വോട്ടിങ് മെഷീനുകളിൽ കൃത്രിമം; ഇൻഡ്യ സഖ്യം സുപ്രീം കോടതിയിലേക്ക്
text_fieldsന്യൂഡൽഹി: ഇ.വി.എം മെഷീനുകൾക്കെതിരെ വ്യാപകമായി ആരോപണം ഉയർന്ന സാഹചര്യത്തിൽ ഇൻഡ്യ സഖ്യം സുപ്രീംകോടതിയെ സമീപിക്കുകയാണ്. നാളിതുവരെ ഇ.വി.എം മെഷീൻ ഉപയോഗിച്ച തെരഞ്ഞെടുപ്പിൽ ഏറെയും സംശയത്തിന്റെ നിഴലിൽ നിൽക്കുകയാണ്. ഒടുവിൽ, മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായുള്ള ആരോപണം ശക്തമാണ്.
ഈ സാഹചര്യത്തിലാണ് എൻ.സി.പി നേതാവ് ശരദ് പവാറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മുതിർന്ന കോൺഗ്രസ് നേതാക്കളും പ്രമുഖ അഭിഭാഷകന് മനു അഭിഷേക് സിംഗ്വിയുമായി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
മഹാരാഷ്ട്രയിലെ ഹഡപ്സര്‍ സീറ്റില്‍നിന്ന് മത്സരിച്ച് പരാജയപ്പെട്ട എൻ.സി.പി ശരദ് പവാര്‍ വിഭാഗം നേതാവ് പ്രശാന്ത് ജഗ്താപാണ് കോടതിയെ സമീപിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചില മുൻ കരുതലുകൾ സ്വീകരിക്കണമെന്ന് ഇൻഡ്യ സഖ്യ നേതാക്കൾ തീരുമാനിച്ചിരുന്നു. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിൽ 288 അംഗ സഭയിൽ ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതി സഖ്യം 235 സീറ്റുകൾ നേടിയപ്പോൾ പ്രതിപക്ഷമായ മഹാ വികാസ് അഘാഡി (എം.വി.എ) സഖ്യം 46 സീറ്റുകൾ നേടി. ഇതുൾപ്പെടെയുള്ള സംഭവങ്ങൾ ഇ.വി.എം മെഷീനെ പ്രതിക്കൂട്ടിൽ നിർത്തുകയാണ്. വിവിധ രാഷ്ട്രീയ നിരീക്ഷകരും നേരത്തെ തന്നെ ഇ.വി.എം മെഷീന്റെ പ്രവർത്തനത്തിൽ ഏറെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.