ഇൻഡ്യ മുന്നണി നേതാക്കളുടെ യോഗം ജൂൺ ഒന്നിന്; തുടർ പ്രവർത്തനങ്ങൾ ചർച്ചയാകും
text_fieldsന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജൂൺ ഒന്നിന് ഇൻഡ്യ മുന്നണിയിലെ ഉന്നത നേതാക്കൾ യോഗം ചേരും. ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ, സഖ്യത്തിന്റെ തുടർ പ്രവർത്തനങ്ങളാകും പ്രധാന ചർച്ചാ വിഷയമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. തിരഞ്ഞെടുപ്പ് ഫലം ജൂൺ നാലിന് വരാനിരിക്കെയാണ് മുന്നണി യോഗം ചേരുന്നതെന്നത് ശ്രദ്ധേയമാണ്.
സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ബിഹാർ മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഉൾപ്പെടെയുള്ളവർക്ക് യോഗത്തിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ആറാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിനു പിന്നാലെ ഇൻഡ്യ സഖ്യം കേന്ദ്രത്തിൽ സർക്കാർ രൂപവത്കരിക്കുമെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുർ ഖാർഗെ പറഞ്ഞിരുന്നു. ഇൻഡ്യ മുന്നണി വൻവിജയം നേടുമെന്ന് അവകാശപ്പെട്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശും രംഗത്തുവന്നിരുന്നു.
സർക്കാർ രൂപവത്കരിക്കാൻ കഴിയുന്ന സ്ഥിതിവിശേഷമുണ്ടായാൽ അതനുസരിച്ച് കക്ഷികളെ ഒരുമിച്ച് നിർത്താനുള്ള തന്ത്രങ്ങളടക്കം യോഗത്തിൽ ആസൂത്രണം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇരുപതിലധികം പാർട്ടികൾ അടങ്ങുന്ന പ്രതിപക്ഷം കഴിഞ്ഞ വർഷമാണ് പൊതു തെരഞ്ഞെടുപ്പിൽ എൻ.ഡി.എയെ നേരിടാൻ സഖ്യമുണ്ടാക്കിയത്. ഡൽഹിയിലും യു.പിയിലുമടക്കം പല സംസ്ഥാനങ്ങളിലും ഇൻഡ്യ മുന്നണിയുടെ ഭാഗമായാണ് പ്രതിപക്ഷ പാർട്ടികൾ മത്സരിച്ചത്. ഇവിടങ്ങളിലെ സഖ്യത്തിന്റെ പ്രകടനവും യോഗത്തിൽ വിലയിരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.