ഇൻഡ്യ: നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റു പങ്കിടൽ പ്രായോഗികമല്ലെന്ന് യെച്ചൂരി
text_fieldsന്യൂഡൽഹി: പ്രതിപക്ഷ കൂട്ടായ്മയായ ഇൻഡ്യക്ക് ഏകോപന സമിതിയോ ഉപസമിതികളോ ആവശ്യമില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എല്ലാ പാർട്ടികളുടെയും പ്രതിനിധികൾ ഒന്നിച്ചിരുന്നാണ് പ്രധാന തീരുമാനങ്ങൾ എടുക്കുന്നതെന്നിരിക്കേ, മറ്റു സമിതികൾ അപ്രസക്തമാണെന്ന് സി.പി.എം കരുതുന്നു. ഇൻഡ്യ സമിതികളുടെ യോഗത്തിൽ സി.പി.എം പങ്കെടുക്കാത്തതിനെക്കുറിച്ച ചോദ്യത്തോട് വാർത്തസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു യെച്ചൂരി.
സെപ്റ്റംബർ ആദ്യം നടന്ന ഇൻഡ്യ മുന്നണിയുടെ മുംബൈ യോഗത്തിലാണ് 14 അംഗ ഏകോപന സമിതി പ്രഖ്യാപിച്ചത്. ഇതിൽ സി.പി.എം പ്രതിനിധിയുടെ പേര് പറഞ്ഞിരുന്നില്ല. ഇൻഡ്യയിൽ അംഗമായി തുടരുമെങ്കിലും ഏകോപന സമിതിയിൽനിന്ന് വിട്ടുനിൽക്കാനാണ് സി.പി.എം തീരുമാനം. ഇതേക്കുറിച്ച ചോദ്യത്തിനാണ് ഇൻഡ്യയുടെ ഭാഗമായ പാർട്ടികളുടെ തീരുമാനത്തിനു മുകളിൽ പ്രത്യേക സമിതികൾ വേണ്ട എന്ന സി.പി.എം കാഴ്ചപ്പാട് യെച്ചൂരി പ്രകടിപ്പിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇൻഡ്യ കക്ഷികൾക്കിടയിൽ സീറ്റ് വിഭജനം പ്രായോഗികമല്ലെന്നും ലോക്സഭ തെരഞ്ഞെടുപ്പ് മുൻനിർത്തിയാണ് കൂട്ടായ്മ രൂപപ്പെടുത്തിയതെന്നും യെച്ചൂരി പറഞ്ഞു. രാജസ്ഥാനിൽ രണ്ടു സിറ്റിങ് എം.എൽ.എമാർ അടക്കം 17 സീറ്റിൽ സി.പി.എം സ്ഥാനാർഥികളെ നിർത്തും. ഛത്തിസ്ഗഢിൽ മൂന്ന് സീറ്റിലും മധ്യപ്രദേശിൽ നാലിടത്തും മത്സരിക്കും. തെലങ്കാനയിൽ ചർച്ചകൾ നടക്കുകയാണ്.
ജാതി സെൻസസ് കേരളത്തിൽ നടക്കുന്നതിന് സി.പി.എം എതിരല്ല. ഇക്കാര്യം മന്ത്രിസഭയാണ് തീരുമാനിക്കേണ്ടത്. സംസ്ഥാനങ്ങൾക്ക് ജാതി സെൻസസ് നടത്താം. ബിഹാർ ഇതിനകം നടത്തിക്കഴിഞ്ഞു. മറ്റു ചില സംസ്ഥാനങ്ങൾ പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നാൽ അഖിലേന്ത്യ അടിസ്ഥാനത്തിൽ ജാതി സെൻസസ് നടത്തുന്നതിന് അത് പകരമാവില്ല. ആനുകൂല്യങ്ങളും അവകാശങ്ങളും ലഭ്യമാക്കാൻ ദേശീയ തലത്തിലാണ് ജാതി സെൻസസ് നടക്കേണ്ടത്. സാമൂഹിക-സാമ്പത്തിക സ്ഥിതി കണക്കാക്കാൻ പാകത്തിൽ പൊതു സെൻസസിനൊപ്പം ജാതി സെൻസസ് നടത്തണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.
ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പൊതുപരിപാടികൾ കൂടുതലായി സംഘടിപ്പിക്കാൻ കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. ഫലസ്തീനിൽ വെടിനിർത്തൽ ആഹ്വാനം ചെയ്യുന്ന യു.എൻ പ്രമേയത്തിനൊപ്പം ചേരാത്ത മോദിസർക്കാറിന്‍റെ നിലപാടിനെ കേന്ദ്ര കമ്മിറ്റി അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.