ഇൻഡ്യ മുന്നണി ഹിന്ദു ശക്തിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു -മോദി
text_fieldsബംഗളൂരു: ഇൻഡ്യ മുന്നണി ഹിന്ദു ശക്തിയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശിവമൊഗ്ഗ ഫ്രീഡം പാർക്കിൽ അല്ലാമ പ്രഭു മൈതാനിയിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇൻഡ്യ മുന്നണി ‘ശക്തി’യെ ഇല്ലാതാക്കുമെന്ന് പറയുമ്പോൾ അതിനെ ആരാധിക്കുമെന്നതാണ് നമ്മുടെ പ്രഖ്യാപനം.
ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയെങ്കിലും കോൺഗ്രസുകാർ ആ മനസ്സ് ഇപ്പോഴും കൊണ്ടുനടക്കുന്നു. മതത്തിന്റെ പേരിൽ വിഭജിക്കാനാണ് ശ്രമം. രാജ്യത്തെ വിഭജിക്കുമെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് എം.പിയെ ഇപ്പോഴും അവർ സംരക്ഷിക്കുന്നു.
അത്തരം പാർട്ടികളെ തുടച്ചുനീക്കണം. രാജ്യത്തുനിന്ന് ദാരിദ്ര്യവും തീവ്രവാദവും തുടച്ചുനീക്കാൻ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 400 സീറ്റ് സമ്മാനിക്കണമെന്നും മോദി ജനങ്ങളോട് അഭ്യർഥിച്ചു. സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര, മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, ഡോ. രാധാ മോഹൻദാസ് അഗർവാൾ, ലോക്സഭ സ്ഥാനാർഥി ബി.വൈ. രാഘവേന്ദ്ര, ഗായത്രി സിദ്ധേശ്വർ, ഡാക്ക ബ്രിജേഷ് ചൗട്ട, കോട്ട ശ്രീനിവാസ് പൂജാരി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി. സുനിൽ കുമാർ, മുൻ മന്ത്രി സി.ടി. രവി, സംസ്ഥാന വൈസ് പ്രസിഡന്റ് ഹരതാലു ഹാലപ്പ, സംസ്ഥാന സെക്രട്ടറിമാരായ ഡി.എസ്. അരുൺ, എം.എൽ.എമാർ, എം.എൽ.സിമാർ തുടങ്ങിയവർ പങ്കെടുത്തു.
മനസ്സിലുണ്ട് മോദി; വേദിയിലില്ല ഈശ്വരപ്പ!
ബംഗളൂരു: മനസ്സിൽ നിറയെ നരേന്ദ്ര മോദിയാണെന്ന് ഉള്ള് നൊന്ത് പറയുന്നുണ്ട് മുൻ മുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പ. എന്നാൽ, തിങ്കളാഴ്ച സ്വന്തം തട്ടകത്തിൽ മോദി പങ്കെടുത്ത റാലിയിലോ റോഡ് ഷോയിലോ നേതാക്കൾ ആവശ്യപ്പെട്ടിട്ടും ഈശ്വരപ്പ സാന്നിധ്യം നൽകിയില്ല. ആ നേരങ്ങളിൽ അദ്ദേഹം മഠങ്ങളും താൻ പ്രതിനിധാനം ചെയ്യുന്ന കുറുബ സമുദായ നേതാക്കളെയും സന്ദർശിക്കുന്ന തിരക്കിലായിരുന്നു.
‘ഉഡുപ്പി -ചിക്കമംഗളൂരു മണ്ഡലത്തിലെ അണികൾ വേണ്ടെന്ന് പറഞ്ഞ കേന്ദ്രമന്ത്രി ശോഭ കരന്ദ്ലാജെക്ക് യദ്യൂരപ്പ ബംഗളൂരു നോർത്ത് മണ്ഡലം നൽകി. അദ്ദേഹത്തിന്റെ മകൻ ബി.വൈ. രാഘവേന്ദ്ര ശിവമോഗ സീറ്റിൽ മത്സരിക്കുന്നു. മറ്റൊരു മകൻ വിജയേന്ദ്ര ബി.ജെ.പി സംസ്ഥാന അധ്യക്ഷനാണ്. ഇതെന്താ കുടുബവാഴ്ചയാണോ -ഈശ്വരപ്പ ചോദിച്ചു.
കർണാടക ബി.ജെ.പി തെരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി രാധ മോഹൻദാസ് അഗർവാൾ ഈശ്വരപ്പയെ നേരിൽ കണ്ട് സംസാരിച്ചു. ശിവമൊഗ്ഗയിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള തന്റെ തീരുമാനത്തിൽ ഈശ്വരപ്പ ഉറച്ചുനിന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ ഹാവേരി മണ്ഡലത്തിൽ തന്റെ മകൻ കെ.ഇ. കാന്തേശിനെ സ്ഥാനാർഥിയാക്കാത്തതിൽ പ്രതിഷേധിച്ചാണ് ഈശ്വരപ്പ യദ്യൂരപ്പയുടെ മകൻ മത്സരിക്കുന്ന മണ്ഡലത്തിൽ റിബൽ കുപ്പായം അണിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.