ഇന്ത്യ-ചൈന അതിർത്തിതർക്കം പരിഹരിക്കാവുന്നത് –വിദേശകാര്യ സെക്രട്ടറി
text_fieldsസിംഗപ്പൂർ: ഇന്ത്യയും ചൈനയും മുമ്പും അതിർത്തിതർക്കങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെന്നും ഇപ്രാവശ്യവും അതിന് സാധിക്കാതിരിക്കാൻ പ്രത്യേക കാരണമൊന്നും കാണുന്നില്ലെന്നും വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ. ‘ഇന്ത്യ^ആസിയാൻ: മാറുന്ന ഭൗമരാഷ്ട്രീയം’ എന്ന വിഷയത്തിൽ ഇന്ത്യൻ ഹൈകമീഷനും ലീ ക്വാൻയു സ്കൂൾ ഒാഫ് പബ്ലിക് പോളിസിയും ചേർന്ന് സംഘടിപ്പിച്ച പ്രഭാഷണത്തിനിടെ ഉയർന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യക്കും ചൈനക്കുമിടയിലെ അതിർത്തി അതിവിപുലമാണ്. ഇരുരാജ്യങ്ങളും പരസ്പരം ചർച്ച ചെയ്ത് അംഗീകരിച്ചതല്ല അത്. അതിനാൽ, ഇടക്കിടെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. ഇതാദ്യമല്ല ഇരുരാജ്യങ്ങൾക്കുമിടയിൽ അതിർത്തിതർക്കം ഉയരുന്നതെന്നും ജയശങ്കർ പറഞ്ഞു. അടുത്തടുത്ത് രണ്ട് വൻശക്തികൾ ഒരേസമയം വളർന്നുവരുേമ്പാൾ അതിലുണ്ടാകുന്ന സങ്കീർണതകളെപ്പറ്റി ഇപ്പോൾ എല്ലാവരും ബോധവാന്മാരായിക്കഴിഞ്ഞു.
ഇന്ത്യക്കും ചൈനക്കും അനുകൂലമായ ചരിത്രത്തിെൻറ ഭൂതകാലവും പ്രശ്നകലുഷിതമായ ചരിത്രത്തിെൻറ സമീപകാലവുമാണുള്ളതെന്നും ഇതുയർത്തുന്ന വെല്ലുവിളി വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിക്കിം അതിർത്തിയിലെ ഡോക് ലായിൽ ചൈനീസ് സൈന്യം റോഡ് നിർമിക്കാൻ തുടങ്ങിയത് ഇന്ത്യ തടസ്സപ്പെടുത്തിയതോടെയാണ് അടുത്തിടെ വീണ്ടും ഇരുരാജ്യങ്ങൾക്കുമിടയിൽ അതിർത്തിതർക്കം രൂക്ഷമായത്.
ജമ്മു^കശ്മീർ മുതൽ അരുണാചൽപ്രദേശ് വരെ 3488 കി.മീറ്റർ അതിർത്തിയാണ് ഇന്ത്യയും ചൈനയും പങ്കിടുന്നത്. ഇന്ത്യ ഡോക് ലാ എന്ന് വിളിക്കുന്ന പ്രദേശം ചൈനയുടെ ഡോങ് ലാങ് പ്രവിശ്യയുടെ ഭാഗമാണെന്നാണ് ചൈനയുടെ അവകാശവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.