ദാമ്പത്യ ജീവിതത്തിലെ ബലാംത്സംഗം ക്രിമിനൽ കുറ്റമാക്കാത്ത 30ഓളം രാജ്യങ്ങളിൽ ഇന്ത്യയും
text_fieldsന്യൂഡൽഹി: ദാമ്പത്യ ജീവിതത്തിലെ ബലാംത്സംഗം ക്രിമിനൽ കുറ്റമാക്കാത്ത 30ഓളം രാജ്യങ്ങളിൽ ഇന്ത്യയും. വിവാഹിതരായ സ്ത്രീകൾക്ക് നേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങൾ കുറ്റകരമാക്കണമെന്നാവശ്യപ്പെടുന്നവരെ തൃപ്തിപ്പെടുത്തുന്നതല്ല ഡൽഹി ഹൈകോടതി ബുധനാഴ്ച പുറപ്പെടുവിച്ച വിധി. ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പ്രകാരം ഈ 30 രാജ്യങ്ങളിൽ പാകിസ്താൻ, ചൈന, ബംഗ്ലാദേശ്, മ്യാൻമർ, ശ്രീലങ്ക, ഹെയ്തി, ലാവോസ്, മാലി, സെനഗൽ, താജിക്കിസ്ഥാൻ, ബോട്സ്വാന എന്നിവയുൾപ്പെടെയുള്ളവ വികസ്വര രാജ്യങ്ങളാണ്.
ദേശീയ കുടുംബാരോഗ്യ സർവേയുടെ അഞ്ചാമത്തെ പഠന റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ വിവാഹിതരായ 34 ശതമാനം സ്ത്രീകളും ഇണയുടെ ശാരീരികമോ, ലൈംഗികമോ, വൈകാരികമോ ആയ ആക്രമണങ്ങൾ അനുഭവിക്കുന്നവരാണണ്. 18 മുതൽ 49 വയസ്സ് വരെയുള്ള സ്ത്രീകളിൽ 25 ശതമാനം ശാരീരിക, ലൈംഗികാതിക്രമങ്ങൾ നേരിട്ടിട്ടുണ്ട്. ഇതിൽ ഏഴ് ശതമാനം സ്ത്രീകൾക്ക് കണ്ണിന് പരിക്കേൽക്കുകയോ ശരീരത്തിൽ ഉളുക്കോ പൊള്ളലോ സംഭവിച്ചതായി പറയുന്നു. ആറ് ശതമാനം പേർക്ക് ആഴത്തിലുള്ള മുറിവുകളും എല്ലുകൾ ഒടിയുന്നതുൾപ്പടെ ഗുരുതരമായ പരിക്കുകളും ഉണ്ടായതായാണ് റിപ്പോർട്ട്.
ഭർത്താവും ഭാര്യയും തമ്മിൽ പരസ്പര സമ്മതമില്ലാതെ നടക്കുന്ന ലൈംഗികബന്ധം ക്രിമിനൽ കുറ്റമായി അംഗീകരിക്കാത്ത കൊളോണിയൽ നിയമത്തിന് തുല്യമായി ഇന്ത്യ തുടരുകയാണെന്നാണ് ഡൽഹി ഹൈകോടതിയിൽ കഴിഞ്ഞ ദിവസം ഹരജിക്കാർ ആരോപിച്ചത്. ഇന്ത്യൻ ശിക്ഷ നിയമം 375 പ്രകാരം സ്ത്രീയുടെ സമ്മതമില്ലാതെ നടക്കുന്ന എല്ലാ ലൈംഗികാതിക്രമങ്ങളും ബലാത്സംഗമായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ദാമ്പത്യ ജീവിതത്തിൽ ഭാര്യയുടെ സമ്മതമില്ലാതെ ലൈംഗികാതിക്രമങ്ങൾ നടക്കുമ്പോൾ ഭാര്യ 15 വയസിന് താഴെ അല്ലെങ്കിൽ അത് ബലാത്സംഗമായി കണക്കാക്കാൻ സാധിക്കില്ലെന്ന ഭിന്ന നിലപാടാണ് നിലവിലുള്ളത്.
വിവാഹ കരാറിൽ ഏർപ്പെടുന്നത് കാരണം ഇത് ബലാത്സംഗ കുറ്റത്തിൽനിന്ന് പുരുഷൻമാരെ സംരക്ഷിക്കുന്നതായും അതിനാൽ ഭരണഘടനാ ലംഘനമാണെന്നും പ്രതിഷേധക്കാർ വാദിക്കുന്നു. ഇന്നലെ ഡൽഹി ഹൈകോടതി ജഡ്ജിമാർ രണ്ട് വ്യത്യസ്ത വിധികളാണ് ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചത്. ജഡ്ജിമാരിൽ ഒരാൾ ഇത് റദ്ദാക്കുന്നതിനെ അനുകൂലിച്ചപ്പോൾ മറ്റൊരാൾ ഇത് ഭരണഘടനാ വിരുദ്ധമല്ലെന്ന് വിധിച്ചു. ഇതോടെ, സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ കക്ഷികൾക്ക് ഡിവിഷൻ ബെഞ്ച് അനുമതി നൽകിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.