രത്തൻ ടാറ്റക്ക് വിട നൽകി രാജ്യം; ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടത്തി
text_fieldsമുംബൈ: വ്യവസായി രത്തൻ ടാറ്റയുടെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ നടന്നു. വർളിയിലെ ഡോ.ഇ.മോസസ് റോഡിലുള്ള പൊതുശ്മശാനത്തിലാണ് ചടങ്ങുകൾ നടന്നത്. പാഴ്സി ആചാരപ്രകാരമായിരുന്നു സംസ്കാരം. കേന്ദ്രസർക്കാറിനെ പ്രതിനിധീകരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ ചടങ്ങിൽ പങ്കെടുത്തു.
ദക്ഷിണ മുംബൈയിലെ നരിമാൻ പോയിന്റിലുള്ള നാഷണൽ സെന്റർ ഫോർ പെർഫോമിങ് ആർട്സിൽ നടന്ന പൊതുദർശനത്തിൽ ആയിരക്കണക്കിനാളുകളാണ് എത്തിയത്. രത്തൻ ടാറ്റയുടെ മരണത്തെ തുടർന്ന് ഇന്ന് മഹാരാഷ്ട്രയിൽ ഔദ്യോഗിക ദുഃഖാചരണമായിരുന്നു. സംസ്ഥാന സർക്കാറിന്റെ എല്ലാ പരിപാടികളും മരണത്തെ തുടർന്ന് റദ്ദാക്കിയിരുന്നു.
കഴിഞ്ഞ ദിവസമാണ് പ്രമുഖ വ്യവസായിയയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റ (86) അന്തരിച്ചത്. മുംബൈയിലെ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 1991 മുതൽ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയർമാനായിരുന്നു. രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിരുന്നു.
1937 ഡിസംബർ 28ന് മുംബൈയിലാണ് ജനനം. അമേരിക്കയിലെ കോർണൽ യൂനിവേഴ്സിറ്റിയിൽ നിന്ന് ആർക്കിട്ടെക്ചറിൽ ബി.എസ്.സി ബിരുദം നേടി. 1962ലാണ് ടാറ്റാ ഗ്രൂപ്പിൽ ചേർന്നത്. 1974ൽ ടാറ്റാ സൺസിൽ ഡയരക്ടറായി നിയമിതനായി. 1981ൽ ടാറ്റാ ഇൻഡസ്റ്റ്രീസിന്റെ ചെയർമാനായ രത്തൻ ടാറ്റ 1991ൽ ജെ.ആർ.ഡി ടാറ്റയിൽ നിന്ന് ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തു. 2012 ഡിസംബർ വരെ പദവിയിൽ തുടർന്നു.
2000ൽ പദ്മഭൂഷണും 2008ൽ പദ്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു. രത്തൻ ടാറ്റയുടെ കാലത്താണ് പൂർണ്ണമായും ഇന്ത്യയിൽ തന്നെ രൂപകല്പന ചെയ്തു നിർമ്മിച്ച കാറുകൾ ടാറ്റ പുറത്തിറക്കിയത്. വിദേശകമ്പനികൾ ഏറ്റെടുത്തുകൊണ്ട് ടാറ്റയുടെ വ്യവസായസാമ്രാജ്യം ആഗോളവ്യാപകമായി വിപുലീകരിക്കുന്നതിനും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടാറ്റാ ഗ്രൂപ്പിന് കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.