കോവിഡ് നയതന്ത്രം: ഇന്ത്യ അയൽ രാജ്യങ്ങളിലേക്ക് വാക്സിൻ കയറ്റുമതി ആരംഭിച്ചു
text_fieldsന്യൂഡല്‍ഹി: ഇന്ത്യയിൽ നിന്ന് അയല്‍ രാജ്യങ്ങളിലേക്കുള്ള കോവിഡ് വാക്സിൻ കയറ്റുമതി ആരംഭിച്ചു. ഭൂട്ടാനിലേക്കും മാലി ദ്വീപിലേക്കുമാണ് ആദ്യഘട്ട വാക്സിൻ കയറ്റുമതി ചെയ്തത്. ഇതോടെ വാക്സിൻ നിർമാതാക്കളായ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതിന് പിന്നാലെ ഇന്ത്യ വാക്സിൻ വിപണനം നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിലും ഇടം പിടിച്ചു. ഭൂട്ടാനിലേക്കുള്ള ഒന്നരലക്ഷം ഡോസ് വാക്സിൻ ഇന്ന് ഉച്ചയോടെയാണ് അയച്ചത്
ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മാര്‍, സീഷെല്‍സ് എന്നിവിടങ്ങളിലേക്ക് അടുത്ത ദിവസം തന്നെ വാക്‌സിന്‍ കയറ്റി അയക്കുമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ അറിയിച്ചു. ശ്രീലങ്ക, അഫ്ഗാനിസ്താന്‍, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്ന് വാക്‌സിനുവേണ്ടിയുളള അഭ്യർഥനകള്‍ ലഭിച്ചിട്ടുണ്ടെന്ന് വിദേശകാര്യവകുപ്പ് വാര്‍ത്താകുറിപ്പില്‍ പറയുന്നു. ബെഹ്‌റിന്‍, സൗദി അറേബ്യ, ദക്ഷിണ കൊറിയ, മൊറോക്കോ, ദക്ഷിണാഫ്രിക്ക, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയോട് വാക്‌സിന്‍ നല്‍കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.
ഇന്ത്യ കൊവിഡ് വാക്സിൻ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ സ്ഥിരീകരിച്ചു. അതിർത്തി രാജ്യങ്ങൾക്കും ഇന്ത്യയുമായി സൗഹൃദം പങ്കിടുന്ന രാജ്യങ്ങൾക്കുമാണ് ഇന്ത്യ വാക്സിൻ കയറ്റി അയക്കുന്നത്. എന്നാൽ ആദ്യഘട്ടങ്ങളിൽ വാക്സിൻ കയറ്റിയയക്കുന്ന രാജ്യങ്ങളിൽ പാകിസ്താൻ ഉൾപ്പെട്ടിട്ടില്ല. ചൈന വികസിപ്പിച്ച വാക്സിൻ വിതരണത്തിന് തയാറായ സാഹചര്യത്തിലാണ് ഇന്ത്യ കയറ്റുമതി ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.