ഇൻഡ്യ സഖ്യം 295 സീറ്റുകൾ നേടും, എൻ.ഡി.എക്ക് പരമാവധി 235 സീറ്റുകൾ -ഖാർഗെ
text_fieldsന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യം 295 സീറ്റ് നേടുമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബിജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എക്ക് പരമാവധി 235 സീറ്റുകൾ മാത്രമേ നേടാനാകൂ എന്നും ഖാർഗെ പറഞ്ഞു. ഡൽഹിയിലെ വസതിയിൽ ഇൻഡ്യ മുന്നണി നേതാക്കളുടെ യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരെ സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
“ഇന്ന് ഞങ്ങൾ രണ്ടര മണിക്കൂർ യോഗം ചേർന്നു. പ്രധാനമായും തെരഞ്ഞെടുപ്പിനെ കുറിച്ചാണ് ചർച്ച ചെയ്തത്. തെരഞ്ഞെടുപ്പിൽ മുന്നണിക്കുണ്ടായിരുന്ന ബലഹീനതകളും അതിൽനിന്ന് ഉൾക്കൊണ്ട പാഠങ്ങളും ചർച്ചയായി. വോട്ടെണ്ണൽ ദിവസത്തേക്കുള്ള തയാറെടുപ്പുകളും ചർച്ച ചെയ്തു. കുറഞ്ഞത് 295 സീറ്റിലെങ്കിലും ഞങ്ങൾ ജയിക്കും. ബിജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എക്ക് പരമാവധി 235 സീറ്റുകൾ മാത്രമേ നേടാനാകൂ. ജനങ്ങൾ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നത്. ബി.ജെ.പിയും സഖ്യകക്ഷികളും ചേർന്ന് എക്സിറ്റ് പോളിനേക്കുറിച്ച് കഥകൾ മെനയും. എന്നാൽ ഞങ്ങൾ ജനങ്ങളെ സത്യമറിയിക്കും” -ഖാർഗെ പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ലഭിക്കാൻ സാധ്യതയുള്ള സീറ്റുകളുടെ എണ്ണം മുന്നണി യോഗത്തിൽ വിശകലനം ചെയ്തു. കേരളത്തിലെ മുഴുവൻ സീറ്റുകൾക്ക് പുറമെ ഉത്തർപ്രദേശ് -40, രാജസ്ഥാൻ -ഏഴ്, മഹാരാഷ്ട്ര -24, ബിഹാർ -22, തമിഴ്നാട് -40, ബംഗാൾ -24, പഞ്ചാബ് -13, ചണ്ഡിഗഡ് -ഒന്ന്, ഡൽഹി -നാല്, ഛത്തീസ്ഗഡ് -അഞ്ച്, ഝാർഖണ്ഡ് -പത്ത്, മധ്യപ്രദേശ് -ഏഴ്, ഹരിയാന -ഏഴ്, കർണാടക -15-16 എന്നിങ്ങനെയാണ് മുന്നണി ഉറപ്പാക്കിയിരിക്കുന്ന സീറ്റുകളുടെ എണ്ണം. ഇവയ്ക്കു പുറമെ തെലങ്കാന ഉൾപ്പെടെ കൂടുതൽ സംസ്ഥാനങ്ങളിൽനിന്ന് ലഭിക്കുന്ന സീറ്റുകൾ ലഭിക്കുമെന്നും സർക്കാർ രൂപവത്കരിക്കാനാവുമെന്നും മുന്നണി പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.