ബിഹാർ ജാതി സർവേ: ക്രെഡിറ്റെടുത്ത് ഇൻഡ്യ; ത്രിശങ്കുവിൽ ബി.ജെ.പി
text_fieldsപട്ന: പിന്നാക്ക വിഭാഗങ്ങളാണ് ബിഹാറിൽ ബഹു ഭൂരിഭാഗവുമെന്ന ജാതി സെൻസസ് റിപ്പോർട്ട് പുറത്തുവിട്ടതിന്റെ ക്രെഡിറ്റെടുക്കാൻ ഭരണകക്ഷികളായ ജെ.ഡി.യുവും ആർ.ജെ.ഡിയും ഒപ്പം ഇൻഡ്യ സഖ്യവും രംഗത്തിറങ്ങിയപ്പോൾ ആശയക്കുഴപ്പത്തിലായി ബി.ജെ.പി.
എല്ലാ സാമൂഹിക വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ച് ദേശീയ തലത്തിലുള്ള സർവേക്ക് ബിഹാറിലെ ജാതിസർവേ പ്രചോദനമാകുമെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രസ്താവന, ജാതി അടിസ്ഥാന സർവേക്കെതിരായ ബി.ജെ.പിയെ ലക്ഷ്യമിട്ടുള്ളതാണെന്ന് വ്യക്തം.
ആരെയും ഒഴിവാക്കാതെ എല്ലാ സമുദായങ്ങൾക്കും സർവേ ഗുണകരമായിരിക്കുമെന്നും നിതീഷ് കഴിഞ്ഞ ദിവസം വിശദീകരിച്ചു. അതേസമയം, തങ്ങൾകൂടിയാണ് സർവേക്ക് അനുമതി നൽകിയതെന്നും കണക്കുകൾ പാർട്ടി വിലയിരുത്തുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സാമ്രാട്ട് ചൗധരി അവകാശപ്പെട്ടു.
പ്രതിപക്ഷത്തായിരുന്നപ്പോൾ മുതൽ ആർ.ജെ.ഡി ആവശ്യപ്പെട്ടിരുന്നതാണ് ജാതി സെൻസസ്. പിന്നീട് മുഖ്യമന്ത്രി നിതീഷ്കുമാറും ഇതേ പാതയിൽ വന്നു. 2019ൽ ജെ.ഡി.യു-ബി.ജെ.പി സഖ്യസർക്കാറാണ് ജാതിസർവേ നിദേശം മുന്നോട്ടുവെച്ചത്.
അതേസമയം, സംസ്ഥാനത്തും ദേശീയതലത്തിലും ജാതി സെൻസസിന് എതിരായിരുന്നു ബി.ജെ.പി. ദേശീയതലത്തിൽ ജാതി സെൻസസ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിതീഷും ആർ.ജെ.ഡി നേതാവും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടുവെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. ഇതിനിടെ, ബി.ജെ.പി ബന്ധം വിട്ട് നിതീഷ് ആർ.ജെ.ഡിയുമായി സഖ്യത്തിലായതോടെ സർവേ നടപടികൾക്ക് വേഗത കൈവന്നു. കേന്ദ്രത്തിൽ തങ്ങളുടെ മുന്നണി അടുത്ത സർക്കാർ രൂപവത്കരിച്ചാൽ ദേശീയാടിസ്ഥാനത്തിൽ ഇത്തരമൊരു സെൻസസ് നടത്തുമെന്ന് ആർ.ജെ.ഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവ് പറഞ്ഞു.
ജാതി സെൻസസിനെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സ്വാഗതം ചെയ്തു. ‘‘ജനസംഖ്യയിൽ 84 ശതമാനവും ഒ.ബി.സി, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളാണെന്ന് സർവേയിൽനിന്ന് വ്യക്തമായി. കേന്ദ്ര സർക്കാറിലെ 90 സെക്രട്ടറിമാരിൽ മൂന്നുപേർ മാത്രമാണ് ഒ.ബി.സിയിൽ നിന്നുള്ളത്. ഇന്ത്യയുടെ ബജറ്റിന്റെ അഞ്ചുശതമാനം മാത്രമാണ് അവർ കൈകാര്യം ചെയ്യുന്നത്. ജാതി സ്ഥിതിവിവരക്കണക്കിന്റെ പ്രാധാന്യമാണ് ഇത് വെളിപ്പെടുത്തുന്നത്. കൂടുതൽ ജനസംഖ്യയെന്നത് വലിയ അവകാശങ്ങളാണ്’’ -രാഹുൽ പറഞ്ഞു. ‘‘രാജ്യത്ത് 2021ൽ പതിവ് സെൻസസ് നടന്നിട്ടില്ല. എന്നാൽ, ബിഹാറിൽ നടന്ന ജാതിസർവേ കേന്ദ്ര സർക്കാറിന്റെ കഴിവില്ലായ്മ തെളിയിച്ചു. 2011ലെ സെൻസസിൽ 16.86 ശതമാനമായിരുന്ന മുസ്ലിം ജനസംഖ്യ 17.9 ശതമാനമായി മാത്രമേ കൂടിയിട്ടുള്ളൂ. ബംഗ്ലാദേശി മുസ്ലിംകൾ നുഴഞ്ഞുകയറുന്നുവെന്ന സംഘ്പരിവാർ നുണപ്രചാരണത്തിന്റെ മുനയൊടിക്കുന്ന കണക്കാണിത്.’’ -സി.പി.ഐ (എം.എൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ അഭിപ്രായപ്പെട്ടു.
2022 ജൂണിലാണ് ബിഹാർ മന്ത്രിസഭ ജാതി സെൻസസിന് അനുമതി നൽകിയത്. ഇതിനായി 500 കോടി രൂപയും വകയിരുത്തി. ഇതിനിടെ സർവേ നടപടികൾ പട്ന ഹൈകോടതി സ്റ്റേ ചെയ്ത സംഭവവും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.