ലോക്സഭയിലെ സീറ്റ് ക്രമീകരണം ഇൻഡ്യ സഖ്യത്തെ ഭിന്നിപ്പിക്കാനെന്ന് അഖിലേഷ്
text_fieldsന്യൂഡൽഹി: ലോക്സഭയിൽ ഇൻഡ്യ സഖ്യത്തെ ഭിന്നിപ്പിക്കുന്നതരത്തിൽ സീറ്റ് ക്രമീകരിച്ചതിനെ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രൂക്ഷമായി വിമർശിച്ചു. ഇൻഡ്യ സഖ്യത്തെ ഭിന്നിപ്പിക്കാനുള്ള ബി.ജെ.പി അജണ്ടയാണ് ലോക്സഭയിലെ പുതിയ സീറ്റ് ക്രമീകരണത്തിൽ പ്രതിഫലിക്കുന്നതെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് അടുത്തിരുന്നിരുന്ന അഖിലേഷ് യാദവിനെ അവിടെനിന്ന് മാറ്റി ഇരുവർക്കുമിടയിൽ കെ.സി. വേണുഗോപാലിനും ഗൗരവ് ഗോഗോയിക്കും ടി.ആർ. ബാലുവിനും കൊടിക്കുന്നിൽ സുരേഷിനും സീറ്റ് നൽകുകയായിരുന്നു. സഭ നടക്കുമ്പോൾ പ്രതിപക്ഷ നേതാക്കളുമായി രാഹുൽ ഗാന്ധി ആശയവിനിമയം നടത്താതിരിക്കാനാണ് ഇങ്ങനെ ക്രമീകരിച്ചതെന്ന് പ്രതിപക്ഷ വിമർശനമുയർന്നു. രാഹുലിനൊപ്പം ഡി.എം.കെ നേതാവ് ടി.ആർ ബാലുവിനും സീറ്റ് നൽകിയില്ല.
കോൺഗ്രസിന്റെ നാല് നേതാക്കൾക്ക് മുൻ നിരയിൽ സീറ്റ് നൽകിയപ്പോൾ അഖിലേഷിനൊപ്പം മുൻ സീറ്റിലുണ്ടായിരുന്ന അയോധ്യ എം.പി അവധേഷ് പ്രസാദിനെ രണ്ടാം നിരയിലേക്ക് മാറ്റിയതും മുൻനിരയിലെ രണ്ട് സീറ്റുകൾക്ക് അർഹതയുണ്ടായിട്ടും എസ്.പിക്ക് ഒരു സീറ്റ് മാത്രം അനുവദിച്ചതും അഖിലേഷ് ചോദ്യം ചെയ്തു. അഖിലേഷിന്റെ നിലപാടിനെ പിന്തുണച്ച കോൺഗ്രസ് നേതാവ് പ്രമോദ് തിവാരി പ്രതിപക്ഷ നേതാവിനൊപ്പം മറ്റു പ്രതിപക്ഷ കക്ഷി നേതാക്കളെ ഇരുത്താതെ നടത്തിയ ക്രമീകരണത്തെ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.