കെജ്രിവാളിന്റെ അറസ്റ്റ്: തെരഞ്ഞെടുപ്പ് കമീഷനെ സന്ദർശിച്ച് ഇൻഡ്യ മുന്നണി നേതാക്കൾ
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ തെരഞ്ഞെടുപ്പ് കമീഷനെ സന്ദർശിച്ച് ഇൻഡ്യ മുന്നണി നേതാക്കൾ. കോൺഗ്രസ് നേതാക്കളായ അഭിഷേക് സിങ്വി, കെ.സി വേണുഗോപാൽ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ആപ് പ്രതിനിധി സന്ദീപ് പഥക്, പങ്കജ് ഗുപ്ത, എൻ.സി.പി പവാർ പക്ഷ നേതാവ് ജിതേന്ദ്ര അവ്ഹദ്, ഡി.എം.കെയിലെ പി. വിൽസൺ, സമാജ്വാദി പാർട്ടി പ്രതിനിധി ജാവേദ് അലി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
തെരഞ്ഞെടുപ്പുകാല കീഴ്വഴക്കങ്ങൾ മാനിക്കാതെ അറസ്റ്റു ചെയ്തതടക്കം, പ്രതിപക്ഷ നേതാക്കളെ കേന്ദ്ര അന്വേഷണ ഏജൻസികൾ മുഖേന മോദിസർക്കാർ ഉന്നമിടുന്നതിനെതിരെ വിമർശനമുന്നയിച്ചാണ് കമീഷനെ സന്ദർശിച്ചത്. കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം തടയാൻ കമീഷൻ ഇടപെടണമെന്ന് സംഘം ആവശ്യപ്പെട്ടു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കെജ്രിവാളിന്റെ ഭാര്യ സുനിത രംഗത്തെത്തി. അഹങ്കാരിയായ പ്രധാനമന്ത്രിയാണ് അറസ്റ്റിന് പിന്നിലെന്ന് സുനിത എക്സിൽ കുറിച്ചു. ‘അധികാരത്തിന്‍റെ അഹങ്കാരത്താൽ നിങ്ങൾ മൂന്ന് തവണ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തു. നിങ്ങൾ എല്ലാവരെയും തകർക്കാൻ ശ്രമിക്കുന്നു. ഇത് ഡൽഹിയിലെ ജനങ്ങളോടുള്ള വഞ്ചനയാണ്. അകത്തായാലും പുറത്തായാലും അദ്ദേഹം ജീവിതം രാജ്യത്തിനായി സമർപ്പിച്ചതാണ്. അദ്ദേഹം ജനനേതാവാണെന്ന് പൊതുജനത്തിന് അറിയാം. ജയ് ഹിന്ദ്’’ -സുനിത കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.