Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവഖഫ് ഭേദഗതി:...

വഖഫ് ഭേദഗതി: സർക്കാറിന്റേത് ഇരട്ടത്താപ്പെന്ന്​; രാജ്യസഭയിൽ നോട്ടീസ് നൽകി എം.പിമാർ

text_fields
bookmark_border
വഖഫ് ഭേദഗതി: സർക്കാറിന്റേത് ഇരട്ടത്താപ്പെന്ന്​; രാജ്യസഭയിൽ നോട്ടീസ് നൽകി എം.പിമാർ
cancel

ന്യൂഡൽഹി: വഖഫ് സ്വത്തുക്കൾ (അനധികൃതമായി താമസിക്കുന്നവരുടെ ഒഴിപ്പിക്കൽ) ബിൽ 2014 പിൻവലിക്കുന്നതിനെതിരെ രാജ്യസഭയിൽ നോട്ടീസ് നൽകി എം.പിമാരായ ജോൺ ബ്രിട്ടാസും പി.വി. അബ്ദുൽ വഹാബും. 2014ൽ രാജ്യസഭയിൽ അവതരിപ്പിച്ച ബിൽ സച്ചാർ കമ്മിറ്റിയുടെയും വഖഫിനെ സംബന്ധിച്ചുള്ള ജോയന്റ് പാർലമെൻററി കമ്മിറ്റിയുടെയും രാജ്യസഭാ സെലക്ട് കമ്മിറ്റിയുടെയും ശിപാർശകളുടെയും നിയമമന്ത്രാലയത്തിന്റെയും മറ്റും ഉപദേശങ്ങളുടെയും അടിസ്ഥാനത്തിൽ തയാറാക്കിയതായിരുന്നുവെന്ന് ഇരുവരും നോട്ടീസിൽ ചൂണ്ടിക്കാട്ടി.

അനധികൃതമായി വഖഫ് സ്വത്തുകൾ കൈയേറിയവരെ ഒഴിപ്പിച്ച് അന്യാധീനപ്പെട്ട സ്വത്തുക്കൾ തിരിച്ചെടുക്കുന്നതിനുള്ള കർശന വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതായിരുന്നു ബിൽ. എന്നാൽ, 10 കൊല്ലമായിട്ടും ഈ ബില്ല് പാസാക്കാൻ മുതിരാതെ കടകവിരുദ്ധമായ പുതിയ ബില്ലിന് മുതിരുന്നതിനുപിന്നിൽ കേന്ദ്രസർക്കാറിന്റെ ഇരട്ടത്താപ്പും കാപട്യവുമാണെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. ധ്രുവീകരണം പ്രോത്സാഹിപ്പിക്കുകയും സാമൂഹിക ഐക്യം നശിപ്പിക്കുകയും ചെയ്യുന്നതാണ് സർക്കാറിന്റെ നിലപാട്. ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ച ബില്ലിലൂടെ വഖഫ് നിയമത്തിൽ വെള്ളം ചേർക്കാനും മുസ്‍ലിം ഇതര മതസ്ഥരെ ഭരണസംവിധാനത്തിൽ കൊണ്ടുവരാനും മറ്റുമാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.

വഖഫ് വസ്തു ഭൂമി തുച്ഛമായ തുകക്ക് പാട്ടത്തിന് നൽകിയ സംഭവങ്ങൾ നിരവധിയാണെന്ന് പി.വി. അബ്ദുൽ വഹാബ് പറഞ്ഞു. ഇത്തരം ചൂഷണങ്ങളിൽ നടപടിയെടുക്കാൻ വഖഫ് ബോർഡിനെ ശക്തിപ്പെടുത്തുന്ന ബിൽ പിൻവലിക്കുന്നതിലൂടെ വീണ്ടും ഭൂമാഫിയകൾ ശക്തിപ്പെടും. കഴിഞ്ഞ 10 വർഷമായി മുസ്‌ലിംകളുടെ മതപരമായ കാര്യങ്ങളിൽ ആവർത്തിച്ചുള്ള ഇടപെടലുകളുടെ തുടർച്ചയാണ് പുതിയ നീക്കം. നയങ്ങളുടെയും ബില്ലുകളുടെയും രീതിയിൽ പ്രതികാര മനോഭാവത്തോടെ മുസ്‍ലിം സമുദായത്തിന്റെ വികാരങ്ങളുമായി കളിക്കരുതെന്നും അബ്ദുൽ വഹാബ് പറഞ്ഞു.

