ഹാപ്പിനസ് ഇൻഡക്സിൽ ഭാരതം 126ാമത് ; പട്ടികയിൽ ആകെയുള്ളത് 137 രാജ്യങ്ങൾ
text_fieldsഈ വർഷത്തെ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവന്നു. അന്താരാഷ്ട്ര സന്തോഷ ദിനമായി ആചരിക്കുന്ന മാർച്ച് 20ന് പുറത്തുവന്ന വേൾഡ് ഹാപ്പിനസ് വാർഷിക റിപ്പോർട്ടിൽ ഇന്ത്യ 126ാം സ്ഥാനത്താണ്. പല നോർഡിക് രാജ്യങ്ങളും പട്ടികയിൽ മുൻനിരയിലാണ്.
ഫിൻലൻഡാണ് ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഡെന്മാർക്ക് രണ്ടാം സ്ഥാനത്താണെങ്കിൽ ഐസ്‌ലൻഡ് മൂന്നാം സ്ഥാനത്താണ്. യുഎൻ സുസ്ഥിര വികസന സൊല്യൂഷൻസ് നെറ്റ്‌വർക്ക് ആണ് വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. ജീവിതത്തെ കുറിച്ചുള്ള ജനങ്ങളുടെ വിലയിരുത്തലുകൾ, പോസിറ്റീവ് വികാരങ്ങൾ, നെഗറ്റീവ് വികാരങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് സന്തോഷ രാജ്യങ്ങളുടെ പട്ടിക തയാറാക്കുന്നത്.
"നോർഡിക് രാജ്യങ്ങൾ പല രീതിയിൽ പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. അവിടങ്ങളിൽ കോവിഡ് മരണനിരക്ക് 2020ലും 2021- 27നും ഇടയിൽ പടിഞ്ഞാറൻ യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേതിനേക്കാൾ മൂന്നിലൊന്ന് മാത്രമേ ഉയർന്നിട്ടുള്ളൂ"- എന്ന് റിപ്പോർട്ട് പറയുന്നു.
"നോർഡിക് രാജ്യങ്ങൾ മറ്റുള്ളവരോടുള്ള ദയയുടെ കാര്യത്തിൽ, പ്രത്യേകിച്ച് അപരിചിതരെ സഹായിക്കലിൽ 2021ൽ ഉയർന്ന നിലയിലായിരുന്നു. 2022ലും അവർ മുന്നിൽ തന്നെയാണ്- റിപ്പോർട്ട് സമിതിയിലെ അംഗമായ ജോൺ ഹെലിവെൽ പറഞ്ഞു.
അതേസമയം, അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായ ഇന്ത്യയുടെ സ്ഥാനം റിപ്പോർട്ടിൽ അയൽരാജ്യങ്ങളായ നേപ്പാൾ, ചൈന, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താൻ എന്നിവയ്ക്ക് താഴെയാണ്. ചൈന 64ാം സ്ഥാനത്തും നേപ്പാൾ 78ാം സ്ഥാനത്തും പാകിസ്താൻ 108ാം സ്ഥാനത്തും ശ്രീലങ്ക 112ാം സ്ഥാനത്തും ബംഗ്ലദേശ് 118ാം സ്ഥാനത്തുമാണ്. താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്താനാണ് ഏറ്റവും പിന്നിലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
റഷ്യ- യുക്രൈയ്ൻ യുദ്ധം ഇരു രാജ്യങ്ങളുടെയും റാങ്കിങ്ങിൽ ഇടിവുണ്ടാക്കി. റഷ്യ 72-ാം സ്ഥാനത്താണെങ്കിൽ യുക്രൈൻ 92-ാം സ്ഥാനത്താണ്. ഇസ്രയേൽ (നാല്), നെതർലൻഡ്‌സ് (അഞ്ച്), സ്വീഡൻ (ആറ്), നോർവേ (ഏഴ്), സ്വിറ്റ്‌സർലൻഡ് (എട്ട്), ലക്‌സംബർഗ് (ഒമ്പത്), ന്യൂസിലൻഡ് (പത്ത്) എന്നിവയാണ് ആദ്യ പത്തിൽ ഇടംപിടിച്ച മറ്റ് രാജ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.