ഇന്ത്യയും ഖത്തറും തന്ത്രപരമായ പങ്കാളിത്തത്തിലേക്ക്
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിലെത്തിയപ്പോൾ
ന്യൂഡൽഹി: ഉഭയകക്ഷി ബന്ധം തന്ത്രപരമായ പങ്കാളിത്തമാക്കി മാറ്റാനുള്ള സുപ്രധാന കരാറിൽ ഖത്തറും ഇന്ത്യയും ഒപ്പുവെച്ചു. രണ്ട് ദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിലെത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ ഉഭയകക്ഷി സംഭാഷണത്തെതുടർന്നാണ് കരാറിൽ ഒപ്പുവെച്ചത്. നിലവിൽ യു.എ.ഇ, സൗദി അറേബ്യ, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളുമായി ഇന്ത്യക്ക് തന്ത്രപരമായ പങ്കാളിത്തത്തിന് കരാറുണ്ട്. വ്യാപാര, നിക്ഷേപ, ഊർജ, സുരക്ഷാ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ആഴത്തിലുള്ളതാക്കാനും കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും ഇതുവഴി സാധ്യമാകും.
ഉഭയകക്ഷി സംഭാഷണത്തെതുടർന്ന് പരസ്പര സഹകരണത്തിനായി രണ്ട് കരാറുകളും അഞ്ചു ധാരണപത്രങ്ങളും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. അതിൽ ആദ്യ കരാർ തന്ത്രപരമായ പങ്കാളിത്തത്തിനും രണ്ടാമത്തേത് ഇരട്ട നികുതി ഒഴിവാക്കുന്നതിനുമുള്ളതാണ്. സാമ്പത്തിക പങ്കാളിത്തത്തിനും പുരാവസ്തു, കായികം, യുവജനക്ഷേമം എന്നീ മേഖലകളിൽ സഹകരണത്തിനാണ് ധാരണപത്രങ്ങൾ ഒപ്പുവെച്ചത്. ദ്രവീകൃത പ്രകൃത വാതകത്തിന് (എൽ.എൻ.ജി) ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ഖത്തറുമായി ഊർജ മേഖലയിലുള്ള സഹകരണം മെച്ചപ്പെടുത്താനാണ് ധാരണ. വർഷം തോറും 75 ലക്ഷം മെട്രിക് ടൺ എൽ.എൻ.ജി ഖത്തറിൽനിന്ന് ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ രാഷ്ട്രപതി ഭവനിൽ ഖത്തർ അമീറിന് ആചാരപരമായ വരവേൽപ് നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.