ബിഹാറിലും സീറ്റ് ധാരണയായി; ആർ.ജെ.ഡി 26; കോൺഗ്രസ് 9; ഇടതുപാർട്ടികൾ 5
text_fieldsപട്ന: ബിഹാറിൽ കോൺഗ്രസും ആർ.ജെ.ഡിയും ഇടതുപാർട്ടികളുമുൾപ്പെടുന്ന മഹാസഖ്യം സീറ്റ് വിഭജനം പൂർത്തിയാക്കി. ആകെയുള്ള 40ൽ ആർ.ജെ.ഡി 26 സീറ്റുകളിലും കോൺഗ്രസ് ഒമ്പതിലും ഇടതുപാർട്ടികൾ അഞ്ച് സീറ്റിലും മത്സരിക്കും. പുർണിയ സീറ്റ് ആർ.ജെ.ഡിക്ക് വിട്ടുനൽകിയതിൽ കോൺഗ്രസിൽ അമർഷമുണ്ട്.
അടുത്തിടെ കോൺഗ്രസിലെത്തിയ പപ്പു യാദവിനുവേണ്ടി പാർട്ടി കണ്ണുവെച്ച മണ്ഡലമായിരുന്നു പുർണിയ. ഈ മണ്ഡലത്തിൽ മത്സരിക്കണമെന്ന് പപ്പു യാദവ് വാശിപിടിച്ചതാണ് സീറ്റ് വിഭജനം വൈകാൻ കാരണം. മുൻ മന്ത്രിയും റുപൗലി എം.എൽ.എയുമായ ബീമ ഭാരതിയെ പുർണിയയിൽ ഇറക്കാനാണ് ആർ.ജെ.ഡി ഉദ്ദേശിക്കുന്നത്. അതേസമയം, സൗഹൃദ പോരാട്ടത്തിൽ ആർ.ജെ.ഡിക്കെതിരെ പാർട്ടി ചിഹ്നത്തിൽ പപ്പു യാദവ് പുർണിയയിൽ മത്സരിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. പുർണിയയിൽ കോൺഗ്രസിന്റെ പതാക പാറുമെന്നും രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുമെന്നും പപ്പു യാദവ് എക്സിൽ കുറിച്ചു. കോൺഗ്രസിൽനിന്ന് ഒരു യാദവ നേതാവിന്റെ ഉയർച്ച തങ്ങൾക്ക് താങ്ങാനാവില്ലെന്ന് ഒരു ആർ.ജെ.ഡി നേതാവ് പറഞ്ഞു.
തേജസ്വി പ്രസാദ് യാദവ് മാത്രമാണ് ബിഹാറിലെ യാദവ നേതാവെന്നും തങ്ങൾ വാഗ്ദാനം ചെയ്യുന്നത് സ്വീകരിക്കുകയല്ലാതെ കോൺഗ്രസിന് മറ്റ് മാർഗമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പപ്പു യാദവിന്റെ ഭാര്യയും കോൺഗ്രസ് രാജ്യസഭാ എം.പിയുമായ രഞ്ജീത് രഞ്ജൻ മുമ്പ് പ്രതിനിധാനംചെയ്ത സുപോൾ സീറ്റിലും ആർ.ജെ.ഡി മത്സരിക്കും. പപ്പു യാദവ് നോട്ടമിട്ട മധേപുരയും പാർട്ടിയെടുത്തു. കിഷൻഗഞ്ച്, കതിഹാർ, ഭഗൽപുർ, മുസാഫർപുർ, സമസ്തിപുർ, വെസ്റ്റ് ചമ്പാരൻ, പട്‌ന സാഹേബ്, സസാരാം, മഹാരാജ്ഗഞ്ച് എന്നിവയാണ് കോൺഗ്രസിന് അനുവദിച്ച ഒമ്പത് സീറ്റുകൾ. മുൻ എം.പി നിഖിൽ കുമാറിനെ മത്സരിപ്പിക്കാൻ ഉദ്ദേശിച്ചിരുന്ന ഔറംഗബാദ് ലഭിക്കാത്തതിൽ കോൺഗ്രസ് അസ്വസ്ഥരാണെന്നാണ് റിപ്പോർട്ട്. ഇടതുപാർട്ടികളിൽ സി.പി.ഐ (എം.എൽ)ന് മൂന്നും സി.പി.എമ്മിനും സി.പി.ഐക്കും ഓരോ സീറ്റും ലഭിച്ചു. സി.പി.ഐ ബെഗുസാരയിലും സി.പി.എം ഖഗാരിയയിലും മത്സരിക്കും.
ഗയ, നവാഡ, ജെഹാനാബാദ്, ഔറംഗബാദ്, ബക്‌സർ, പാടലീപുത്ര, മുംഗർ, ജമുയി, ബങ്ക, വാൽമീകി നഗർ, ഈസ്റ്റ് ചമ്പാരൻ, ഷിയോഹർ, സിതാമർഹി, വൈശാലി, സരൺ, സിവാൻ, ഗോപാൽഗഞ്ച്, ഉജിയാർപുർ, ദർഭംഗ, മധുബാനി, ഝഞ്ജർപുർ, സുപോൾ, മധേപുര, പുർണിയ, അരാരിയ, ഹാജിപുർ എന്നിവയാണ് ആർ.ജെ.ഡിക്ക് അനുവദിച്ച 26 സീറ്റുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.