കിഴക്കൻ ലഡാക്കിൽ നിന്ന് ഇന്ത്യ, ചൈന സൈനിക പിന്മാറ്റം പൂർത്തിയായി
text_fieldsലഡാക്ക്: കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിലെ (എൽ.എ.സി) സംഘർഷ ഭൂമിയിൽ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈനികപിന്മാറ്റം പൂർത്തിയായി. ഡെംചോക്, ഡെപ്സാങ് മേഖലകളിൽ നിന്നാണ് നേരത്തെയുള്ള ധാരണപ്രകാരം സൈനിക പിന്മാറ്റം പൂർത്തിയാക്കിയത്. മേഖലയിൽ സൈനിക പട്രോളിങ് വൈകാതെ ആരംഭിക്കും. ഒക്ടോബർ 29ഓടെ പിന്മാറ്റം പൂർത്തിയാകുമെന്ന് സൈനിക വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു.
ഇരു സൈന്യങ്ങളും പലപ്പോഴായി മുഖാമുഖമെത്തിയ മേഖലകളിൽ നിന്നാണ് ഇപ്പോൾ പിന്മാറിയത്. പരസ്പരം ഏറ്റുമുട്ടിയ സ്ഥലങ്ങളിൽ ഇരുകൂട്ടരും താൽക്കാലികമായൊരുക്കിയ തമ്പുകളും നീക്കംചെയ്തു. പിന്മാറ്റം പൂർത്തിയായെന്ന് ഇരുരാജ്യങ്ങളും പരിശോധിച്ച് ഉറപ്പാക്കും.
മേഖലയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനും പട്രോളിങ് നടത്താനുമുള്ള ധാരണയിൽ ഇന്ത്യയും ചൈനയും എത്തിയിരുന്നു. റഷ്യയിൽ ബ്രിക്സ് ഉച്ചകോടിക്കിടെ മോദി - ഷീ കൂടിക്കാഴ്ച നടക്കുകയും ചെയ്തതോടെയാണ് സൈനിക പിന്മാറ്റത്തിലേക്ക് കാര്യങ്ങളെത്തിയത്. ഇരുകൂട്ടരും മേഖലയിൽ നിരീക്ഷണങ്ങൾ തുടരുകയും തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്യും.
2020 ഏപ്രിലിന് മുമ്പുള്ള പൂർവ സ്ഥിതിയിലേക്ക് കിഴക്കൻ ലഡാക്കിലെ സൈനിക സാന്നിധ്യം എത്തിക്കുമെന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണ. 2020 ജൂണിലാണ് കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ ഇരു സൈന്യവും രക്തരൂഷിതമായ ഏറ്റുമുട്ടലിലേർപ്പെട്ടത്. ഇതിന് പിന്നാലെ ചൈനയുമായുള്ള നയതന്ത്രബന്ധം പാടെ വഷളായിരുന്നു.
സേനാപിന്മാറ്റവുമായി ബന്ധപ്പെട്ട ഉടമ്പടി ആദ്യം നയതന്ത്രതലത്തിലാണ് അംഗീകരിക്കപ്പെട്ടത്. ഇതിന് പിന്നാലെ സൈനികതലത്തിലും ചർച്ചകൾ നടന്ന് ധാരണയിലെത്തുകയായിരുന്നു.
കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽനിന്ന് ഇന്ത്യയുടെയും ചൈനയുടെയും സേനാ പിന്മാറ്റ തീരുമാനത്തെ യു.എസ് സ്വാഗതം ചെയ്തു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഈ വിഷയത്തിൽ ഇന്ത്യയുമായി ചർച്ച നടത്തുമെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.