വീണ്ടും വിദ്വേഷം വിളമ്പി ഹിമന്ത ബിശ്വ ശർമ; പരാതിയുമായി ഇൻഡ്യ സഖ്യം
text_fieldsന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമക്കെതിരെ ഝാർഖണ്ഡ് തെരഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി നൽകി ഇൻഡ്യ സഖ്യം നേതാക്കൾ. ഝാർഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മുസ്‍ലിംകൾക്കെതിരെ ഹിമന്ത അധിക്ഷേപ പരാമർശം നടത്തിയത്.
''അത്തരം ആളുകൾ ഒരിടത്ത് മാത്രം വോട്ട് ചെയ്യും. എന്നാൽ നമ്മൾ ഹിന്ദുക്കൾ പകുതി അവിടെയും പകുതി ഇവിടെയുമായി വോട്ട് ചെയ്യും. ഈ സർക്കാർ നുഴഞ്ഞു കയറ്റക്കാരെ പ്രോത്സാഹിപ്പിക്കുകയാണ്. കാരണം പ്രത്യേക സമുദായം അവർക്ക് വേണ്ടി വോട്ട് ചെയ്യുമല്ലോ.''- എന്നാണ് നവംബർ ഒന്നിന് സാരാഥിൽ നടന്ന റാലിക്കിടെ ഹിമന്ത പറഞ്ഞത്.
ഈ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇൻഡ്യ സഖ്യം മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി നൽകിയത്. മുസ്‍ലിം ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യം വെച്ചാണ് ഹിമന്തയുടെ ഭിന്നിപ്പിക്കുന്നതും വിദ്വേഷം നിറഞ്ഞതുമായ പരാമർശമെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയത്. ഹിമന്തയുടെ വാക്കുകൾ ആഭ്യന്തര യുദ്ധം പോലുള്ള സാഹചര്യം സൃഷ്ടിക്കാനും കലാപത്തിന് പ്രേരിപ്പിക്കുന്നതുമാണെന്നും ഇൻഡ്യ സഖ്യം നേതാവ് ആരോപിച്ചു.
ഒരു പ്രത്യേക മതവിഭാഗത്തിൽനിന്നുള്ളവരെ നുഴഞ്ഞുകയറ്റക്കാരായി മുദ്രകുത്താൻ ഹിമന്ത ശ്രമിക്കുകയാണ്. അത്യന്തം അപകടകരമായ ഈ തന്ത്രം ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തന്നെ ലംഘികുന്നതാണ്. വിദ്വേഷ പ്രസംഗത്തിനെതിരെ സുപ്രീംകോടതി പുറപ്പെടുവിച്ച വിവിധ വിധികൾക്ക് ഘടകവിരുദ്ധവുമാണിത്.
രാഷ്ട്രീയ നേട്ടങ്ങൾക്കായി നിലവിലുള്ള സാമൂഹിക വിഭജനം മുതലെടുക്കാനും ആഴത്തിലുള്ള വർഗീയ സംഘർഷം സൃഷ്ടിക്കാനും ഝാർഖണ്ഡിന്റെ സാമൂഹിക ഘടനയെ തകർക്കാനും ഒരു പ്രത്യേക മത ന്യൂനപക്ഷത്തിലെ എല്ലാ അംഗങ്ങളെയും നുഴഞ്ഞുകയറ്റക്കാരായി ഹിമന്ത ബോധപൂർവം ചിത്രീകരിക്കുകയാണെന്നും കത്തിൽ ഇൻഡ്യ സഖ്യം നേതാക്കൾ ചൂണ്ടിക്കാട്ടി.
എന്നാൽ പരാതി നൽകാൻ മാത്രം താനൊന്നും പറഞ്ഞിട്ടില്ല എന്നായിരുന്നു ഹിമന്തയുടെ മറുപടി. ഹിന്ദുക്കളെ കുറച്ച് പറയുന്നത് അത് മുസ്‍ലിംകളെ ലക്ഷ്യമിട്ടാണെന്ന് കരുതരുത്. പരാമർശത്തിനിടെ മുസ്‍ലിം എന്ന വാക്കുപോലും ഉപയോഗിച്ചിട്ടില്ല. ഹിന്ദു സംസ്കാരമാണ് ഇന്ത്യയിൽ. അവരെ സംരക്ഷിക്കണമെന്ന് പറയുന്നത് പോസിറ്റീവായി എടുക്കുകയാണ് വേണ്ടത്. നുഴഞ്ഞുകയറ്റക്കാരെ കുറിച്ചു പറയുമ്പോൾ ഇൻഡ്യ സഖ്യം നേതാക്കളെ അത് ബാധിക്കുന്നത് എന്തുകൊണ്ടാണെന്നും ഹിമന്ത ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.