ബംഗ്ലാദേശുമായി ഏഴു കരാറുകൾ
text_fieldsന്യൂഡൽഹി: പരസ്പരബന്ധം വിപുലപ്പെടുത്തി ഇന്ത്യയും ബംഗ്ലാദേശുമായി ഏഴു പുതിയ കരാറുകൾ. കൃഷി, കൽക്കരി, വസ്ത്രനിർമാണം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനാണ് കരാർ. 1965ലെ ഇന്ത്യ പാക് യുദ്ധകാലത്ത് നിലച്ച ചിലാഹട്ടി ഹാൽദിബാരി റെയിൽ ഗതാഗതം പുനഃസ്ഥാപിക്കാനും തീരുമാനിച്ചു. പിറവിയുടെ 49ാം വാർഷികം ബംഗ്ലാദേശ് ആഘോഷിക്കുന്ന വേളയിൽ നടന്ന പ്രധാനമന്ത്രിമാരുടെ വിഡിയോ കോൺഫറൻസിലാണ് തീരുമാനങ്ങൾ. അസമിനും പശ്ചിമ ബംഗാളിനും ബംഗ്ലാദേശുമായി കൂടുതൽ ബന്ധപ്പെടാൻ അവസരമൊരുക്കുന്നതാണ് പുനരാരംഭിക്കുന്ന ട്രെയിൻ ഗതാഗതം. യാത്രക്കാർക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിനാൽ തൽക്കാലം ചരക്കു ഗതാഗതം മാത്രമാണ് ഈ റൂട്ടിൽ ഉണ്ടാവുക. യാത്രവണ്ടികൾ പിന്നീട്.
അയൽപക്ക ബന്ധങ്ങളിൽ ബംഗ്ലാദേശിന് മുന്തിയ പരിഗണനയാണ് ഇന്ത്യ നൽകുന്നതെന്ന് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബംഗ്ലാദേശിെൻറ സ്വാതന്ത്ര്യ വാർഷിക വേളയിൽ, അതിനായി ജീവത്യാഗം ചെയ്ത രണ്ടു രാജ്യങ്ങളിലെയും സൈനികർക്ക് മോദി ആദരമർപ്പിച്ചു. ബംഗ്ലാദേശ് സ്ഥാപകൻ മുജീബുർ റഹ്മാെൻറയും മഹാത്മ ഗാന്ധിയുടെയും ചിത്രങ്ങളുടെ ഡിജിറ്റൽ പ്രദർശനം വാർഷിക വേളയിൽ നടത്തുന്നുണ്ട്.
ബംഗ്ലാദേശിെൻറ യഥാർഥ സുഹൃത്താണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി ശൈഖ് ഹസീന പറഞ്ഞു. കോവിഡിനെ അതിജീവിക്കാൻ മോദി സർക്കാർ ആവിഷ്കരിച്ച ആത്മനിർഭർ പാക്കേജിനെ ഹസീന പ്രശംസിച്ചു. ആഗോളതലത്തിൽ സാമ്പത്തിക പുനരുദ്ധാരണത്തിന് ഇന്ത്യ കൂടുതൽ സുപ്രധാന പങ്ക് വഹിക്കുമെന്ന പ്രത്യാശയും ബംഗ്ലാദേശ് പ്രധാനമന്ത്രി പ്രകടിപ്പിച്ചു.
ചർച്ചയിലെ മറ്റു പ്രധാന ധാരണകൾ: രണ്ടു രാജ്യങ്ങൾക്കും പുറമെ ഭൂട്ടാനും നേപ്പാളും ഉൾപ്പെടുന്ന മോേട്ടാർ വാഹന കരാർ ഏറ്റവും നേരത്തെ പ്രാവർത്തികമാക്കാൻ യോജിച്ചു നീങ്ങും. ഇത് നാലു രാജ്യങ്ങൾക്കുമിടയിൽ ചരക്ക് നീക്കവും ജനസഞ്ചാരവും എളുപ്പമാക്കും. ഭീകരതക്കെതിരെ യോജിച്ചു നീങ്ങും. ബാക്കിയുള്ള അതിർത്തിവേലി നിർമാണം വൈകാതെ പൂർത്തിയാക്കും. ടീസ്റ്റ അടക്കം ആറു നദികളിലെ വെള്ളം രണ്ടു രാജ്യങ്ങളും പങ്കിടുന്നതു സംബന്ധിച്ച ഇടക്കാല ധാരണയും ഏറ്റവും നേരത്തെ ഉണ്ടാക്കും. ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിെൻറ 50ാം വാർഷികാഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.