സുരക്ഷാ ഭീഷണിയെന്ന്; 54 ചൈനീസ് ആപ്പുകൾക്ക് കൂടി പൂട്ടിട്ട് കേന്ദ്രം
text_fieldsന്യൂഡൽഹി: രാജ്യസുരക്ഷക്ക് ഭീഷണിയെന്ന് കണ്ടതിനെ തുടർന്ന് 54 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു. വിവാ വിഡിയോ എഡിറ്റർ, ആപ് ലോക് തുടങ്ങി ഏറെ പ്രചാരമുള്ള ആപ്പുകൾ ഇക്കൂട്ടത്തിലുണ്ട്. ഉപഭോക്താക്കളുടെ ഫോണുകളിൽ നിന്ന് നിർണായക വിവരങ്ങൾ ഉൾപ്പെടെ ശേഖരിക്കുന്ന ആപ്പുകളാണ് നിരോധിച്ചിരിക്കുന്നതെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയം വ്യക്തമാക്കി.
സ്വീറ്റ് സെൽഫി, ബ്യൂട്ടി കാമറ, ഗരേന ഫ്രീ ഫയർ-ഇല്യൂമിനേറ്റ്, വിവ വിഡിയോ എഡിറ്റർ, ടെൻസെന്‍റ് ക്സ്രിവെർ, ഓൻമ്യോജി അരീന, ആപ്പ് ലോക്ക്, ഡ്യൂവൽ സ്പേസ് ലൈറ്റ് തുടങ്ങി 54 ആപ്പുകളാണ് നിരോധിച്ചത്. ഫോണുകളിലെ വിവിധ അനുമതികൾ നേടിയെടുക്കുന്ന ഈ ആപ്പുകൾ സെൻസിറ്റീവായുള്ള വിവരങ്ങൾ ശേഖരിക്കുന്നതായും ഇത് ദുരുപയോഗങ്ങൾക്കായി മറ്റ് രാജ്യങ്ങളിലെ സെർവറുകളിലേക്ക് മാറ്റുകയും ചെയ്യുന്നതായി ഐ.ടി മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ഈ ആപ്പുകൾ തടയാൻ ഗൂഗ്ൾ പ്ലേ സ്റ്റോർ ഉൾപ്പെടെയുള്ള മുൻനിര ആപ്പ് സ്റ്റോറുകൾക്ക് കേന്ദ്രം നിർദേശം നൽകി.
കഴിഞ്ഞ വർഷം ജൂണിൽ 59 ചൈനീസ് ആപ്പുകളെ ഇന്ത്യ നിരോധിച്ചിരുന്നു. രാജ്യത്ത് ഏറെ പ്രചാരമുണ്ടായിരുന്ന ടിക്ടോക്, വിചാറ്റ്, യു.സി ന്യൂസ്, പബ്ജി തുടങ്ങിയ ആപ്പുകളാണ് അന്ന് നിരോധിക്കപ്പെട്ടത്. ഗൽവാനിൽ ഇന്ത്യയും ചൈനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായതിന് പിന്നാലെയായിരുന്നു ഈ നീക്കം. ഇതിന് ശേഷവും പല സാഹചര്യങ്ങളിലായി ആപ്പുകൾ സുരക്ഷാ ഭീഷണിയാണെന്ന് വിലയിരുത്തി നിരോധിച്ചിട്ടുണ്ട്. 2020 നവംബറിൽ 43 ആപ്പുകളും കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 118 ചൈനീസ് ആപ്പുകളും നിരോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.