കശ്മീരിൽ ‘ഇൻഡ്യ’ സഖ്യം നേടിയത് തകർപ്പൻ വിജയം; കാത്തിരിക്കുന്നത് വെല്ലുവിളികൾ
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം നടന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചതിനുമപ്പുറമുള്ള വിജയമാണ് നാഷനൽ കോൺഫറൻസ്- കോൺഗ്രസ് ഇൻഡ്യ സഖ്യം സ്വന്തമാക്കിയത്.
മത്സരിച്ച 47 സീറ്റുകളിൽ 35 എണ്ണത്തിലും വിജയം കണ്ട നാഷനൽ കോൺഫറൻസ് കശ്മീർ മേഖലക്കുപുറമെ ജമ്മുവിലെ പിർപഞ്ചാൽ പ്രദേശത്തും കരുത്ത് തെളിയിച്ചപ്പോൾ ഇതിനു മുമ്പ് നടന്ന 2014ലെ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന മെഹ്ബൂബ മുഫ്തിയുടെ പീപ്ൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി) ശക്തികേന്ദ്രമായ തെക്കൻ കശ്മീരിലുൾപ്പെടെ അക്ഷരാർഥത്തിൽ തകർന്നടിഞ്ഞു. 1999ൽ രൂപവത്കൃതമായ പി.ഡി.പി ഇക്കുറി മൂന്ന് സീറ്റുകൾ മാത്രം നേടി ചരിത്രത്തിലെ ഏറ്റവും ദയനീയമായ തകർച്ചയെ ഏറ്റുവാങ്ങി.
2014ൽ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതും 2016ലെ ബുർഹാൻ വാനി വധത്തിനുശേഷം ഉടലെടുത്ത പ്രശ്നങ്ങളെ നേരിട്ടതിലെ പാളിച്ചകളും മുഖ്യമന്ത്രിക്കസേരയിലിരുന്ന് മെഹ്ബൂബ നടത്തിയ വിവാദ പരാമർശങ്ങളുമെല്ലാം ഈ തകർച്ചയുടെ കാരണങ്ങളായി എണ്ണപ്പെടുന്നുണ്ട്.
തെരഞ്ഞെടുപ്പിനുമുമ്പ് നേരിട്ടതിനേക്കാൾ കടുത്ത വെല്ലുവിളികളാണ് സഖ്യത്തെ കാത്തിരിക്കുന്നത്. ജമ്മു- കശ്മീരിന്റെ സംസ്ഥാന പദവി വീണ്ടെടുക്കുകയാണ് പുതിയ സർക്കാറിന് മുന്നിലെ സുപ്രധാന വെല്ലുവിളി. സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന വാഗ്ദാനം പ്രയോഗത്തിലെത്തിക്കാൻ കേന്ദ്രത്തെ എങ്ങനെ ഫലപ്രദമായി നിർബന്ധിക്കാനാവും എന്നത് അതീവ നിർണായകമാണ്. ജമ്മുവിലെ ഹിന്ദു ശക്തികേന്ദ്രങ്ങളിൽ മേധാവിത്വം നിലനിർത്താൻ ബി.ജെ.പിക്ക് സാധിച്ചപ്പോൾ അവിടങ്ങളിൽ കോൺഗ്രസിന്റെ പ്രകടനം അമ്പേ മോശമായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം നേടിയ എൻജിനീയർ അബ്ദുൽ റാഷിദ് ശൈഖിന്റെ അവാമി ഇത്തിഹാദ് പാർട്ടി ഒരു സീറ്റ് നേടി.
നിരോധിത കശ്മീർ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാനാർഥികളും ബി.ജെ.പിയുമായി ബാന്ധവമുണ്ടെന്ന് ആരോപിക്കപ്പെടുന്ന അൽതാഫ് ബുഖാരിയുടെ അപ്നി പാർട്ടി, ഗുലാം നബി ആസാദിന്റെ ഡെമോക്രോറ്റിക് പ്രോഗസിവ് ആസാദ് പാർട്ടി എന്നിവയും പരിപൂർണ പരാജയമേറ്റുവാങ്ങി. വ്യാപകമായി മത്സരിക്കുകയും വമ്പൻ പ്രചാരണ കോലാഹലങ്ങളഴിച്ചുവിടുകയും ചെയ്ത സ്വതന്ത്ര സ്ഥാനാർഥികളിൽ ഏഴുപേർ ജയിച്ചു.എന്നാൽ മിക്കവർക്കും കെട്ടിവെച്ച കാശുപോലും നേടാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.