അമിത് ഷായുടെ അംബേദ്കർ പരാമർശത്തിൽ വ്യാപക പ്രതിഷേധം; രാജി തേടി പ്രതിപക്ഷം
text_fieldsന്യൂഡൽഹി: ഭരണഘടനാ ശിൽപി അംബേദ്കറെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ നടത്തിയ പരാമർശത്തിൽ വ്യാപക പ്രതിഷേധം. അമിത് ഷാ മാപ്പു പറയണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിച്ച ഇൻഡ്യ സഖ്യം ഇതേ ആവശ്യമുന്നയിച്ച് പാർലമെന്റിന് മുന്നിൽ ധർണയും നടത്തി.
വിവാദം കത്തിപ്പടർന്നതോടെ പ്രതിരോധത്തിലായ അമിത് ഷാ വാർത്താസമ്മേളനം വിളിച്ച് കോൺഗ്രസ് തന്റെ പ്രസംഗം വളച്ചൊടിച്ചതാണെന്ന് ആരോപിച്ചു. ‘എക്സി’ൽ അമിത് ഷാക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തി.
എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധത്തിന് കോൺഗ്രസ് ആഹ്വാനം ചെയ്തു. അമിത് ഷായുടെ രാജിക്കായുള്ള ഹാഷ്ടാഗ് സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായി.
രാജ്യസഭയിൽ രണ്ട് ദിവസത്തെ ഭരണഘടനാ ചർച്ചക്ക് സമാപനം കുറിച്ച് ചൊവ്വാഴ്ച വൈകീട്ട് നടത്തിയ മറുപടി പ്രസംഗത്തിലാണ് അമിത് ഷാ വിവാദ പരാമർശം നടത്തിയത്. പ്രതിപക്ഷം അംബേദ്കറെ നിരന്തരം ഉദ്ധരിക്കുന്നതിനെതിരായ അമിത് ഷായുടെ പരിഹാസത്തിൽ ഭരണപക്ഷ ബെഞ്ച് പങ്കുചേരുകയും ചെയ്തു.
അമിത് ഷായുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് അംബേദ്കറുടെ ചിത്രവുമേന്തി ജയ് ഭീം ജയ് ഭീം മുദ്രാവാക്യം വിളിച്ചാണ് ഇൻഡ്യ സഖ്യം എം.പിമാർ ഇരുസഭകളും സമ്മേളിക്കും മുമ്പ് മുഖ്യകവാടത്തിൽ എത്തിയത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ടി.ആർ. ബാലു, രാം ഗോപാൽ യാദവ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇതിനുശേഷം ഇരുസഭകളും സമ്മേളിച്ചപ്പോഴും ജയ് ഭീം മുദ്രാവാക്യങ്ങളുമായി ഇൻഡ്യ എം.പിമാർ എഴുന്നേറ്റു. അംബേദ്കറെ അപമാനിച്ച അമിത് ഷാ മാപ്പു പറയണമെന്നും രാജിവെക്കണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.
രാജ്യം ആദരിക്കുന്ന മഹാ നേതാവിനെ അപമാനിച്ച അമിത് ഷായെ ചൊവ്വാഴ്ച രാത്രിതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയിപ്പിക്കേണ്ടതായിരുന്നുവെന്ന് ഖാർഗെ രാജ്യസഭയിൽ പറഞ്ഞു. അമിത് ഷായുടെയും കേന്ദ്ര സർക്കാറിന്റെയും ദലിത് വിരുദ്ധ മാനസികാവസ്ഥയാണ് ഇത് കാണിക്കുന്നത്.
അമിത് ഷാക്കും നരേന്ദ്ര മോദിക്കും മനുസ്മൃതിയുടെ മാനസികാവസ്ഥയാണെന്നും ഖാർഗെ കുറ്റപ്പെടുത്തി.
അമിത് ഷാ പറഞ്ഞത്
‘അംബേദ്കർ, അംബേദ്കർ, അംബേദ്കർ, അംബേദ്കർ എന്ന് ഉരുവിട്ടുകൊണ്ടിരിക്കുന്നത് ഇപ്പോൾ ഫാഷനായിരിക്കുന്നു. ഇത്രയും തവണ ഭഗവാന്റെ നാമം ഉരുവിട്ടിരുന്നുവെങ്കിൽ ഏഴ് ജന്മത്തിലും സ്വർഗം ലഭിക്കുമായിരുന്നു’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.