പി.ഡി.പിയെ ഒഴിവാക്കി ജമ്മുകശ്മീരിൽ വിശാല സഖ്യം? പ്രതികരിക്കാതെ കോൺഗ്രസും സി.പി.ഐയും
text_fieldsശ്രീനഗർ: ജമ്മുകശ്മീർ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പീപ്ൾസ് ഡെമോക്രാറ്റിക് പാർട്ടി(പി.ഡി.പി)യുമായുള്ള സഖ്യമുപേക്ഷിച്ച് കോൺഗ്രസും നാഷനൽ കോൺഫറൻസും സി.പി.ഐയും ധാരണയിലേക്കെന്ന് റിപ്പോർട്ട്.
ഇൻഡ്യ സഖ്യത്തിൽ അംഗമാണ് പി.ഡി.പി. ജമ്മുകശ്മീരിലെ 90 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ സീറ്റ് പങ്കുവെക്കുന്നതിനെ കുറിച്ച് ധാരണയിലെത്തിയതായി നാഷനൽ കോൺഗ്രസ് പ്രസിഡന്റ് ഉമർ അബ്ദുല്ല കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രാജ്യത്തെ വലിയ കഷ്ടത്തിലാക്കിയ വിഘടനശക്തികളെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ഉമർ അബ്ദുല്ല പറഞ്ഞു. എന്നാൽ പി.ഡി.പി സഖ്യത്തിന്റെ ഭാഗമാകുമോ എന്ന ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല.
കോൺഗ്രസും സി.പി.ഐയുമായുള്ള സീറ്റ് വിഭജന കരാറിന്റെ രേഖകൾ ഒപ്പുവെക്കാനുള്ള ശ്രമത്തിലാണെന്നും വൈകാതെ ഇതു പുറത്തുവിടുമെന്നും ഉമർ അബ്ദുല്ല പറഞ്ഞിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല. കോൺഗ്രസും സഖ്യത്തെ കുറിച്ച് പ്രഖ്യാപനം നടത്തിയിട്ടില്ല.
പ്രാദേശിക പാർട്ടികളുമായുള്ള സഖ്യം സംബന്ധിച്ച് പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും അഭിപ്രായം തേടുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായ സി.പി.ഐയും സഖ്യത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല.
ജമ്മുകശ്മീരിൽ അടുത്തിടെയായി കോൺഗ്രസിന്റെ സ്വാധീനം വർധിച്ചുവരികയാണ്. ലോക് സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസും നാഷനൽ കോൺഫറൻസും തമ്മിൽ ധാരണയുണ്ടായിരുന്നു. മൂന്ന് സീറ്റുകളിൽ നാഷനൽ കോൺഫറൻസും അവശേഷിച്ച രണ്ടെണ്ണത്തിൽ കോൺഗ്രസും സ്ഥാനാർഥികളെ മത്സരിപ്പിച്ചു.
അതിനിടെ, ഉമർ അബ്ദുല്ലയുടെ പ്രഖ്യാപനത്തെ 1975ലെ ഇന്ദിര-ശൈഖ് കരാറുമായാണ് മുതിർന്ന പി.ഡി.പി നേതാവ് താരതമ്യം ചെയ്തത്. കരാർ പ്രകാരം 22 വർഷത്തിന് ശേഷം ശൈഖ് അബ്ദുല്ലയെ വീണ്ടും ജമ്മു കശ്മീർ മുഖ്യമന്ത്രിയാകാൻ അനുവദിച്ചു.
കരാർ പ്രകാരം ഷെയ്ഖ് അബ്ദുള്ളയെ 22 വർഷത്തിനുശേഷം വീണ്ടും ജമ്മു കശ്മീർ മുഖ്യമന്ത്രിയാകാൻ അനുവദിച്ചു. ജമ്മുകശ്മീരിൽ സായുധകലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള 1996ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് ഫാറൂഖ് അബ്ദുല്ല വലിയ അബദ്ധം കാണിച്ചു. അധികാരത്തിനായി പിതാവിന്റെ തെറ്റ് ഉമർ അബ്ദുല്ല ആവർത്തിക്കുകയാണെന്നും പി.ഡി.പി നേതാവ് പറഞ്ഞു.
2018ൽ ബി.ജെ.പി സഖ്യസർക്കാരിൽ നിന്ന് പിന്മാറിയതിന് ശേഷം പാർട്ടി നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്ത് വരുന്ന തിരഞ്ഞെടുപ്പിൽ ശക്തമായ പ്രകടനം കാഴ്ചവെക്കാൻ പി.ഡി.പിക്ക് കഴിഞ്ഞേക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. 10 വർഷത്തിന് ശേഷമാണ് ജമ്മുകശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിലായി മൂന്നുഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഫലപ്രഖ്യാപനം ഒക്ടോബറിലുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.