അഫ്ഗാൻ പൗരന്മാർക്ക് നൽകിയ വിസ ഇന്ത്യ റദ്ദാക്കി; ഇന്ത്യയിലേക്കുള്ള യാത്രക്ക് ഇ-വിസ നിർബന്ധം
text_fieldsന്യൂഡൽഹി: അഫ്ഗാൻ പൗരന്മാർക്ക് നൽകിയ എല്ലാ വിസകളും ഇന്ത്യ റദ്ദാക്കി. ഇന്ത്യക്ക് പുറത്തുള്ള അഫ്ഗാൻ പൗരന്മാരുടെ കൈവശമുള്ള വിസകളാണ് റദ്ദാക്കിയത്. ഇനി ഇ-വിസ സൗകര്യം ഉപയോഗിച്ച് മാത്രമാണ് അഫ്ഗാൻ പൗരന്മാർക്ക് ഇന്ത്യയിലേക്ക് യാത്രാനുമതി. ഇന്ത്യൻ വിസയുണ്ടായിരുന്ന പല അഫ്ഗാൻ പൗരന്മാരും അത് നഷ്ടപ്പെടുത്തിയെന്ന റിപ്പോർട്ടുകളെ തുടർന്ന് സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് നടപടി.
താലിബാൻ അഫ്ഗാൻ പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യയിലേക്ക് വരാനാഗ്രഹിക്കുന്ന പൗരന്മാർക്ക് ഇ-വിസ നിർബന്ധമാക്കിയിരുന്നു. കഴിഞ്ഞ 17നാണ് ഈ തീരുമാനം നിലവിൽ വന്നത്. ഇതിന് പിന്നാലെയാണ് നേരത്തെ നൽകിയ എല്ലാ വിസകളും റദ്ദാക്കിയത്. ഇന്ത്യയിലെത്താൻ ആഗ്രഹിക്കുന്ന അഫ്ഗാൻ പൗരന്മാർ ഔദ്യോഗിക വെബ്സൈറ്റ് വഴി ഇ-വിസക്ക് അപേക്ഷിക്കണം.
അതേസമയം, അഫ്ഗാനിസ്താനിൽ രക്ഷാദൗത്യത്തിനയച്ച വ്യോമസേന വിമാനം നാല് ദിവസം കൂടി അവിടെ തുടരുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. തിരിച്ചെത്തുന്ന എല്ലാവർക്കും രണ്ടാഴ്ച നിരീക്ഷണം നിർബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്. താലിബാനോടുള്ള ഇന്ത്യൻ നിലപാട് വ്യക്തമാക്കണമെന്ന് നാളത്തെ സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പെടും.
അഫ്ഗാനിസ്ഥാനിലെ രക്ഷാദൗത്യം മുപ്പത്തിയൊന്നിന് അവസാനിപ്പിക്കും എന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്. ഇനി എത്ര ഇന്ത്യക്കാർ മടങ്ങാനുണ്ടെന്ന് വ്യക്തമായ കണക്ക് കേന്ദ്രം നല്കിയിട്ടില്ല. എന്നാൽ പല രാജ്യങ്ങളുടെ ക്യാംപുകളിൽ ജോലി ചെയ്ത നൂറിലധികം പേർ ഇനിയും ഉണ്ടാകും എന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.