കാനഡയിൽ നിന്നെത്തിയത് 2.77 ലക്ഷം വിനോദസഞ്ചാരികൾ; വിസ നിയന്ത്രണം ടൂറിസത്തിനും തിരിച്ചടി
text_fieldsന്യൂഡൽഹി: കനേഡിയൻ പൗരൻമാർക്ക് വിസ നൽകുന്നത് നിർത്തിയ നടപടി ഇന്ത്യയിലെ ടൂറിസം മേഖലക്ക് കനത്ത തിരിച്ചടി. 2022ൽ 2.77 ലക്ഷം കനേഡിയൻ വിനോദസഞ്ചാരികളാണ് ഇന്ത്യയിലെത്തിയത്. ഇന്ത്യയിലേക്ക് എത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ അഞ്ചാം സ്ഥാനത്താണ് കാനഡയുള്ളത്. 2021ൽ 80,000 വിനോദ സഞ്ചാരികൾ വന്ന സ്ഥാനത്താണ് കഴിഞ്ഞ വർഷം വർധന രേഖപ്പെടുത്തിയത്.
അതേസമയം, ഇന്ത്യൻ വംശജരായ കനേഡിയൻ പൗരൻമാർ ടൂറിസം വിസ ഉപയോഗിച്ചാണ് രാജ്യത്തേക്ക് സന്ദർശനം നടത്താറ്. ഇതും ഇന്ത്യയിലെത്തുന്ന കനേഡിയൻ വിദേശസഞ്ചാരികളുടെ എണ്ണത്തെ സ്വാധീനിക്കുന്നുണ്ട്. കാനഡയിൽ ഇന്ത്യൻ വംശജരായ 14 ലക്ഷം പേരുണ്ടെന്നാണ് കണക്കുകൾ. വിസ നിരോധനം വന്നതോടെ പലർക്കും ഇന്ത്യയിലെ തങ്ങളുടെ ബന്ധുക്കളെ കാണാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ക്രിസ്മസ് അവധിക്കാണ് പല ഇന്ത്യൻ വംശജരും കാനഡയിൽ നിന്നും എത്താറ്. വിസ നിയന്ത്രണം തുടരുകയാണെങ്കിൽ ഇവരുടെ യാത്രയെ ഉൾപ്പടെ ഇത് ബാധിക്കും.
1.85 ലക്ഷം ഇന്ത്യൻ വിദ്യാർഥികളാണ് പഠനത്തിനായി കാനഡയിലെത്തിയിട്ടുള്ളത്. നിലവിലുള്ള നയതന്ത്ര പ്രതിസന്ധിയിൽ കാനഡയിലെ ഇന്ത്യൻ വിദ്യാർഥികളും ആശങ്കയിലാണ്. നയതന്ത്ര പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കാനഡയിലുള്ള ഇന്ത്യൻ പൗരൻമാർക്ക് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. ജാഗ്രതയോടെ മതി യാത്രകളെന്നും മുന്നറിയിപ്പ് സന്ദേശത്തിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.