ചൈനീസ് സ്വാധീനം മറികടക്കാൻ ഇന്ത്യ-ജപ്പാൻ സംയുക്തനീക്കം
text_fieldsഗാന്ധിനഗർ(ഗുജറാത്ത്): ഇന്ത്യ-പസഫിക് മേഖലയിൽ ചൈന പിടിമുറുക്കുന്ന സാഹചര്യത്തിൽ തന്ത്രപ്രധാന പങ്കാളിത്തത്തിലൂടെ ഇതിനെ മറികടക്കാനുള്ള നീക്കങ്ങളെക്കുറിച്ച് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചർച്ച ചെയ്തു. വ്യാപാരം, സുരക്ഷ, സൈനികേതര ആണവോർജം തുടങ്ങിയ മേഖലകളിൽ 15 കരാറുകൾ ഒപ്പിട്ടതായി ജപ്പാൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിെൻറ ഭാഗമായി പുറത്തിറക്കിയ സംയുക്തപ്രസ്താവനയിൽ ഇരുപ്രധാനമന്ത്രിമാരും വ്യക്തമാക്കി.
ദക്ഷിണ ചൈനകടലിലും ഇന്ത്യൻ സമുദ്രത്തിലും വർധിച്ചുവരുന്ന ചൈനയുടെ സൈനികസാന്നിധ്യം ജപ്പാനെയും ഇന്ത്യയെയും ആശങ്കയിലാക്കുന്നുണ്ട്. ഇൗ സാഹചര്യത്തിൽ ഒന്നിച്ചുനീങ്ങാനുള്ള ഇരുരാജ്യങ്ങളുടെയും തീരുമാനത്തിന് രാഷ്ട്രീയപ്രധാന്യമുണ്ട്. ഇരുരാജ്യങ്ങളുടെയും ബന്ധത്തിലെ നാഴികക്കല്ലായി സംയുക്തപ്രസ്താവനയെ ആബെ വിശേഷിപ്പിച്ചു. കഴിഞ്ഞവർഷം താൻ നടത്തിയ ജപ്പാൻ സന്ദർശനത്തിനിടെ ഒപ്പിട്ട സൈനികേതര ആണവസഹകരണ കരാറിന് അംഗീകാരം നൽകിയ ജപ്പാൻ പാർലമെൻറിന് മോദി നന്ദി അറിയിച്ചു. ആണവസാേങ്കതികവിദ്യ ഇന്ത്യക്ക് കൈമാറാനുള്ള കരാറാണിത്.
അൽഖാഇദ, ജയ്ശെ മുഹമ്മദ്, ലശ്കറെ ത്വയ്യിബ തുടങ്ങിയ ഭീകരവാദസംഘടനകൾക്കെതിരെ ഒന്നിച്ചുനീങ്ങാൻ സംയുക്തപ്രസ്താവന ആഹ്വാനം ചെയ്തു. ഭീകരവാദത്തെ ഒരുതരത്തിലും െവച്ചുപൊറുപ്പിക്കില്ല. 2008ലെ മുംബൈ ഭീകരാക്രമണം, 2016ലെ പത്താൻകോട്ട് ആക്രമണം എന്നിവയിൽ പങ്കാളികളായ ഭീകരർക്കെതിരെ നടപടിയെടുക്കണമെന്ന് നരേന്ദ്ര മോദിയും ആബെയും ആവശ്യപ്പെട്ടു.
ഭീകരരുടെ സുരക്ഷിതതാവളങ്ങളും സംഘടനാശൃംഖലയും അവർക്കുള്ള ധനസഹായവും വേരോടെ അറുക്കാൻ എല്ലാ രാജ്യങ്ങളും കൈകോർക്കണം. ഭീകരവാദസംഘങ്ങളുമായി ബന്ധപ്പെട്ട യു.എൻ പ്രമേയങ്ങൾ നടപ്പാക്കാൻ യു.എൻ അംഗരാജ്യങ്ങൾ തയാറാകണം. അതിർത്തി കടന്നുള്ള ഭീകരവാദത്തെ തടയണമെന്നും പാകിസ്താനെ പരോക്ഷമായി സൂചിപ്പിച്ച് പ്രസ്താവന പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.