‘ഇന്ത്യയും ഭാരതവും ഹിന്ദുസ്ഥാനും ഒന്നുതന്നെ’; സിനിമയുടെ ടാഗ് ലൈൻ മാറ്റിയതിൽ വിശദീകരണവുമായി അക്ഷയ് കുമാർ
text_fieldsമുംബൈ: തന്റെ പുതിയ സിനിമയായ ‘മിഷൻ റാണിഗഞ്ചിന്റെ’ ടാഗ് ലൈൻ മാറ്റിയതിൽ വിശദീകരണവുമായി ബോളിവുഡ് നടൻ അക്ഷയ് കുമാർ. സിനിമയുടെ പേരിനൊപ്പം പോസ്റ്ററിൽ ഉണ്ടായിരുന്ന ‘ദി ഗ്രേറ്റ് ഇന്ത്യൻ റെസ്ക്യൂ’ എന്ന ടാഗ് ലൈൻ മാറ്റി ‘ദി ഗ്രേറ്റ് ഭാരത് റെസ്ക്യൂ’ എന്നാക്കിയത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഇന്ത്യ-ഭാരതം പേരുമാറ്റ വിവാദങ്ങൾക്കിടെയായിരുന്നു ടാഗ് ലൈനിലെ ‘പരിഷ്‍കാരം’. ‘ഇന്ത്യ ടുഡേ’ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഇതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് അക്ഷയ്കുമാർ.
‘സിനിമയുടെ നിർമാതാവാണ് മാറ്റം നിർദേശിച്ചത്. എനിക്കും അത് ഇഷ്ടപ്പെട്ടു. അങ്ങനെ ഞങ്ങൾ അതുമായി മുന്നോട്ടു പോയി. ഇന്ത്യ, ഭാരതം, ഹിന്ദുസ്ഥാൻ എല്ലാം ഒന്നാണ്. നിങ്ങളുടെ പാസ്‌പോർട്ടിൽ പോലും രണ്ടും പറയുന്നുണ്ട്. അതിൽ കാര്യമില്ല. ഞങ്ങൾ എല്ലാവരും അതിനോട് യോജിക്കുകയും അത് മാറ്റുകയും ചെയ്തു. ഏറ്റവും പുതിയ ട്രെൻഡിനനുസരിച്ച് വാർത്തകൾ മാറുന്നതുപോലെ, ചിത്രത്തിന്റെ നിർമാതാവ് പേര് ട്രെൻഡിനൊപ്പം ആക്കണമെന്ന് ആഗ്രഹിച്ചു. അതിനാൽ, ടാഗ്‌ലൈൻ മാറ്റം വരുത്തി’, അക്ഷയ് കുമാർ വിശദീകരിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് തിയറ്ററുകളിൽനിന്ന് പ്രതീക്ഷിച്ച നേട്ടം കൊയ്യാനായിട്ടില്ല. നാല് ദിവസം കൊണ്ട് 13.85 കോടിയാണ് നേടാനായത്. ആദ്യ ദിവസം 2.8 കോടി നേടിയ ചിത്രം ശനിയാഴ്ച 4.80 കോടിയും ഞായറാഴ്ച അഞ്ച് കോടിയും നേടിയപ്പോൾ തിങ്കളാഴ്ചത്തെ കലക്ഷൻ 1.25 കോടിയിലേക്ക് താഴ്ന്നു. പരിനീതി ചോപ്ര, കുമുദ് മിശ്ര എന്നിവരാണ് ടിനു സുരേഷ് ദേശായ് സംവിധാനം ചെയ്ത ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. 1989 നവംബറിൽ ഇന്ത്യയിലെ ആദ്യത്തെ വിജയകരമായ കൽക്കരി ഖനി രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയ ജസ്വന്ത് സിങ് ഗില്ലിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.