‘പാർലമെന്റ് കമ്മിറ്റിക്ക് വിട്ടത് ദുരുദ്ദേശ്യപരം’

ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെന്റ് കമ്മിറ്റിക്ക് വിട്ടത് ദുരുദ്ദേശ്യപരമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. ഒന്നുകിൽ ബിൽ റദ്ദാക്കുക അല്ലെങ്കിൽ പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടുക എന്നതായിരുന്നു കോൺഗ്രസിന്റെയും ഇൻഡ്യ മുന്നണിയുടെയും ആവശ്യം. എന്നാൽ, പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് തന്ത്രപരമായി സംയുക്ത പാർലമെന്റ് കമ്മറ്റിക്കാണ് തുടർ പരിഗണനക്കായി ബിൽ വിട്ടിട്ടുള്ളത്. തീവ്രനിലപാടുകാരായ തങ്ങളുടെ എം.പിമാരെ കുത്തിനിറച്ച് ബിൽ പാസാക്കിയെടുക്കാനുള്ള തന്ത്രമാണ് എൻ.ഡി.എയുടേതെന്നും വിഷയത്തിൽ പ്രതിഷേധം ശക്തമാക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണം -സമസ്ത

മലപ്പുറം: വഖഫ് ഭേദഗതി ബില്ല് നടപ്പാക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും ആവശ്യപ്പെട്ടു. നിലവിലെ നിയമപ്രകാരം വഖഫ് വസ്തുക്കളുടെ പട്ടിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച ശേഷം അത് ചോദ്യംചെയ്യാനുള്ള സമയം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, പുതിയ ബില്ല് പ്രകാരം വര്‍ഷങ്ങള്‍ക്കു ശേഷവും വഖഫ് വസ്തുവിന്റെ നിലനില്‍പ്പിനെ ചോദ്യംചെയ്ത് ആര്‍ക്കും ഏത് കാലത്തും പരാതിപ്പെടാം.

നിയമം ഭേദഗതിചെയ്യാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കം ഭരണഘടനയിലെ മൗലികാവകാശമായ അനുഛേദം 26ന്റെ ലംഘനം കൂടിയാണെന്നും വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടുത്താനുള്ള എല്ലാവിധ അവസരങ്ങളും കൈയേറ്റക്കാര്‍ക്ക് ഒരുക്കിക്കൊടുക്കുന്ന തരത്തിലാണ് പുതിയ നിയമഭേദഗതി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ളതെന്നും നേതാക്കാൾ ചൂണ്ടിക്കാട്ടി. ബില്ല് നിയമമാക്കപ്പെടുന്നപക്ഷം സംസ്ഥാനത്തെ വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കാൻ സംസ്ഥാന സര്‍ക്കാര്‍ കേരള വഖഫ് നിയമം കൊണ്ടുവരണമെന്നും അതുവരെ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച് കേരളത്തിലെ വഖഫ് സ്വത്തുക്കള്‍ പരിപൂര്‍ണമായി സംരക്ഷിക്കണമെന്നും സമസ്ത നേതാക്കള്‍ ആവശ്യപ്പെട്ടു.

ബിൽ പിൻവലിക്കണം -നാഷനൽ ലീഗ്

കോഴിക്കോട്: വഖഫ് നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്ന് നാഷനൽ ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വഖഫ് ബോർഡുകളുടെ അധികാരം കവർന്നെടുക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. പതിറ്റാണ്ടുകളായി രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങൾ ഭേദഗതി ചെയ്യുമ്പോൾ ബന്ധപ്പെട്ട സമുദായത്തിന്‍റെ നേതാക്കളുമായി ചർച്ച ചെയ്യുകയെന്ന പ്രാഥമിക മര്യാദ പോലും സർക്കാർ പാലിച്ചില്ലെന്ന് യോഗം കുറ്റപ്പെടുത്തി. പ്രഫ. എ.പി. അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു.

