എക്സിറ്റ് പോൾ ചർച്ചകളിൽ ഇൻഡ്യ മുന്നണി പങ്കെടുക്കും; 'നേരത്തെ തീരുമാനിക്കപ്പെട്ട എക്‌സിറ്റ് പോളുകളേയും ബി.ജെ.പിയേയും തുറന്നുകാട്ടും'
text_fieldsന്യൂഡൽഹി: എക്സിറ്റ് പോൾ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന നിലപാട് മാറ്റി ഇൻഡ്യ മുന്നണി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന യോഗത്തിന് ശേഷമാണ് ടെലിവിഷനിലെ എക്‌സിറ്റ് പോൾ ചർച്ചകളിൽ പങ്കെടുക്കുമെന്ന് ഇൻഡ്യ മുന്നണി പ്രഖ്യാപിച്ചത്.
നേരത്തെ തീരുമാനിക്കപ്പെട്ട എക്‌സിറ്റ് പോളുകളേയും ബി.ജെ.പിയേയും തുറന്നുകാട്ടാന്‍ ഇൻഡ്യ സഖ്യകക്ഷികള്‍ തീരുമാനിച്ചു. എക്‌സിറ്റ് പോളുകളിൽ പങ്കെടുക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ഘടകങ്ങൾ പരിഗണിച്ച ശേഷം, സഖ്യത്തിലെ എല്ലാ പാർട്ടികളും ഇന്ന് വൈകുന്നേരം ടെലിവിഷനിൽ നടക്കുന്ന എക്‌സിറ്റ് പോൾ ചർച്ചകളിൽ പങ്കെടുക്കുമെന്ന് തീരുമാനിച്ചതായി കോൺഗ്രസ് വക്താവ് പവൻ ഖേര അറിയിച്ചു.
ജൂൺ നാലിന് യഥാർഥ ഫലം വരാനിരിക്കെ, ചാനലുകളിലെ ഊഹാപോഹ ചർച്ചകളിൽ പങ്കെടുക്കില്ലെന്നാണ് കോൺഗ്രസ് ആദ്യം അറിയിച്ചിരുന്നത്. വോട്ടർമാർ അവരുടെ വോട്ട് രേഖപ്പെടുത്തി, ജനവിധി ഉറപ്പിച്ചു. ജൂൺ നാലിന് ഫലം പുറത്തുവരും. അതിനുമുമ്പ്, ടി.ആർ.പിക്ക് വേണ്ടി ഊഹാപോഹങ്ങളിലും സ്ലഗ്ഫെസ്റ്റുകളിലും ഏർപ്പെടാനുള്ള ഒരു കാരണവും ഞങ്ങൾ കാണുന്നില്ല. എക്സിറ്റ് പോൾ സംബന്ധിച്ച ചർച്ചകളിൽ കോൺഗ്രസ് പങ്കെടുക്കില്ല. ഏതൊരു സംവാദത്തിന്‍റെയും ലക്ഷ്യം ജനങ്ങളെ അറിയിക്കുക എന്നതായിരിക്കണം. ജൂൺ നാലു മുതൽ ഞങ്ങൾ സന്തോഷത്തോടെ സംവാദങ്ങളിൽ പങ്കെടുക്കുമെന്നായിരുന്നു പവൻ ഖേറ എക്സിൽ കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.