യു.എസ് ഉടക്ക്; മിസൈൽ പദ്ധതിയിൽ ഇന്ത്യക്കും റഷ്യക്കും മൗനം
text_fieldsന്യൂഡൽഹി: അമേരിക്കയും റഷ്യയുമായുള്ള ബന്ധം മോശമായി തുടരുന്നതിനിടെ ഡൽഹിയിൽ ഇന്ത്യ-റഷ്യ വിദേശകാര്യ മന്ത്രിമാരുടെ ചർച്ച.
വിവിധ മേഖലകളിൽ പരസ്പര പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള സാധ്യതകൾ ചർച്ചയായെങ്കിലും റഷ്യയിൽനിന്ന് വിമാനവേധ മിസൈലുകൾ വാങ്ങാനുള്ള പദ്ധതിയെക്കുറിച്ച് ഇരുപക്ഷത്തും മൗനം. അമേരിക്ക ഇന്ത്യക്ക് നൽകിയ ഉപരോധ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലാണിത്.
അമേരിക്കയുടെ ഉപരോധ മുന്നറിയിപ്പുകൾ മാറ്റിവെച്ച് എസ് 400 ഇനത്തിൽപെട്ട ഭൂതല, വ്യോമ മിസൈൽ റഷ്യയിൽനിന്ന് വാങ്ങാൻ 2018ൽ ഇന്ത്യ കരാർ ഉണ്ടാക്കിയിരുന്നു. കരാർ ഉപേക്ഷിക്കാൻ യു.എസ് നിർബന്ധം തുടരുകയാണ്. ഇതിനിടയിലാണ് ഡൽഹിയിലെത്തിയ റഷ്യൻ വിദേശകാര്യ മന്ത്രി െസർജി ലാവ്റോവും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി ചർച്ച നടന്നത്.
മിസൈൽ വാങ്ങുന്നതിനെക്കുറിച്ച കാര്യങ്ങൾ പിന്നീട് പ്രതിരോധ മന്ത്രിമാർ ചർച്ച െചയ്യുമെന്ന് ജയ്ശങ്കർ വിശദീകരിച്ചു. അതേസമയം പടക്കോപ്പ് നിർമാണം, ആണവോർജം, ബഹിരാകാശം, ഊർജം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിെൻറ സാധ്യതകൾ ഇരുപക്ഷവും മുന്നോട്ടുവെച്ചു.
ഇന്ത്യയും യൂറേഷ്യൻ സാമ്പത്തിക യൂനിയനുമായി സ്വതന്ത്ര വ്യാപാര കരാർ സാധ്യമാക്കുന്നതിനെക്കുറിച്ചും ചർച്ച നടന്നു. 'നിർമാണം ഇന്ത്യയിൽ' പദ്ധതിയുടെ ഭാഗമായി റഷ്യൻ സൈനിക ഉപകരണങ്ങൾ ഇന്ത്യയിൽ കൂടുതലായി നിർമിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്.
അഫ്ഗാനിസ്താനിൽ പ്രസിഡൻറ് അശ്റഫ് ഗനിയും താലിബാനുമായി സമാധാന ഉടമ്പടി ഉണ്ടാക്കുന്നതിന് അമേരിക്ക സമ്മർദം തുടരുന്ന ഘട്ടത്തിൽ കൂടിയാണ് ഇന്ത്യ-റഷ്യ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച. സമാധാന ഉടമ്പടി ഉണ്ടാക്കുക വഴി, അഫ്ഗാനിൽ ബാക്കിയുള്ള 2500 അമേരിക്കൻ സൈനികരെ പിൻവലിക്കാനാണ് യു.എസ് പദ്ധതി.
അമേരിക്ക, റഷ്യ ബന്ധങ്ങൾ മോശമാണെങ്കിലും താലിബാൻ, അഫ്ഗാൻ നേതാക്കളെ ഒരുമിപ്പിച്ച് ഇടക്കാല ഐക്യസർക്കാർ ഉണ്ടാക്കാനുള്ള അമേരിക്കൻ നിർദേശത്തെ റഷ്യ പരസ്യമായി പിന്തുണച്ചിട്ടുണ്ട്.
അഫ്ഗാൻ സമൂഹത്തിെൻറ ഭാഗമാണ് താലിബാനെന്നും അവിടത്തെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള തീരുമാനങ്ങളിൽ എല്ലാ രാഷ്ട്രീയ, വംശീയ, സാമുദായിക വിഭാഗങ്ങൾക്കും പങ്കാളിത്തം ഉണ്ടാകണമെന്നും ലാവ്റോവ് അഭിപ്രായപ്പെട്ടു. അതല്ലെങ്കിൽ പ്രശ്നപരിഹാര ഫോർമുലക്ക് പഴക്കമുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.