പാകിസ്താനുമായി ചര്ച്ചയില്ല; ഇന്ത്യ പിന്മാറി
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിൽ ഭീകരർ മൂന്ന് പൊലീസുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടു ത്തിയതിനെ തുടർന്ന് ന്യൂയോർക്കിൽ നടക്കാനിരുന്ന ഇന്ത്യ-പാകിസ്താൻ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയിൽനിന്ന് ഇന്ത്യ പിന്മാറി.
തീവ്രവാദിയായ ബുർഹാൻ വാനിയുടെ തപാൽ സ്റ്റാമ്പ് പാകിസ്താൻ പുറത്തിറക്കിയതും ഇന്ത്യയെ പ്രകോപിപ്പിച്ചു. പാക് പിന്തുണയോടെയുള്ള കൊലയെ നിഷ്ഠുരമെന്ന് വിശേഷിപ്പിച്ച ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ് കുമാർ, ഇത്തരമൊരു സാഹചര്യത്തിൽ സംഭാഷണം അർഥശൂന്യമാണെന്നും പറഞ്ഞു.
ഇൗ രണ്ടു സംഭവങ്ങളും പാകിസ്താനിലെ പുതിയ പ്രധാനമന്ത്രി ഇംറാൻ ഖാെൻറ യഥാർഥ മുഖവും അവരുടെ അജണ്ടയും ലോകത്തിനു മുന്നിൽ വ്യക്തമാക്കി. തീവ്രവാദിയെ മഹത്ത്വവത്കരിച്ച് സ്റ്റാമ്പ് പുറത്തിറക്കിയത് പാകിസ്താൻ അനുരഞ്ജനത്തിെൻറ വഴിക്കില്ലെന്നതിെൻറ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സംഭാഷണത്തെക്കാൾ ഇന്ത്യക്ക് മറ്റു മുൻഗണനകളാണുള്ളതെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറൈശി കുറ്റപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിൽ സംഭാഷണം നടക്കരുതെന്ന് ആഗ്രഹിക്കുന്ന ഒരുസംഘം ഡൽഹിയിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യ കൂടിക്കാഴ്ചയിൽനിന്ന് പിന്മാറിയതിനു പിന്നാലെയാണ് പാകിസ്താെൻറ പ്രതികരണം. ഇന്ത്യ അടുത്തവർഷം തെരഞ്ഞെടുപ്പിന് തയാറെടുക്കുകയാണെന്നും മേഖലയുടെ വിശാല താൽപര്യം മുൻനിർത്തിയാണ് പാകിസ്താൻ ചർച്ച തുടങ്ങണമെന്ന് നിർദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിൽ ഉഭയകക്ഷി ചർച്ച തുടങ്ങണമെന്ന് നിർദേശിച്ചതിെൻറ അടിസ്ഥാനത്തിലാണ് സംഭാഷണത്തിന് വഴിയൊരുങ്ങിയത്.
ഇൗമാസം അവസാനം ന്യൂയോർക്കിൽ യു.എൻ പൊതുസഭക്കിടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജും പാക് വിദേശകാര്യ മന്ത്രി ഷാ െമഹ്മൂദ് ഖുൈറെശിയും കൂടിക്കാഴ്ച നടത്തുമെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ്കുമാറാണ് വ്യാഴാഴ്ച അറിയിച്ചത്. എന്നാൽ, ഇത് ചർച്ച വീണ്ടും തുടങ്ങാനല്ലെന്നും പാക് പ്രധാനമന്ത്രിയുടെ അഭ്യർഥനപ്രകാരമാണെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇന്ത്യ-പാകിസ്താൻ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചത് ഗംഭീര വാർത്തയാണെന്ന് അമേരിക്ക പ്രതികരിച്ചിരുന്നു.
മികച്ചതും ശക്തവുമായ ബന്ധം നിലനിർത്താൻ ഭാവിയിൽ ഇരുരാജ്യങ്ങൾക്കും സാധിക്കെട്ടയെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കൻ വിദേശകാര്യ വക്താവ് ഹെതർ നവോർട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി ഇംറാൻ ഖാനും കത്തുകൾ കൈമാറിയതിനെയും അവർ സ്വാഗതംചെയ്തു. ഇന്ത്യയും പാകിസ്താനും തമ്മിൽ നടക്കുന്ന സംഭാഷണത്തെ പിന്തുണക്കുന്നതായും സംഘർഷം കുറക്കാൻ ഇത് സഹായിക്കുമെന്നും അമേരിക്കൻ പ്രിൻസിപ്പൽ ഡെപ്യൂട്ടി അസിസ്റ്റൻറ് സെക്രട്ടറി ആലിസ് വെൽസും പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.