‘ഇൻഡ്യ’ അധികാരത്തിൽ വരും -ജയ്റാം രമേശ്
text_fieldsന്യൂഡൽഹി: കൃത്യമായ ഭൂരിപക്ഷത്തോടെ ‘ഇൻഡ്യ’ മുന്നണി അധികാരത്തിൽ വരുമെന്ന് ആവർത്തിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ്. ജൂൺ നാലിന് ഫലം വരുമ്പോൾ, എൻ.ഡി.എയിലെ ചില കക്ഷികൾ തങ്ങളുടെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.സി.സി ആസ്ഥാനത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2019ൽ കോൺഗ്രസ് സംപൂജ്യരായ പല സംസ്ഥാനങ്ങളിലും ഇക്കുറി സ്ഥിതി മാറും. അവിടെനിന്നെല്ലാം പാർട്ടിക്ക് പാർലമെന്റിൽ പ്രതിനിധികളുണ്ടാകും. രാജസ്ഥാൻ, കർണാടക, മഹാരാഷ്ട്ര, യു.പി, ബിഹാർ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ തീർത്തും നിരാശജനകമായിരുന്നു 2019ലെ ഫലം.
എന്നാൽ, ആദ്യ രണ്ട് ഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേ കാര്യങ്ങൾ വ്യക്തമായി. രാജസ്ഥാനിലും കർണാടകയിലും തെലങ്കാനയിലും സ്വന്തംനിലയിൽതന്നെ പാർട്ടി മികച്ച പ്രകടനം നടത്തും. ബിഹാറിലും യു.പിയിലും മുന്നണി എന്ന നിലയിലും എൻ.ഡി.എക്കെതിരെ മേൽക്കൈ നേടാനാകും. ഇത് ഡൽഹിയിലിരുന്ന് വെറുതെ പറയുന്നതല്ല. മറിച്ച്, താനടക്കമുള്ള നേതാക്കൾ രാജ്യത്തെ ഏതാണ്ട് മുഴുവൻ സംസ്ഥാനങ്ങളിലും പ്രചാരണം നടത്തിയതിന്റെ അനുഭവത്തിൽകൂടിയാണ് ഈ വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇനിയും കൂറുമാറുമെന്ന ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ ‘ഇൻഡ്യ’ മുന്നണിക്ക് അധികാരത്തിലെത്താൻ നിതീഷിന്റെ പാർട്ടിയുടെ സഹായം വേണ്ടിവരില്ലെന്നായിരുന്നു ജയ്റാം രമേശിന്റെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.