.എച്ച്.ആർ.സി തീരുമാനത്തെ ഫലസ്തീൻ സ്വാഗതം ചെയ്തു. എന്നാൽ, യു.എൻ.എച്ച്.ആർ.സിയുടെ ഇസ്രായേൽ വിരുദ്ധതയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് നെതന്യാഹു ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.