തെരഞ്ഞെടുപ്പ് ഓരോ ഘട്ടം പൂർത്തിയാകുമ്പോഴും ഇൻഡ്യ സഖ്യം വിജയത്തോട് അടുക്കുന്നു -കെജ്രിവാൾ
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടിങ് ഓരോ ഘട്ടം പൂർത്തിയാകുമ്പോഴും ഇൻഡ്യ സഖ്യം വിജയത്തോട് അടുക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മോദി സർക്കാർ പുറത്തേക്ക് പോവുകയും ഇൻഡ്യ മുന്നണി അധികാരത്തിലേറുകയും ചെയ്യുന്ന കാഴ്ചയാണ് ജൂൺ നാലിന് കാണാൻ പോകുന്നത്. സുസ്ഥിരമായ സർക്കാറിനാണ് ഇൻഡ്യ മുന്നണി നേതൃത്വം നൽകുകയെന്നും കെജ്രിവാൾ പറഞ്ഞു.
കേന്ദ്ര മന്ത്രി അമിത് ഷാ ഡൽഹിയിലെ ജനങ്ങളെ പാകിസ്താനികൾ എന്ന് പരാമർശിച്ചതായി കെജ്രിവാൾ ചൂണ്ടിക്കാട്ടി. ഡൽഹിക്കാർ എന്‍റെ കുടുംബാംഗങ്ങളാണ്. അവരെ അങ്ങനെ അപമാനിക്കരുത്. അമിത് ഷായുടെ റാലിയിൽ പങ്കെടുത്തത് വെറും 500ൽ താഴെ ആളുകൾ മാത്രമാണെന്നും കെജ്രിവാൾ പറഞ്ഞു.
'ആം ആദ്മി പാർട്ടിയെ പിന്തുണക്കുന്നവർ പാകിസ്താനികളാണെന്നാണ് അമിത് ഷാ പറഞ്ഞത്. 62 സീറ്റും 56 ശതമാനം വോട്ടും നൽകിയാണ് ഡൽഹിയിലെ ജനങ്ങൾ ഞങ്ങളെ അധികാരത്തിലേറ്റിയത്. ഡൽഹിയിലെ ജനങ്ങൾ പാകിസ്താനികളാണോ? പഞ്ചാബിലെ ജനങ്ങൾ 117ൽ 92 സീറ്റ് നൽകിയാണ് സർക്കാറിനെ അധികാരത്തിലേറ്റിയത്. പഞ്ചാബിലെ ജനങ്ങൾ പാകിസ്താനികളാണോ? ഗുജറാത്തിലെ ജനങ്ങൾ 14 ശതമാനം വോട്ടുകൾ ഞങ്ങൾക്ക് നൽകി. ഗുജറാത്തിലെ ജനങ്ങൾ പാകിസ്താനികളാണോ? ഗോവയിലെ ജനങ്ങൾ ഞങ്ങൾക്ക് സ്നേഹവും വിശ്വാസവും നൽകി. ഗോവയിലെ ജനങ്ങളും പാകിസ്താനികളാണോ?' -കെജ്രിവാൾ ചോദിച്ചു.
'പ്രധാനമന്ത്രി നരേന്ദ്ര മോദി നിങ്ങളെ പിൻഗാമിയായി തെരഞ്ഞെടുത്തിരിക്കാം. അതുമൂലം നിങ്ങൾ അഹങ്കാരിയായി മാറുകയും ജനങ്ങളെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ്. നിങ്ങൾക്ക് പ്രധാനമന്ത്രിയാകാനാവില്ല. ജൂൺ നാലിന് ബി.ജെ.പിയെ ജനങ്ങൾ അധികാരത്തിൽ നിന്ന് പുറത്താക്കും' -കെജ്രിവാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.