ഇന്ത്യൻ ഡെപ്യൂട്ടി ഹൈകമീഷണർ കുൽഭൂഷൻ ജാദവുമായി കൂടിക്കാഴ്ച നടത്തി
text_fieldsന്യൂഡൽഹി: പാകിസ്താനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന ഇന്ത്യൻ നാവിക സേന കമാൻഡർ കുൽഭൂഷൻ ജാദവുമായി ഇന്ത്യൻ ഡെപ്യൂട്ടി ഹൈകമീഷണർ ഗൗരവ് അലുവാലിയ കൂടിക്കാഴ്ച നടത്തി. നയതന്ത്ര സഹായം നൽകാമെന്ന പാകിസ്താെൻറ വാഗ്ദാനം സ്വീകരിച്ചാണ് ഗൗരവ് അലുവാലിയ കുൽഭൂഷൻ ജാദവിനെ കണ്ടത്. അറസ്റ്റിലായ ശേഷം ആദ്യമായാണ് ഇന്ത്യൻ നയതന്ത്ര പ്രതിനിധിക്ക് കുൽഭൂഷൻ ജാദവിനെ സന്ദർശിക്കാൻ അനുമതി ലഭിച്ചത്.
വിയന്ന ഉടമ്പടിയിലെ നയതന്ത്രതല ബന്ധങ്ങൾ സംബന്ധിച്ച ചട്ടങ്ങളും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവുമനുസരിച്ചാണ് പാകിസ്താൻ നയതന്ത്ര സഹായം വാഗ്ദാനം ചെയ്തത്. വിദേശ രാജ്യങ്ങളിൽ അറസ്റ്റിലാവുന്ന പൗരൻമാർക്ക് സ്വന്തം രാജ്യത്തെ നയതന്ത്ര പ്രതിനിധികളുമായി ബന്ധപ്പെടാനും നിയമ സഹായം തേടാനും 1963 വിയന്ന ഉടമ്പടി അനുവാദം നൽകുന്നുണ്ടെങ്കിലും കുൽഭൂഷന് നയതന്ത്ര സഹായം നൽകാൻ പാകിസ്താൻ തയാറായിരുന്നില്ല.
ഇക്കാര്യം ചൂണ്ടിക്കാട്ടി 2017 മേയ് എട്ടിന് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിരുന്നു. ഇന്ത്യയുടെ വാദം അംഗീകരിച്ച കോടതി 2017 മേയ് 18ന് കുൽഭൂഷെൻറ വധശിക്ഷ തടഞ്ഞുവെക്കുകയും അദ്ദേഹത്തിന് നയതന്ത്ര സഹായം നൽകാൻ പാകിസ്താൻ തയാറാവണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ നയതന്ത്ര ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാൻ പാകിസ്താൻ അനുമതി നൽകിയെങ്കിലും പാക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വേണം കൂടിക്കാഴ്ചയെന്ന വ്യവസ്ഥ ഇന്ത്യ നിരാകരിക്കുകയായിരുന്നു.
2017 ഏപ്രിലിലാണ് ചാരവൃത്തിയും ഭീകരവാദവും ആരോപിച്ച് 49കാരനായ ജാദവിനെ പാക് സൈനിക കോടതി വധശിക്ഷക്ക് വിധിച്ചത്. അടഞ്ഞ കോടതിയിൽ നടന്ന വിചാരണക്കുശേഷമായിരുന്നു ശിക്ഷവിധി. ഇതിനെതിരെ ഇന്ത്യ അതിശക്തമായി പ്രതിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.