ഇന്ത്യ-കാനഡ തർക്കം ബിഷ്ണോയിലേക്ക്
text_fieldsന്യൂഡൽഹി: ഇന്ത്യയിലും കാനഡയിലും ക്രിമിനൽ സംഘങ്ങളെ ഉപയോഗിച്ച് സംഘടിത കുറ്റകൃത്യങ്ങളിലേർപ്പെടുന്ന ലോറൻസ് ബിഷ്‍ണോയിയെ ചൊല്ലി ഇന്ത്യയും കാനഡയും തമ്മിൽ പുതിയ തർക്കം. ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽപ്പെട്ട കുറ്റവാളികളെ വിട്ടുകിട്ടാൻ ഇന്ത്യ ആവശ്യപ്പെട്ടിട്ടും കാനഡ വൈമുഖ്യം കാണിക്കുകയായിരുന്നുവെന്ന് വിദേശ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഇത്തരമൊരു സാഹചര്യത്തിൽ, ലോറൻസ് ബിഷ്‍ണോയി സംഘം ഇന്ത്യ ഗവൺമെന്റിന്റെ ഏജന്റുമാരുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നതെന്ന് കാനഡ ആരോപിക്കുന്നത് വിരോധാഭാസമാണെന്നും ജയ്സ്വാൾ കുറ്റപ്പെടുത്തി.
കാനഡ വിട്ടുനൽകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ട കുറ്റവാളികൾ തന്നെ ആ രാജ്യത്ത് കുറ്റകൃത്യം നടത്തുന്നുവെന്ന് കനേഡിയൻ പൊലീസ് പറയുന്നതും അതിന് ഇന്ത്യയെ കുറ്റപ്പെടുത്തുന്നതും വിചിത്രമാണെന്ന് ജയ്സ്വാൾ പറഞ്ഞു. 26 കുറ്റവാളികളെ വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ ആവശ്യം ഇപ്പോഴും കാനഡ അംഗീകരിച്ചിട്ടില്ല. അതിന് പുറമെയാണ് ചിലരുടെ അറസ്റ്റിനായുള്ള അപേക്ഷകൾ. ഇവരുടെ സമ്പത്ത് കണ്ടുകെട്ടുന്ന കാര്യം ബന്ധപ്പെട്ട ഏജൻസികൾ പരിശോധിക്കുന്നുണ്ട്.
ഇന്ത്യവിരുദ്ധ തീവ്രവാദികളാണ് കാനഡയിൽ വിരട്ടലും അക്രമവും നടത്തുന്നത്. എന്നാൽ, ഇന്ത്യ വിരുദ്ധ സംഘങ്ങൾക്കെതിരെ നടപടി എടുക്കുന്നില്ല. ഭീകരാക്രമണക്കേസുകളിൽ ലോറൻസ് ബിഷ്ണോയ് സംഘത്തിലുള്ളവരടക്കമുണ്ട്. ബിഷ്ണോയ് സംഘത്തിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്നത് ഇന്ത്യയുടെ പ്രധാന ആവശ്യവും ആശങ്കയുമാണ്. കാനഡ എന്തുതന്നെ ആരോപിച്ചാലും ഹർദീപ് സിങ് നിജ്ജറിന്റെ വധത്തിൽ കാനഡ നാടുകടത്തിയ ഇന്ത്യൻ സ്ഥാനപതിക്കും മറ്റു അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥർക്കും ബന്ധമില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് ജയ്സ്വാൾ പറഞ്ഞു.
അമേരിക്കയുടെ ആരോപണത്തിന് ഇന്ത്യയുടെ സ്ഥിരീകരണം
ന്യൂഡൽഹി: ഖലിസ്ഥാൻ വിഘടന വാദി നേതാവ് ഗുർപന്ത് സിങ് പന്നുനിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി റിസർച്ച് ആൻഡ് അനാലിസിസ് വിങ് (റോ) മുൻ ഓഫിസർക്ക് പങ്കുണ്ടെന്ന വിവരം അമേരിക്കയുടെ സ്റ്റേറ്റ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് കൈമാറിയിട്ടുണ്ടെന്ന് ഇന്ത്യ. ഇക്കാര്യം സ്ഥിരീകരിച്ച വിദേശ മന്ത്രാലയ വക്താവ് ഈ മുൻ ‘റോ’ ഓഫിസർ ഇപ്പോൾ കേന്ദ്ര സർവിസിൽ ഇല്ലെന്ന് പറഞ്ഞു. അമേരിക്കയുടെ സ്റ്റേറ്റ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ട കുറിപ്പിൽ സി.സി-1 എന്ന് വ്യക്തമാക്കിയ മുൻ ‘റോ’ ഓഫിസറുടെ കാര്യത്തിലാണ് സ്ഥിരീകരണം.
പന്നുനിന്റെ വധത്തെ കുറിച്ച് അമേരിക്കയും ഇന്ത്യയും ഏകോപിച്ച് രണ്ട് വ്യത്യസ്ത അന്വേഷണം നടത്തുന്നുണ്ടെന്ന് വക്താവ് പറഞ്ഞു. 2023ൽ ഇതിനായുണ്ടാക്കിയ അന്വേഷണസംഘം വിഷയം പഠിക്കുകയാണ്. അതിനാണ് സംഘത്തിലെ രണ്ടുപേർ അമേരിക്കയിലേക്ക് പോയതെന്നും ജയ്സ്വാൾ പറഞ്ഞു.
വിക്രം യാദവ് എന്ന മുൻ ‘റോ’ ഓഫിസറാണ് ഗുർപത്വന്ത് സിങ് പന്നുനിനെ കൊലപ്പെടുത്താനായി സംഘത്തെ ശട്ടംകെട്ടിയതെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. വധശ്രമത്തിനു ശേഷം സി.ആർ.പി.എഫിൽ നിന്ന് ഡെപ്യൂട്ടേഷനിൽ ‘റോ’യിലേക്ക് പോയ യാദവിനെ സി.ആർ.പി.എഫിലേക്ക് തിരികെ ട്രാൻസ്ഫർ ചെയ്തുവെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. വധശ്രമത്തിലെ സഹ ഗൂഢാലോചകൻ (സി.സി-1) എന്നാണ് യാദവിനെ വിശേഷിപ്പിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.