232 വാതുവെപ്പ്, വായ്പ ആപ്പുകൾ നിരോധിച്ചു
text_fieldsന്യൂഡല്‍ഹി: ചൈന അടക്കമുള്ള വിദേശ രാജ്യങ്ങളിൽനിന്നുള്ള കമ്പനികളുടെ വായ്പ, വാതുവെപ്പ് ആപ്പുകൾ ഇന്ത്യയിൽ വിലക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം 138 വാതുവെപ്പ് ആപ്പുകളും 94 വായ്പ ആപ്പുകളും നിരോധിക്കാനാണ് കേന്ദ്ര ഇലക്ട്രോണിക്സ്, ഐ.ടി മന്ത്രാലയം നടപടി സ്വീകരിച്ചത്.
വാതുവെപ്പിലും ചൂതാട്ടത്തിലും അനധികൃത പണമിടപാടുകളിലും ഏർപ്പെട്ട 138 ആപ്പുകൾ വിലക്കാനുള്ള ഉത്തരവ് ശനിയാഴ്ച വൈകീട്ടാണ് പുറപ്പെടുവിച്ചത്. ഇതുകൂടാതെ അനധികൃതമായി പ്രവർത്തിച്ചിരുന്ന 94 വായ്പ ആപ്പുകൾകൂടി നിരോധിച്ച് മറ്റൊരു ഉത്തരവും ഇറക്കി. ചൈന അടക്കമുള്ള വിദേശ രാജ്യങ്ങളിൽനിന്നുള്ള കമ്പനികളാണ് ഇൗ ആപ്പുകൾ പ്രവർത്തിപ്പിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതക്ക് ഭീഷണിയായി മാറിയ സാഹചര്യത്തിലാണ് ഇവ നിരോധിക്കുന്നതെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐ.ടി മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ, നിരോധിച്ച ആപ്പുകളുടെ പേരുവിവരം വെളിപ്പെടുത്താൻ മന്ത്രാലയം തയാറായിട്ടില്ല.
ഇന്ത്യൻ പൗരന്മാരുടെ ഡേറ്റകളുടെ സുരക്ഷിതത്വം കാത്തുസൂക്ഷിച്ചും സുരക്ഷ ആശങ്കകൾ പരിഗണിച്ചും നൂറുകണക്കിന് ചൈനീസ് ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചതിന്റെ തുടർച്ചയായാണ് പുതിയ വിലക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് നിർദേശം ലഭിച്ചതുകൊണ്ടാണ് അടിയന്തരമായി ഈ ആപ്പുകൾ നിരോധിക്കാൻ നടപടിയെടുത്തതെന്ന് ഇലക്ട്രോണിക്സ്, ഐ.ടി മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയുടെ അഖണ്ഡതക്കും പരമാധികാരത്തിനും എതിരായതുകൊണ്ടാണ് ഐ.ടി നിയമത്തിലെ 69ാം വകുപ്പ് പ്രകാരം ചൈനീസ് ബന്ധമുള്ള ആപ്പുകൾക്കെതിരായ നടപടി. മിക്ക സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും വാതുവെപ്പും ചൂതാട്ടവും നിരോധിക്കപ്പെട്ടതാണ്. അതിനാൽ, ഇത്തരം ആപ്പുകളുടെ പരസ്യംപോലും നിയമവിരുദ്ധമാണ്.
2022ൽ 28 ചൈനീസ് വായ്പ ആപ്പുകൾക്കെതിരെ പരാതി വന്നതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തിലുള്ള 98 അനധികൃത വായ്പ ആപ്പുകൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ടെന്നറിഞ്ഞത്. ഇതിനുമുമ്പ് 250ഓളം ചൈനീസ് ആപ്പുകൾ രാജ്യത്ത് നിരോധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.