മുസ്‌ലിംവിരുദ്ധ നിലപാടിന്റെ തുടർച്ച -റസാഖ് പാലേരി

തിരുവനന്തപുരം: മുസ്‌ലിംകളുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ബി.ജെ.പി സർക്കാർ വ്യവസ്ഥാപിതമായി നടത്തിക്കൊണ്ടിരിക്കുന്ന കൈകടത്തലിന്റെ തുടർച്ചയാണ് കേന്ദ്ര സർക്കാർ പാർലമെന്റിലവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബില്ലെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.

മുസ്ലിം വിഭാഗത്തെ അപരവത്കരിച്ചും അപരിഷ്കൃതരെന്ന് മുദ്രകുത്തിയും പൈശാചികവത്കരിക്കാനുള്ള സംഘ്പരിവാർ പദ്ധതിയുടെ ഭാഗമാണിതെല്ലാം. പൂർണമായും മുസ്‌ലിംകളുമായി ബന്ധപ്പെട്ട സംവിധാനമായ വഖഫ് ബോർഡുകളിൽ മുസ്ലിം ഇതര അംഗങ്ങളെ ഉൾക്കൊള്ളിക്കണമെന്ന വിചിത്രമായ ഭേദഗതി വരെ സർക്കാർ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതിലൂടെ സാമൂഹിക ധ്രുവീകരണം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് ബിൽ ഭരണഘടനാവിരുദ്ധം -ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ

കൊച്ചി: പാർലമെന്‍റിൽ അവതരിപ്പിച്ച വഖഫ് ബിൽ ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും സർക്കാർ അതിൽനിന്ന് പിന്മാറണമെന്നും ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി ആവശ്യപ്പെട്ടു. മതേതര-ജനാധിപത്യ പ്രസ്ഥാനങ്ങളും രാഷ്ട്രീയപാർട്ടികളും ഇതിനെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും ചെറുത്തു തോൽപിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.

ഭരണഘടനക്ക് നേരെയുള്ള കടന്നാക്രമണം -മന്ത്രി

തിരുവനന്തപുരം: ഭരണഘടനക്കും രാജ്യത്തെ മതനിരപേക്ഷതക്കുംനേരെയുള്ള കടന്നാക്രമണമാണ് വഖഫ് നിയമ ഭേദഗതിയിലൂടെ കേന്ദ്രസർക്കാർ നടത്തുന്നതെന്ന് സംസ്ഥാന വഖഫ് ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാൻ. ഭേദഗതിയിലൂടെ സംസ്ഥാനങ്ങള്‍ക്കുള്ള അവകാശങ്ങളെ നിഷേധിക്കുന്നത് ഫെഡറല്‍ തത്ത്വങ്ങളുടെ ലംഘനമാണ്. ജനാധിപത്യവിരുദ്ധ നീക്കത്തില്‍നിന്ന് കേന്ദ്രം പിന്മാറണം. 1995ലെ വഖഫ് ആക്ടിലെ വ്യവസ്ഥകൾ അട്ടിമറിക്കാനും വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ് കേന്ദ്രസർക്കാർ നീക്കം.

ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കുന്ന അംഗങ്ങളെ ഒഴിവാക്കി നോമിനേറ്റഡ് അംഗങ്ങള്‍ മാത്രമുള്ള ബോര്‍ഡ് ജനാധിപത്യവ്യവസ്ഥക്ക് എതിരാകും. ഈ ബോര്‍ഡിന് നിഷ്പക്ഷ രീതിയില്‍ തീരുമാനമെടുക്കാനാകില്ല. ബോര്‍ഡംഗങ്ങളും ചെയര്‍മാനും ചീഫ് എക്‌സിക്യുട്ടിവ് ഓഫിസറും മുസ്ലിം ആകണമെന്ന വ്യവസ്ഥ മാറ്റുകയും അംഗങ്ങളിൽ രണ്ട് അമുസ്ലിംകള്‍ ഉണ്ടാകണമെന്ന് പറയുകയും ചെയ്യുന്നതോടെ വഖഫ് സംരക്ഷണം ഇല്ലാതാകാനും വഖഫ് വസ്തുക്കള്‍ അന്യാധീനപ്പെടാനും സാധ്യത തുറക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WaqfINDIA BlocWaqf Amendment Bill
News Summary - INDIA bloc parties unite in opposing Waqf Amendment Bill
Next Story