ഇന്ത്യ - ചൈന ഏറ്റുമുട്ടൽ കൂടാരം നീക്കാനുള്ള ശ്രമത്തിനൊടുവിൽ
text_fieldsന്യൂഡൽഹി: ഗൽവാൻ താഴ്വരയിൽ ചൈനീസ് സേന അനധികൃതമായി കെട്ടിയ കൂടാരം ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടയിലാണ് 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതെന്ന് റിപ്പോർട്ടുകൾ. ചൈനയുടെ 45 സൈനികർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഏറ്റുമുട്ടലിനിടയിൽ നിരവധി സൈനികർ തണുത്തുറഞ്ഞ ഗൽവാൻ നദിയിലേക്കു വീണതാണ് മരണസംഖ്യ കൂട്ടിയത്.
ഏറ്റുമുട്ടലിൽ 18 സൈനികർക്ക് പരിക്കേറ്റതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇവരിൽ നാലു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവർക്കൊപ്പം നിസാര പരിക്കേറ്റ 58 പേർ നിരീക്ഷണത്തിലാണ്. ഗൽവാൻ താഴ്വരയിൽ ചൈനീസ് പട്ടാളം കെട്ടിയ താൽക്കാലിക കൂടാരം പൊളിക്കാമെന്ന് ജൂൺ ആറിന് ലഫ്. ജനറൽ റാങ്കിലുള്ള ഓഫിസർമാരുടെ ചർച്ചയിൽ ധാരണയായിരുന്നു.
സമാധാനം പുനഃസ്ഥാപിക്കാൻ പാകത്തിൽ ചൈനീസ് പട്ടാളം കുറെ ദൂരേക്കു പിന്മാറുമെന്നും ധാരണയുണ്ടായിരുന്നു. ഇതു നടപ്പാക്കാൻ വൈകിയതോടെയാണ് പുതിയ സംഘർഷം ഉടലെടുത്തതെന്ന് പറയുന്നു. ഇന്ത്യൻ കേണലായ ബി. സന്തോഷ്ബാബുവിനെ ചൈനീസ് പട്ടാളം ലക്ഷ്യമിട്ടു. ഇതോടെ ഏറ്റുമുട്ടലായി. ഇരുമ്പുവടിയും കല്ലും ആണിതറച്ച വടികളുംകൊണ്ടായിരുന്നു നേരിടൽ.
ലഡാക്കിൽ വീരമൃത്യു വരിച്ചവർ: 1. കേണൽ ബി. സന്തോഷ് ബാബു (തെലങ്കാന), 2. നായിബ് സുബേദാർമാരായ നാദുറാം സൊറൺ (ഒഡിഷ), 3. മൻദീപ് സിങ്, 4. സത്നാം സിങ് (പഞ്ചാബ്), 5. ഹവിൽദാർമാരായ കെ. പളനി (തമിഴ്നാട്), 6. സുനിൽ കുമാർ, 7. ബിപുൽ േറായ് (യു.പി), 8. നായിക് ദീപക് കുമാർ (മധ്യപ്രദേശ്), 9. ശിപായിമാരായ രാജേഷ് ഒറങ് (പശ്ചിമ ബംഗാൾ), 10. കുന്ദൻ കുമാർ ഒാജ, 11. ഗണേഷ് ഹൻസ്ദ (ഝാർഖണ്ഡ്), 12. ഗണേഷ് റാം (ഛത്തിസ്ഗഢ്), 13. ചന്ദ്രകാന്ത പ്രധാൻ (ഒഡിഷ), 14. അങ്കുഷ് (ഹിമാചൽ പ്രദേശ്), 15. ഗുർബീന്ദർ, 16. ഗുർതേജ് സിങ് (പഞ്ചാബ്), 17. ചന്ദൻ കുമാർ, 18. കുന്ദൻ കുമാർ, 19. അമൻ കുമാർ, 20. ജയ്കിഷോർ സിങ് (ബിഹാർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.