രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇൻഡ്യ സഖ്യം; സസ്പെൻഡ് ചെയ്യപ്പെട്ട എം.പിമാരുമായി 22ന് സമരം
text_fieldsന്യൂഡൽഹി: പാർലമെന്റിൽനിന്ന് 141 പ്രതിപക്ഷ എം.പിമാരെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്ത് പ്രതിപക്ഷ ശബ്ദമില്ലാതാക്കിയ മോദി സർക്കാറിനെതിരെ രാജ്യവ്യാപക സമരം നടത്താൻ ഇൻഡ്യ സഖ്യം തീരുമാനിച്ചു. ന്യൂഡൽഹിയിലെ അശോക ഹോട്ടലിൽ ചൊവ്വാഴ്ച വൈകീട്ട് ചേർന്ന ഇൻഡ്യ സഖ്യത്തിന്റെ നാലാം യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. സസ്പെൻഡ് ചെയ്യപ്പെട്ട എം.പിമാരെ ഇറക്കി 22നാണ് രാജ്യവ്യാപക സമരം നടത്തുകയെന്ന് യോഗതീരുമാനം മാധ്യമങ്ങളോട് വിശദീകരിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
28 ഘടക കക്ഷികളെയും കൂട്ടി എട്ടോ പത്തോ റാലികൾ രാജ്യവ്യാപകമായി നടത്താനുള്ള തീരുമാനവും യോഗം കൈക്കൊണ്ടു. ഘടകകക്ഷികൾക്കിടയിൽ സീറ്റു വിഭജനം വേഗത്തിലാക്കി 2024ലെ പൊതുതെരഞ്ഞെടുപ്പിലേക്ക് എത്രയും വേഗമിറങ്ങാനാണ് മൂന്നാമത്തെ തീരുമാനം. ഘടക കക്ഷികളുള്ള സംസ്ഥാനങ്ങളിൽ ഇൻഡ്യ സഖ്യത്തിന്റെ സീറ്റ് വിഭജനം നടത്തും. ഓരോ സംസ്ഥാനങ്ങളിലും ഇതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കും. വിഭജനം നടക്കാത്തിടത്ത് സഖ്യത്തിന്റെ കേന്ദ്ര കമ്മിറ്റി തീരുമാനമെടുക്കും.
ജനാധിപത്യവിരുദ്ധമായ ബി.ജെ.പി സർക്കാറിന്റെ സഭാ നടത്തിപ്പിനെ അപലപിച്ച് ഇൻഡ്യ പ്രമേയം പാസാക്കിയെന്നും ജനാധിപത്യം രക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് പോരാടേണ്ടതുണ്ടെന്ന് യോഗത്തിനെത്തിയ 28 പാർട്ടികളും യോജിപ്പിലെത്തിയെന്നും ഖാർഗെ പറഞ്ഞു. പാർലമെന്റിൽ അതിക്രമിച്ചു കയറിയവർ എങ്ങനെയാണ് വന്നത്? ആരാണ് അവരെ കൊണ്ടുവന്നത്? ആഭ്യന്തര മന്ത്രിയോ പ്രധാനമന്ത്രിയോ ലോക്സഭയിലും രാജ്യസഭയിലും വന്ന് ഉണ്ടായ സംഭവമെന്താണെന്ന് വ്യക്തമാക്കാനാണ് തുടക്കം മുതൽക്ക് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് ഖാർഗെ പറഞ്ഞു. എന്നാൽ, അവരത് അംഗീകരിച്ചില്ല.
പാർലമെന്റ് നടന്നുകൊണ്ടിരിക്കുമ്പോൾ അഹമ്മദാബാദിൽ കെട്ടിടോദ്ഘാടനത്തിനും സ്വന്തം മണ്ഡലത്തിൽ പര്യടനം നടത്താനും പോകുകയാണ്. ജനാധിപത്യത്തെ തീർക്കുകയാണ് അവരുടെ ഉദ്ദേശ്യം. തങ്ങൾ പാർലമെന്റിൽ പോയില്ലെങ്കിൽ ആരുണ്ട് ചോദിക്കാനെന്നാണ് അവരുടെ വിചാരം. തങ്ങളിരുവരുമില്ലാതെ ഇന്ത്യാ രാജ്യത്ത് മറ്റാരുമില്ലെന്ന ചിന്തയാണ് മോദിക്കും അമിത് ഷാക്കും. തങ്ങൾ മാത്രമാണ് ഭരിക്കാനുള്ളവർ എന്ന ചിന്തക്ക് അറുതിവരുത്തേണ്ടതുണ്ടെന്നും ഖാർഗെ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.