ഇൻഡ്യ സഖ്യം ശക്തമെന്ന് സചിൻ പൈലറ്റ്
text_fieldsന്യൂഡൽഹി: ഇൻഡ്യ സഖ്യം ശക്തമാണെന്നും ഇതിനെക്കുറിച്ച് ആശങ്കയിലായതിനാലാണ് ബി.ജെ.പി രാഷ്ട്രീയഭൂമികയിൽ ചില ‘ഭ്രാന്തമായ പുനരധിവാസങ്ങൾക്ക്’ശ്രമിക്കുന്നതെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി സചിൻ പൈലറ്റ്. മമത ബാനർജി ഇൻഡ്യ സഖ്യത്തിനൊപ്പം തന്നെയുണ്ടെന്നും തൃണമൂൽ കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ച രമ്യമായി പരിഹരിക്കപ്പെടുമെന്നും സചിൻ പറഞ്ഞു.
370 സീറ്റുകൾ ലഭിക്കുമെന്ന ബി.ജെ.പിയുടെ അവകാശവാദം വെറും വാചകമടിയാണ്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര സീറ്റ് ചർച്ചകളെ ബാധിക്കുമെന്ന ആക്ഷേപം കോൺഗ്രസ് നേതാവ് തള്ളി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തന്നെയാണ് യോഗങ്ങൾക്കും ചർച്ചകൾക്കും മേൽനോട്ടം വഹിക്കുന്നതെന്നും യാത്ര തുടരുമ്പോൾ മറ്റൊരിടത്ത് സീറ്റ് ചർച്ചകളും സജീവമാണെന്നും സചിൻ പൈലറ്റ് വാർത്ത ഏജൻസിയോട് പറഞ്ഞു.
ചിലർ ഇൻഡ്യ സഖ്യം വിട്ടുപോയത് ബാധിച്ചിട്ടില്ല. അകാലിദൾ, ശിവസേന, പി.ഡി.പി, എ.ഐ.എ.ഡി.എം.കെ എന്നീ പാർട്ടികൾ വിവിധ സമയങ്ങളിൽ എൻ.ഡി.എ വിട്ടതും പൈലറ്റ് ചൂണ്ടിക്കാട്ടി. വിശ്വാസ്യതയെക്കുറിച്ച് ജെ.ഡി.യു നേതാവ് നിതീഷ് കുമാർ ബിഹാറിലെ ജനങ്ങളോട് മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ പോസിറ്റിവായ ഫലമാകും ഇൻഡ്യ സഖ്യത്തിന്. 2019ലെ കണക്കുപ്രകാരം ഇൻഡ്യ സഖ്യത്തിന് 60 ശതമാനം വോട്ടുണ്ട്. എൻ.ഡി.എക്ക് 35 ശതമാനം മാത്രമായിരുന്നു. കേന്ദ്ര ഏജൻസികളെയടക്കം ഉപയോഗിച്ചും തെറ്റായ വിവരങ്ങളിലൂടെയും സമ്മർദത്തിലൂടെയും ഇൻഡ്യ സഖ്യം ഒന്നിക്കാതിരിക്കാനാണ് അവരുടെ ശ്രമമെന്നും പൈലറ്റ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.