തമിഴ്നാട്ടിൽ ഇൻഡ്യ സഖ്യം കുതിക്കുന്നു; അണ്ണാമലൈ പിന്നിൽ
text_fieldsചെന്നൈ: തമിഴ്നാട്ടിൽ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ഇൻഡ്യ സഖ്യം ബഹുദൂരം മുന്നിൽ. ഡി.എം.കെ നേതൃത്വം നൽകുന്ന ഇൻഡ്യ സഖ്യവും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യവും എ.ഐ.എ.ഡി.എം.കെയും തമ്മിൽ സംസ്ഥാനത്ത് ത്രികോണ പോരാട്ടമാണ് അരങ്ങേറിയത്. 39 ലോക്സഭ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ ഇൻഡ്യ 35 സീറ്റുകളിൽ മുന്നേറുന്നു.
എ.ഐ.എ.ഡി.എം.കെയും എൻ.ഡി.എയും രണ്ടു സീറ്റുകളിൽ മുന്നിട്ടുനിൽക്കുകയാണ്. ബി.ജെ.പി ഏറെ പ്രതീക്ഷ വെച്ചുപുലർത്തുന്ന കോയമ്പത്തൂർ മണ്ഡലത്തിൽ സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ പിന്നിലാണ്. ഡി.എം.കെ സ്ഥാനാർഥി പി. ഗണപതിയാണ് ഇവിടെ മുന്നിൽ. ഡി.എം.കെയുടെ സിറ്റിങ് എം.പി കനിമൊഴി തൂത്തുക്കുടി മണ്ഡലത്തിൽ ലീഡ് ചെയ്യുന്നു. മുൻ തെലങ്കാന ഗവർണറും ബി.ജെ.പി നേതാവുമായ തമിഴിസൈ സൗന്ദരരാജൻ ചെന്നൈ സൗത്ത് മണ്ഡലത്തിലും യു.പി.എ ഭരണകാലത്ത് കേന്ദ്ര ടെലികോം മന്ത്രി ആയിരുന്ന എ. രാജ നീലഗിരി മണ്ഡലത്തിലുമാണ് ജനവിധി തേടുന്നത്. സംസ്ഥാനത്ത് ഏപ്രിൽ 19ന് നടന്ന തെരഞ്ഞെടുപ്പിൽ 69.72 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻ.ഡി.എ സ്ഥാനാർഥികൾക്കായി ശക്തമായ പ്രചാരണം നടന്നിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും എ.ഐ.എ.ഡി.എം.കെയും ഒന്നിച്ചായിരുന്നു മത്സരിച്ചിരുന്നത്. എന്നാൽ, ഇത്തവണ ഇരു പാർട്ടികളും വേറിട്ട് മത്സരിക്കുന്നത് ഏറെ ശ്രദ്ധേയമാണ്. ജൂൺ ഒന്നിന് വിവിധ ഏജൻസികൾ പുറത്തുവിട്ട എക്സിറ്റ് പോൾ പ്രവചചിച്ചത് സംസ്ഥാനത്ത് ബി.ജെ.പി നാല് സീറ്റുകളിൽ വിജയിക്കുമെന്നാണ്. ഇൻഡ്യ സഖ്യം മികച്ച നേട്ടം കൈവരിക്കുമെന്നും സൂചിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.