ഇന്ത്യൻ ഉൽപന്നങ്ങൾക്ക് തീരുവ ഒഴിവാക്കി ആസ്ട്രേലിയ; വാണിജ്യ കരാറിൽ ഒപ്പുവെച്ചു
text_fieldsന്യൂഡൽഹി: കയറ്റുമതി രംഗത്ത് വൻ നേട്ടമാകുമെന്ന് പ്രതീക്ഷിക്കുന്ന വ്യാപാര, സാമ്പത്തിക സഹകരണ കരാറിൽ ഇന്ത്യയും ആസ്ട്രേലിയയും ഒപ്പുവെച്ചു. തുണിത്തരങ്ങൾ, തുകൽ, ആഭരണങ്ങൾ, കായിക ഉൽപന്നങ്ങൾ തുടങ്ങി 95 ശതമാനത്തിലധികം ഇന്ത്യൻ ഉൽപന്നങ്ങൾക്കും ആസ്ട്രേലിയൻ വിപണിയിൽ തീരുവ രഹിത പ്രവേശനത്തിന് ഇതുവഴി സാധ്യമാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന വെർച്വൽ ചടങ്ങിൽ ആസ്ട്രേലിയയുടെ വ്യാപാര, നിക്ഷേപ, ടൂറിസം മന്ത്രി ഡാൻ തഹാനും ഇന്ത്യയുടെ വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലുമാണ് കരാറിൽ ഒപ്പുവെച്ചത്. ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധത്തിൽ നിർണായകമായ നിമിഷമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാൻ കരാറിന് സാധിക്കുമെന്ന് സ്കോട്ട് മോറിസണും വ്യക്തമാക്കി.
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ആസ്ട്രേലിയയുമായുള്ള ഉഭയകക്ഷി വ്യാപാരം 27 ബില്യൺ ഡോളറിൽനിന്ന് 50 ബില്യൺ ഡോളറിലെത്താൻ കരാർ സഹായകമാവുമെന്ന് വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. കരാർ യാഥാർഥ്യമാകുന്നതോടെ നിലവിൽ നാലു മുതൽ അഞ്ചു ശതമാനം വരെ കയറ്റുമതി നികുതിയുള്ള വസ്തുക്കൾക്ക് പൂർണമായും നികുതിയിളവ് ലഭിക്കും.
തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, കാർഷിക, മത്സ്യ ഉൽപന്നങ്ങൾ, തുകൽ, പാദരക്ഷകൾ, ഫർണിച്ചറുകൾ, സ്പോർട്സ് സാധനങ്ങൾ, ആഭരണങ്ങൾ, യന്ത്രങ്ങൾ, ഇലക്ട്രിക്കൽ ഉൽപന്നങ്ങൾ, റെയിൽവേ വാഗണുകൾ എന്നിവ ഉൾപ്പെടുന്ന തൊഴിൽ പ്രാധാന്യമുള്ള മേഖലകളിൽ കരാർ വൻ നേട്ടമുണ്ടാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.