ആസ്ട്രേലിയൻ അതിർത്തികൾ തുറക്കാൻ തീരുമാനം, വിദ്യാർഥികൾ അടക്കമുള്ളവർക്ക് ഗുണകരം; സ്വാഗതം ചെയ്ത് ഇന്ത്യ
text_fieldsന്യൂഡൽഹി: രാജ്യത്തിന്‍റെ അതിർത്തികൾ തുറക്കാൻ ആസ്ട്രേലിയ തീരുമാനിച്ചു. ഫെബ്രുവരി 21 മുതൽ വിസയുള്ള എല്ലാവർക്കും ആസ്ട്രേലിയയിലെത്താൻ പുതിയ തീരുമാനത്തിലൂടെ സാധിക്കും. രണ്ട് കോവിഡ് വാക്സിനുകൾ എടുത്തവർക്ക് അതിർത്തി കടക്കാമെന്നാണ് ആസ്ട്രേലിയ അറിയിച്ചിട്ടുള്ളത്.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് ഇക്കാര്യം അറിയിച്ചത്. ആസ്ട്രേലിയൻ സർക്കാറിന്‍റെ പുതിയ തീരുമാനം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ വിദ്യാർഥികൾക്കും ജോലി ചെയ്യുന്നവർക്കും അവരുടെ ബന്ധുക്കൾക്കും ഗുണം ചെയ്യും.
അതിർത്തികൾ തുറക്കാനുള്ള ആസ്ട്രേലിയൻ സർക്കാറിന്‍റെ തീരുമാനത്തെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ സ്വാഗതം ചെയ്തു. പ്രത്യേകിച്ച് വിദ്യാർഥികൾ, താൽകാലിക വിസ ഉള്ളവർ, വേർപിരിഞ്ഞ കുടുംബങ്ങൾ, ഇന്ത്യയിൽ തിരിച്ചെത്താൻ കാത്തിരിക്കുന്നവർ എന്നിവർക്ക് പുതിയ തീരുമാനം സഹായകരമാണ്. വളരെ അഭിനന്ദനാർഹമായ കാര്യമാണെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.
കേഡ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ കൂട്ടായ്മ ആസ്ട്രേലിയയിൽ സമ്മേളിച്ചിരുന്നു. ഇതിനോട് അനുബന്ധിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ആസ്ട്രേലിയൻ വിദേശകാര്യ മന്ത്രി മെരിസ് പെയ്നും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചക്ക് ശേഷം നടത്തി സംയുക്ത വാർത്താസമ്മേളനത്തിലാണ് ആസ്ട്രേലിയൻ വിദേശകാര്യ മന്ത്രി അതിർത്തി തുറക്കുന്ന കാര്യം പ്രഖ്യാപിച്ചത്.
കഴിഞ്ഞ നവംബറിൽ പൗരന്മാരുടെ കുടുംബാംഗങ്ങൾക്ക് രാജ്യത്തേക്ക് മടങ്ങാൻ ആസ്ട്രേലിയ അനുമതി നൽകിയിരുന്നു. പിന്നീട് ഡിസംബറിൽ വ്യക്തമായ വിസ ഉള്ളവർക്കും പ്രവേശനം അനുവദിച്ചിരുന്നു.
കഴിഞ്ഞ വർഷം 2,500 ഇന്ത്യൻ വിദ്യാർഥികൾ ആസ്‌ട്രേലിയയിൽ പഠനം ആരംഭിച്ചതായി ആസ്‌ട്രേലിയൻ വിദ്യാഭ്യാസ വകുപ്പിന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നത്. 2019നെ അപേക്ഷിച്ച് 83 ശതമാനം കുറവാണിത്. 2019-20 കാലയളവിൽ ഇന്ത്യൻ വിദ്യാർഥികൾ ആസ്‌ട്രേലിയയുടെ സമ്പദ്‌വ്യവസ്ഥക്ക് 6.6 ആസ്‌ട്രേലിയൻ ബില്യൺ ഡോളർ സംഭാവന ചെയ്തതായി സിഡ്‌നി മോണിങ് ഹെറാൾഡിന്‍റെ കണക്ക് വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.